നീല, വെള്ള, മെറൂണ്‍, ഓറഞ്ച്; പാസ്പോര്‍ട്ടിലെ നിറങ്ങളുടെ രഹസ്യം!

passport
d passports and Stamp Page ,kyoshino/Istock
SHARE

മറ്റു രാജ്യങ്ങളിലേക്കു യാത്ര പോകാന്‍ ആദ്യം വേണ്ടതാണ് പാസ്പോര്‍ട്ട്. നീല, വെള്ള, മെറൂണ്‍, ഓറഞ്ച് എന്നിങ്ങനെ പല നിറങ്ങളിലുള്ള പാസ്പോര്‍ട്ടുകൾ കണ്ടിട്ടുണ്ടാകും. എന്താണ് ഇങ്ങനെ നിറമാറ്റം എന്നാണോ? ഇന്ത്യയില്‍ പാസ്പോര്‍ട്ടുകള്‍ പലതരമുണ്ട്. ഓരോന്നിനുമുള്ള ഉപയോഗങ്ങളും ലഭിക്കുന്ന സൗകര്യങ്ങളുമെല്ലാം വ്യത്യസ്തമാണ്. യാത്രകള്‍ക്കു വേണ്ടി മാത്രമല്ല, പൗരത്വം തെളിയിക്കാനും സ്‌കൂൾ എൻറോൾമെന്റിനും റജിസ്‌ട്രേഷനും മുതൽ ഡ്രൈവിങ് ലൈസൻസിനു വരെ നിത്യജീവിതത്തിലെ ഒട്ടനവധി കാര്യങ്ങള്‍ക്കു പാസ്പോര്‍ട്ട് ഉപയോഗിക്കാം. വിവിധ തരത്തിലുള്ള ഇന്ത്യൻ പാസ്‌പോർട്ടുകളും അവയുടെ പ്രത്യേകതകളും അറിയാം.

നീല പാസ്പോർട്ട്

സാധാരണ എല്ലാ ആളുകളുടെയും കയ്യിലുള്ള പാസ്പോര്‍ട്ട് നീല പുറംചട്ടയോടു കൂടിയതാണ്. ഇത് ടൈപ്പ് പി പാസ്‌പോർട്ട് എന്നും അറിയപ്പെടുന്നു. വിദേശ രാജ്യങ്ങളിലേക്ക് വിനോദ യാത്രകൾക്കോ ബിസിനസ് യാത്രകൾക്കോ പോകുന്ന സാധാരണ പൗരന്മാര്‍ക്ക് നല്‍കുന്നതാണിത്.

വെളുത്ത പാസ്പോർട്ട്

ഔദ്യോഗിക ആവശ്യങ്ങൾക്കായി രാജ്യത്തിനു പുറത്ത് യാത്ര ചെയ്യുന്ന നയതന്ത്രജ്ഞർക്കും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും നല്‍കുന്നതാണ് വെളുത്ത പുറംചട്ടയുള്ള പാസ്പോര്‍ട്ട്. ഇതില്‍ ഐഎഎസിലും ഇന്ത്യൻ പൊലീസ് സർവീസ് ഡിപ്പാർട്ട്‌മെന്റിലും ജോലി ചെയ്യുന്നവരും ഉൾപ്പെടുന്നു. മൈഗ്രേഷൻ, കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ചറിയാനും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ ഇമിഗ്രേഷൻ ഔപചാരികതകളിൽനിന്ന് ക്ലിയറൻസ് നൽകാനും ഈ പാസ്പോര്‍ട്ട് സഹായിക്കും.

ഡിപ്ലോമാറ്റിക് പാസ്പോർട്ട്

ഇന്ത്യൻ നയതന്ത്രജ്ഞരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിദേശ പര്യടനങ്ങളിൽ ഉപയോഗിക്കുന്നതാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട്. മെറൂണ്‍ നിറത്തിലുള്ള പുറംചട്ടയുള്ള ഈ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് എത്രകാലം തങ്ങാൻ തീരുമാനിച്ചാലും വിദേശ യാത്രകൾക്ക് വീസ ആവശ്യമില്ല. ഇമിഗ്രേഷന്‍ ഔപചാരികതകള്‍ ഒട്ടും തന്നെ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാനും ഈ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് പറ്റും.

ഓറഞ്ച് പാസ്പോർട്ട്

2018 ലാണ് സര്‍ക്കാര്‍ ഓറഞ്ച് നിറത്തിലുള്ള പാസ്‌പോർട്ടുകൾ അവതരിപ്പിച്ചത്. പത്താം ക്ലാസിൽ കൂടുതൽ വിദ്യാഭ്യാസമില്ലാത്ത ആളുകൾക്കായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. സാധാരണ പാസ്‌പോർട്ടിൽനിന്ന് വ്യത്യസ്തമായി, എല്ലാ നിർണായക വിശദാംശങ്ങളും പരാമർശിക്കുന്ന അവസാന പേജ് ഈ പാസ്‌പോർട്ടുകളിൽ ഉണ്ടാകില്ല. പത്താം ക്ലാസിനപ്പുറം പഠിക്കാത്ത വ്യക്തികൾക്ക് വിദേശത്തേക്ക് പറക്കുന്നതിന് ഈ പാസ്‌പോർട്ട് ഉപയോഗിക്കാം.

വിദേശ യാത്ര ചെയ്യുമ്പോൾ വിദ്യാഭ്യാസമില്ലാത്ത പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്‍റെ പ്രധാനലക്ഷ്യം. ഈ സംവിധാനം ഉപയോഗിച്ച്, ECR പരിശോധനയും എമിഗ്രേഷൻ നടപടിക്രമങ്ങളും വേഗത്തിലാകും.

English Summary: Four types of Indian passports, and their benefits

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS