ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്ക് വെറും ആറര മണിക്കൂര്‍; വന്ദേഭാരത് വരുന്നു

vande-bharat-2
Representative Image, Source: ANI
SHARE

ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്ന് മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണിത്. എക്സിക്യൂട്ടിവ്, ഇക്കണോമി കാർ എന്നീ രണ്ടു വിഭാഗങ്ങളാണ് ഇതില്‍ ഉണ്ടാവുക. ഇവയില്‍ എയർകണ്ടീഷൻ ചെയ്ത കോച്ചുകളും റിക്ലൈനർ സീറ്റുകളുമുണ്ടാകും. യാത്രികര്‍ക്ക് ഏറെ പ്രതീക്ഷ പകര്‍ന്നുകൊണ്ട് എത്തുന്ന ട്രെയിനിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം.

ഇന്ത്യയില്‍ അഞ്ചാമത്തേത്

വിനോദസഞ്ചാരത്തിന് പുത്തനുണര്‍വേകുന്നതോടൊപ്പം, വേഗമേറിയ സുഖപ്രദവുമായ യാത്രാ ഓപ്ഷനാണ് വന്ദേഭാരത് ട്രെയിനുകള്‍. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വരണാസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണ് ഇപ്പോള്‍ വരുന്നത്. കർണാടകയിലെ ബെംഗളൂരുവിനെയും മൈസൂരുവിനെയും തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഒട്ടേറെ സഞ്ചാരികള്‍ക്ക് ആശ്വാസം പകരും. 'മെയ്ക്ക് ഇൻ ഇന്ത്യ' കാംപെയ്നിന്റെ ഭാഗമായ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. 

ആറര മണിക്കൂറില്‍ അഞ്ഞൂറ് കിലോമീറ്റര്‍

ചെന്നൈ-മൈസൂരു വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി വേഗം മണിക്കൂറിൽ 75 മുതൽ 77 കിലോമീറ്റർ വരെയാണ്. ഏകദേശം 504 കിലോമീറ്ററാണ് ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള ദൂരം. ഇത് താണ്ടാന്‍ ഏകദേശം ആറര മണിക്കൂർ സമയമായിരിക്കും. ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 5.50ന് പുറപ്പെടുന്ന ട്രെയിൻ ബെംഗളൂരുവിലെ ക്രാന്തിവീര സങ്കൊല്ലി രായണ്ണ (കെആർഎസ്) സ്റ്റേഷനിൽ നിർത്തിയ ശേഷം, ഉച്ചയ്ക്ക് 12.30ന് മൈസൂരുവിലെത്തും. തിരിച്ച്, മൈസൂരിൽ നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് 2.25-ന് ബെംഗളൂരുവിലെത്തി രാത്രി 7.35-ന് ചെന്നൈയിലെത്തും.

ബുധനാഴ്ച ഇല്ല

ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ ഓടും. ബുധനാഴ്ചകളില്‍ ഈ ട്രെയിന്‍ ഉണ്ടാവില്ല. പെരമ്പൂർ, വേപ്പംപട്ട്, കാട്പാടി ജംഗ്ഷൻ, ഗുഡുപള്ളി, മാലൂർ എന്നിവിടങ്ങളിലൂടെയെല്ലാം കടന്നുപോകുന്ന ട്രെയിന്‍ ഇവിടങ്ങളിലൊന്നും നിര്‍ത്തില്ല. ഓട്ടോമാറ്റിക് വാതിലുകളും 180 ഡിഗ്രി തിരിയാൻ കഴിയുന്ന സീറ്റുകളുമുള്ള ട്രെയിനില്‍ ആകെ 16 കോച്ചുകളും 1,128 പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ടാകും.

English Summary: Vande Bharat Express Chennai-Bengaluru-Mysuru Route

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS