യൂണിറ്റ് മാൾ, ദേഖോ അപ്‌നാ ദേശ്: വിനോദസഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കി ബജറ്റ്

Union Budget 2023 / Nirmala Sitharaman | Photo: ANI, Twitter
ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരമാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. തിരഞ്ഞെടുക്കുന്ന കുറഞ്ഞത് 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സമ്പൂര്‍ണ വികസനം നടപ്പിലാക്കും. ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി നടപ്പിലാക്കുമെന്നും പ്രാദേശിക ടൂറിസം വികസനത്തിനായി 'ദേഖോ അപ്‌നാ ദേശ്' പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 

ബജറ്റ് അവതരണത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വിനോദ സഞ്ചാര മേഖലയിലെ ഇന്ത്യയുടെ സാധ്യതകള്‍ എടുത്തു പറഞ്ഞു. 'വിദേശത്തു നിന്നും ആഭ്യന്തരമായും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നമുക്കുണ്ട്. ഈ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. യുവതലമുറക്കും സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയില്‍ വിനോദ സഞ്ചാരമേഖലയുടെ വികസനം ദൗത്യമായി തന്നെ ഏറ്റെടുക്കും. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായും പൊതു സ്വകാര്യ സഹകരണത്തിലും പദ്ധതികള്‍ ആവിഷ്‌കരിക്കും' എന്നാണ് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്. 

പ്രധാന പ്രഖ്യാപനങ്ങള്‍

 

50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ - തെരഞ്ഞെടുക്കുന്ന 50 വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും അതിവേഗത്തില്‍ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇവിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഉയര്‍ന്ന നിലവാരത്തിലുള്ള ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. സന്ദര്‍ശകരായെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ദേഖോ അപ്‌നാ ദേശ് - വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികളെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തീം ബേസ്ഡ് ടൂറിസം സര്‍ക്യൂട്ടുകള്‍ സ്ഥാപിക്കും. ആഭ്യന്തര വിനോദ സഞ്ചാരത്തിന് ഉണര്‍വേകുക എന്ന ലക്ഷ്യത്തിലാണ് സ്വദേശ് ദര്‍ശന്‍ സ്‌കീമും പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരു ജില്ല, ഒരു ഉത്പന്നം - പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഓരോ ജില്ലകളിലും ഓരോ ഉത്പന്നങ്ങള്‍ പ്രത്യേകമായി പ്രോത്സാഹിപ്പിക്കും. അതാത് നാടുകളിലെ തനത് ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കപ്പെടുക. 

അതിര്‍ത്തി ഗ്രാമങ്ങള്‍- രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഇതിനു വേണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി അതിര്‍ത്തി ഗ്രാമങ്ങളുടെ വിനോദ സഞ്ചാര അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കും. 

യൂനിറ്റി മാള്‍- എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യൂനിറ്റി മാളുകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലോ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലോ സാമ്പത്തിക തലസ്ഥാ നങ്ങളിലോ ആയിരിക്കും യൂനിറ്റി മാളുകള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ ODOP അഥവാ ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതിയിലെ ഉത്പന്നങ്ങളാണ് പ്രധാനമായും പ്രചരിപ്പിക്കുക. കൂട്ടത്തില്‍ കൈത്തറി ഉത്പന്നങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാനമായ തദ്ദേശീയ ഉത്പന്നങ്ങളും ഉള്‍പ്പെടുത്തും. 

 

പുതിയ ട്രെയിനുകള്‍ - അടുത്ത മൂന്നു വര്‍ഷത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 400 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. ഉയര്‍ന്ന യാത്രാ സുഖവും മികച്ച ഇന്ധന ക്ഷമതയുമുള്ള ട്രെയിനുകളായിരിക്കും ഇതെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. 

അടിസ്ഥാന സൗകര്യവികസനം- ആഭ്യന്തര വ്യോമ സര്‍വീസുകളും മെച്ചപ്പെടുത്തും. 50 പ്രാദേശിക വിമാനത്താവളങ്ങളും ഹെലി പാഡുകളും വാട്ടര്‍ എയറോഡ്രോമുകളും അത്യാധുനിക ലാന്‍ഡിഗ് കേന്ദ്രങ്ങളും വികസിപ്പിച്ചെടുക്കാന്‍ പദ്ധതിയുണ്ട്.

English Summary: "Unity Mall, Whole Package Destinations": Budget Sops To Boost Tourism

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS