രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍; കൊച്ചി 'ചാര്‍ട്ടര്‍ ഗേറ്റ് വേ' ആകുന്നു

cochin-international-airport
SHARE

ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സോളാര്‍ വിമാനത്താവളവമായ സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) ഇതാ മറ്റൊരു വന്‍ സംരംഭത്തിന് തുടക്കമിടുകയാണ്. സ്വകാര്യ/ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമായൊരു ടെര്‍മിനല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 10 ന് വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുകയാണ്. കേരളത്തിന്റെ വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാകുന്ന രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലായിരിക്കുമിത്. 

ചാര്‍ട്ടര്‍ ഗേറ്റ്‌വേ

രാജ്യത്തെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സിയാല്‍ സാക്ഷാത്ക്കരിക്കുന്നത്. ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടര്‍ ഗേറ്റ്‌വേ പ്രവര്‍ത്തിക്കും. താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര സാധ്യമാക്കുക എന്ന പദ്ധതിയും സിയാല്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. നിലവില്‍ സിയാല്‍ രണ്ടു ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആഭ്യന്തര യാത്രയ്ക്ക് ടെര്‍മിനല്‍ ഒന്നും രാജ്യാന്തര യാത്രയ്ക്ക് ടെര്‍മിനല്‍ മൂന്നും. രണ്ടാം ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും. സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ആഭ്യന്തര, രാജ്യാന്തര ജെറ്റ് ഓപ്പറേഷനുകള്‍ക്ക് സജ്ജമാണ്. 

cial-terminal-2-1

പ്രയോജനം

ചാര്‍ട്ടേഡ് / സ്വകാര്യവിമാനങ്ങള്‍ക്കും അതിലെ യാത്രക്കാര്‍ക്കും പ്രത്യേകമായ  സേവനം നല്‍കുക എന്നതാണ് സാധാരണയായി ബിസിനസ് ജെറ്റ് ടെര്‍മിനലുകളുടെ പ്രവര്‍ത്തനം. ചാര്‍ട്ടേഡ് ഗേറ്റ് വേ എന്ന ആശയം കുറച്ചുകൂടി സമഗ്രമാണ്. രാജ്യാന്തര സമ്മേളനങ്ങള്‍, ബിസിനസ് മീറ്റുകള്‍, മീറ്റിങ്-ഇന്‍സന്റീവ്-കോണ്‍ഫറന്‍സ് എന്നറിയപ്പെടുന്ന 'മിക് ' കൂടിക്കാഴ്ചകള്‍ ഇവയെ വിമാനത്താവള നടത്തിപ്പുകമ്പനിയുടെ ആഭിമുഖ്യത്തില്‍ ഏകോപിപ്പിക്കുക, അത്തരം സമ്മേളനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് ചാര്‍ട്ടര്‍ ഗേറ്റ് വേയ്ക്കുള്ളത്. ജി-20 മിനിസ്റ്റീരിയല്‍ സമ്മേളനത്തിന് 2023-ല്‍ കേരളം വേദിയാകുമെന്നാണ് കരുതുന്നത്. ഐപിഎല്‍ ലേലം ഉള്‍പ്പെടെയുള്ളവ കൊച്ചിയില്‍ നടക്കാനിരിക്കുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍, ഐടി സമ്മേളനങ്ങള്‍, ഡിസൈന്‍ സമ്മിറ്റുകള്‍ എന്നിവയ്ക്കൊക്കെ ആതിഥേയത്വമരുളുകയും അതുവഴി വരുമാനം നേടാനും മീറ്റിങ് ഇന്‍ഡസ്ട്രി എന്ന ആശയത്തെ വിപുലീകരിക്കേണ്ടതുണ്ട്. അതിലേയ്ക്കുള്ള ഒരു ചുവടുവയപ്പാണ് കൊച്ചിയിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍.

സൗകര്യങ്ങള്‍

40,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിർമിച്ചിരിക്കുന്ന ഈ ടെര്‍മിനലില്‍ സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകളാണുള്ളത്. ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം എന്നിവയും ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. അതിസുരക്ഷ ആവശ്യമുള്ള വിഐപി അതിഥികള്‍ക്കായി  ഒരു സേഫ് ഹൗസുണ്ടെന്നതും ടെര്‍മിനലിന്റെ പ്രത്യേകതയാണ്. 30 കോടി രൂപ മുടക്കി വെറും 10 മാസത്തിനുള്ളിലാണ് ഈ ടെര്‍മിനല്‍ സിയാല്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.

