ADVERTISEMENT

ലോകം മുഴുവന്‍ കാണാന്‍ ഒപ്പം കൂട്ടായിരുന്നൊരാള്‍ പെട്ടെന്നൊരു ദിനം വിടവാങ്ങിപ്പോയാല്‍ എന്തുചെയ്യും? വിഷമിച്ചിരിക്കണോ അതോ ഒരുമിച്ചെടുത്ത തീരുമാനം ഒറ്റയ്ക്ക് പൂര്‍ത്തിയാക്കണോ എന്നാണ് ചോദ്യം. പ്രിയപ്പെട്ടവര്‍ക്കൊപ്പം എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ല എന്നു മനസ്സിലാക്കുമ്പോള്‍ ഉറച്ച കാല്‍വയ്പ്പോടെ മുന്നോട്ടുപോകാന്‍ ഒരു ധൈര്യം വരും. 

ചായക്കട നടത്തി ലോകയാത്ര ചെയ്ത കെ.ആര്‍. വിജയനെയും ഭാര്യ മോഹനയെയും അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഏകദേശം 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. ഇന്ത്യയ്ക്കുള്ളില്‍ നടത്തിയ യാത്രകള്‍ വേറെയും ഒട്ടനവധി. 

എറണാകുളം ഗാന്ധിനഗറില്‍ ‘ശ്രീ ബാലാജി കോഫി ഹൗസ്’ എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച തുക ഉപയോഗിച്ചായിരുന്നു വിജയനും ഭാര്യ മോഹനയും ലോകയാത്രകൾ നടത്തിയത്. ഇങ്ങനെ 16 വർഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങൾ സന്ദർശിച്ചു. ഒടുവില്‍ രണ്ടുവര്‍ഷം മുന്‍പ് 71 വയസ്സില്‍ വിജയന്‍ ഒറ്റയ്ക്ക് യാത്ര പറഞ്ഞു പോയി.

മരിക്കുന്നതിനു മുന്‍പേ മോഹനയും വിജയനും ചേര്‍ന്നെടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു ജപ്പാന്‍ യാത്ര. വിജയന്‍ മരിച്ചപ്പോള്‍ ഇനി ഒറ്റയ്ക്ക് യാത്രയില്ലെന്ന് മോഹന തീരുമാനിച്ചു. എന്നാല്‍ പിന്നീട് കുടുംബത്തിന്‍റെയും യാത്രയെ സ്നേഹിക്കുന്ന ഒട്ടേറെ ആളുകളുടെയുമെല്ലാം സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി, ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ് മോഹന. 

എന്നാല്‍ ഒറ്റക്കല്ല ഈ യാത്ര. മോഹനക്കൊപ്പം മകൾ ഉഷ, മരുമകൻ മുരളീധര പൈ, കൊച്ചുമക്കളായ അമൃത, മഞ്ചുനാഥ് എന്നിവരും ഉണ്ടാകും. വരുന്ന മാർച്ച് 22 മുതൽ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായി 15 ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. കൊച്ചിയിലെ ഒരു ട്രാവൽഗ്രൂപ്പാണ് മോഹനയുടെയും മരുമകന്‍റെയും യാത്രാചെലവ് വഹിക്കുന്നത്.

2007 ൽ ഈജിപ്ത് സന്ദർശിച്ചു കൊണ്ടായിരുന്നു വിജയനും മോഹനയും വിദേശയാത്ര ആരംഭിച്ചത്. ചായക്കടയിലെ വരുമാനത്തിന് പുറമേ, ചിട്ടി പിടിച്ചും സ്വർണം പണയം വച്ചുമൊക്കെ യാത്രക്കുള്ള പണം കണ്ടെത്തി. പിന്നീട് ഇവരുടെ യാത്രയെക്കുറിച്ച് ലോകം അറിഞ്ഞതോടെ, ഒട്ടേറെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം കമ്പനികൾ ഇവരെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. അതോടെ ആവരുടെ സ്പോണ്‍സര്‍ഷിപ്പിലും യാത്രകള്‍ ചെയ്തു.

2021 ഒക്ടോബറില്‍ നടത്തിയ റഷ്യൻ സന്ദർശനമായിരുന്നു ദമ്പതികൾ ഒരുമിച്ചുള്ള അവസാന വിദേശയാത്ര. സാധാരണ പോകുന്നതു പോലെ അവര്‍ മാത്രമായിരുന്നില്ല, മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. മടങ്ങിയെത്തിയശേഷം ജപ്പാൻ യാത്രക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേയായിരുന്നു വിജയന്‍ വിടപറഞ്ഞത്.

English Summary: Mohana, daughter travel Japan to fulfil Vijayan's wish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com