വര്‍ഷം മുഴുവനും മികച്ച കാലാവസ്ഥയുള്ള ബെംഗളൂരു, സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. അവധിക്കാല യാത്രയ്ക്കും ഷോപ്പിങ്ങിനുമൊക്കെയായി നിരവധിപേരാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ബെംഗളൂരു നഗരത്തിലെ ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗത്തിന്റേയും ഉത്തരം ട്രാഫിക് ബ്ലോക്ക് എന്നായിരിക്കും. ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബെംഗളൂരുവിനും ഐ.ടി മേഖലക്കുമുള്ള ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഇനി മുതല്‍ ബെംഗളൂരു വിമാനത്താവളത്തേയും ഐ.ടി പാര്‍ക്കുകളുടെ കേന്ദ്രമായ ഹൊസൂറിനേയും ബന്ധിപ്പിച്ചുകൊണ്ട് ഹെലിക്കോപ്റ്റര്‍ സര്‍വീസ് വരുന്നു. ഇതോടെ ഉദ്യാന നഗരത്തിന്റെ തെക്കുനിന്നും വടക്കോട്ടേക്കും തിരിച്ചും വളരെ വേഗത്തില്‍ പോയിവരാനാകും.
ബ്ലേഡ് ഇന്ത്യ എന്ന കമ്പനിയാണ് ബെംഗളൂരു നഗരത്തില്‍ ആഭ്യന്തര ഹെലിക്കോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നത്. നിരവധി പേര്‍ക്ക് വലിയ ആശ്വാസമായേക്കാവുന്നതാണ് ഈ ഹെലിക്കോപ്റ്റര്‍ സര്‍വീസ്. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയാലും റോഡ് മാര്‍ഗം ഹൊസൂര്‍ വരെ എത്തുകയെന്നത് ഇപ്പോഴും മണിക്കൂറുകള്‍ എടുക്കും. ഗതാഗതക്കുരുക്കില്‍ നഷ്ടപ്പെടുന്ന ഈ വിലപ്പെട്ട സമയമാണ് ഹെലിക്കോപ്റ്റര്‍ സര്‍വീസ് വരുന്നതോടെ ലാഭിക്കുന്നത്.
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൊസൂരിലേക്ക് രാവിലെയും ഹൊസൂരില്‍ നിന്ന് തിരിച്ച് വിമാനത്താവളത്തിലേക്ക് വൈകിട്ടുമാണ് നിലവില്‍ ഹെലിക്കോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കുക. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഗതാഗത തിരക്കുള്ള സമയങ്ങളില്‍ മൂന്നു മണിക്കൂറോളം എടുക്കാറുണ്ട് ഹൊസൂരിലേക്കെത്താന്‍. ഈ യാത്രാസമയമാണ് വെറും 20 മിനിറ്റായി ഹെലിക്കോപ്റ്റര്‍ വഴിയുള്ള യാത്രയില്‍ കുറയുന്നത്. രണ്ടര മണിക്കൂറിലേറെ സമയം ഒരു ഭാഗത്തേക്കുള്ള യാത്രയില്‍ മാത്രം ലാഭം കിട്ടുമെന്നതിലാണ് ഈ ഹെലിക്കോപ്റ്റര്‍ സര്‍വീസിന്റെ പ്രാധാന്യം.
ഇവിടം സഞ്ചാരികളെയും ആകര്‍ഷിക്കുന്നു
തിരക്കുള്ള വ്യാവസായിക നഗരവും ഐ.ടി കമ്പനികളുടെ കേന്ദ്രവുമായ ഹൊസൂരിന് സമ്പന്നമായ ചരിത്രമുണ്ട്. പൊന്നിയാര്‍ നദിയുടെ തീരത്തെ ഈ പട്ടണം വ്യവസായികളെ മാത്രമല്ല സഞ്ചാരികളേയും ആകര്‍ഷിക്കുന്നു. ടിപ്പുവിന്റെ സാമ്രാജ്യത്തിന്റെ പ്രധാന അതിര്‍ത്തിയായിരുന്നു ഹൊസൂര്‍. ബ്രിട്ടനിലെ കെനില്‍വര്‍ത്ത് കോട്ടയുടെ രീതിയില്‍ നിര്‍മിച്ച കെനില്‍വര്‍ത്ത് കോട്ട ഹൊസൂരിലുമുണ്ട്. ബ്രിട്ടീഷ് മാതൃകയില്‍ നിര്‍മിച്ച അപൂര്‍വമായ കോട്ടയാണിത്. ബ്രിട്ടീഷ് കളക്ടറായിരുന്ന ബ്രറ്റിന്റെ കാലത്തു നിര്‍മിച്ചതിനാല്‍ ബ്രെറ്റിന്റെ കോട്ടയെന്നും ഇത് അറിയപ്പെടുന്നു.
പൂക്കളുടെ, പ്രത്യേകിച്ചും റോസാ പൂക്കളുടെ ഒരു ഉത്പാദന കേന്ദ്രം കൂടിയാണ് ഹൊസൂര്‍. ഇവിടുത്തെ പാടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 80 ലക്ഷം റോസാ പൂക്കളാണ് യൂറോപിലേക്കും ലോകത്തിന്റെ മറ്റു പലയിടങ്ങളിലേക്കും കയറ്റി അയക്കുന്നത്. കെലാവരപ്പള്ളി ഡാം, രാജാജി സ്മാരകം, ചന്ദ്ര ചൂടേശ്വരര്‍ ക്ഷേത്രം എന്നിവയും ഹൊസൂരില്‍ യാത്രികരെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്.
ബെംഗളൂരുവിലേക്ക് ട്രിപ്പിനെത്തുന്നവര്‍ക്കും മറ്റും ഈ ഹെലിക്കോപ്റ്റര്‍ സര്‍വീസ് വലിയ അനുഗ്രഹമാകും. രാവിലെ 08.45നും 10.30നുമാണ് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഹൊസൂരിലേക്കുള്ള ഹെലിക്കോപ്റ്റര്‍ സർവീസ് നടത്തുക. തിരിച്ച് ഹൊസൂരില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് വൈകിട്ട് 03.45നും 05.00നുമാണ് സര്‍വീസ്.
English Summary: Intra-city helicopter service to start soon in Bengaluru