MF-78871

താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്ര ഒരുക്കുക എന്ന ആശയമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐഎഎസ് പറയുന്നു. 'രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പരമാവധി ചെലവ് കുറച്ച് പണികഴിപ്പിച്ചിട്ടുള്ളതിനാല്‍ ചാര്‍ട്ടേര്‍ഡ് വിമാന യാത്ര കാര്യക്ഷമവും ചെലവ് കുറവുള്ളതുമാകും. സിയാലിന്റെ പുതിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഇന്ത്യയുടെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ആയിരിക്കും. വിനോദ സഞ്ചാരം, അന്താരാഷ്ട്ര ഉച്ചകോടികള്‍, ബിസിനസ് കോണ്‍ഫറന്‍സുകള്‍, ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ യാത്ര എന്നിവയുടെ സമന്വയമാണ് ഇതിലൂടെ ഉദ്യേശിക്കുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഇത് ഉണര്‍വ് പകരും. ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് നിര്‍ണായകമായി' സുഹാസ് കൂട്ടിച്ചേര്‍ത്തു.

cial-terminal-2-2

സിയാലിന്റെ ലക്ഷ്യം

ചാര്‍ട്ടര്‍ ഗേറ്റ്‌വേ എന്ന ആശയം സാക്ഷാത്ക്കരിക്കപ്പെടുന്നതോടെ വിമാനത്താവള നടത്തിപ്പ് മാത്രമല്ല, അനുബന്ധ വിനോദ സഞ്ചാര, ബിസിനസ് കോണ്‍ഫറന്‍സുകളെ ഏകോപിപ്പിക്കാനും സിയാലിന് കഴിയും. വന്‍തുക ഈടാക്കാതെ ചാര്‍ട്ടര്‍ വിമാനങ്ങളെ ഇവിടെ എത്തിക്കാനാകും. ഇപ്പോള്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ് ഒക്കെ കേരളത്തില്‍ ധാരാളമായി നടക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നും ഗള്‍ഫില്‍ നിന്നൊക്ക ഇതിനായി ആള്‍ക്കാര്‍ എത്തുന്നുണ്ട്. ഇത്തരമൊരു സത്ക്കാരത്തിനായി 10 പേര്‍ സാധാരണ യാത്രാവിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വരുന്നതിനുപകരം ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്ത് വരാം. അതിന് അനുസരിച്ച് പാര്‍ക്കിങ്, ലാന്‍ഡിങ്, അനുബന്ധ സേവനങ്ങള്‍ എന്നിവയുടെ നിരക്ക് ക്രമീകരിക്കാന്‍ സിയാല്‍ ഒരുക്കമാണ്. ബിസിനസ് ജെറ്റ് യാത്രയെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ലക്ഷ്യം. 

അഫോര്‍ഡബിള്‍ ചാര്‍ട്ടേഡ് ഫ്ളൈയിങ് എന്നാണ് സിയാല്‍ ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ വിശേഷണ വാക്യം. ചാര്‍ട്ടര്‍ ഗേറ്റ്‌വേ ആശയം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി ടൂറിസം, വിദേശ വിദ്യാഭ്യാസം, ഹോട്ടല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സികളെ ഉള്‍പ്പെടുത്തി 'കൊച്ചിന്‍ ട്രാവല്‍ ആന്റ് ടൂറിസം ഫ്രറ്റേണിറ്റി' എന്ന സഖ്യത്തിന് സിയാല്‍ രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ ആദ്യയോഗം കഴിഞ്ഞു. ഈ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗങ്ങള്‍ നടത്താന്‍ ഉദ്യേശിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പദ്ധതികള്‍ നടപ്പിലാക്കും. സേവന മേഖലയില്‍ കേരളം വന്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കേന്ദ്ര ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കനുസരിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദന (ജിഎസ്ഡിപി)ത്തില്‍ കേരളം 12.01 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 8.43 ശതമാനമാണ് ദേശീയ ശരാശരി. കേരളത്തിലെ ഹോട്ടല്‍, റസ്റ്ററന്റ് വിപണി 114.03 ശതമാനവും വ്യോമയാന മേഖല 74.94 ശതമാനവും വളര്‍ച്ച നേടിയിട്ടുണ്ട്. ഇത് തികച്ചും ശുഭകരമായ കാര്യമാണ്. വ്യോമയാന മേഖലയിലും സല്‍ക്കാര, സമ്മേളന വ്യവസായങ്ങളിലും കേരളം കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ഇത് സൂചിപ്പിക്കുന്നു. ആ ദിശയിലേയ്ക്കാണ് സിയാല്‍ ചുവടുവെച്ചു കൊണ്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് - https://www.facebook.com/CochinInternationalAirport

English Summary: Cochin International Airport Limited's private jet terminal to open in December 10

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS