ബൻജി ജംപിങ് ആണോ മനസ്സില്‍? ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

bungee-jumping
VisualCommunications | iStock
SHARE

ഏകദേശം 25 വർഷം മുമ്പ് ന്യൂസിലാൻഡിലാണ് ബൻജി ജംപിങ് എന്ന വിനോദം ആദ്യമായി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. ഉയരമുള്ള ഒരു സ്ഥലത്തുനിന്നു നിന്ന് ഒരു വലിയ ഇലാസ്റ്റിക് ചരട് കാലിലോ അരയിലോ ബന്ധിപ്പിച്ചു താഴേക്ക് ചാടുന്നതാണ് ഇത്. കേള്‍ക്കുമ്പോള്‍ അല്‍പം അറ്റ കയ്യല്ലേ എന്നു സംശയം തോന്നാമെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് ഈ സാഹസിക വിനോദത്തിന്‍റെ ജനപ്രീതി വളരെയധികം വർധിച്ചുവരികയാണ് ഉണ്ടായത്. ഈയിടെയായി ഇന്ത്യയിലും ഇതിനുള്ള അവസരങ്ങള്‍ ഉണ്ട്.

ആദ്യമായി ചെയ്യുന്നവര്‍ക്ക് വളരെയധികം ഭീതി ജനിപ്പിക്കുന്ന ഒരു അനുഭവമാണ് ബൻജി ജംപിങ്. അങ്ങേയറ്റം അപകടകരമായ ഒരു വിനോദമായതു കൊണ്ടുതന്നെ, ഈ വേവലാതി പൂര്‍ണ്ണമായും വൃഥാവിലാണെന്ന് പറയാനാവില്ല. ചാടുന്നതിനായി ഘടിപ്പിക്കുന്ന കയറിന്‍റെ നീളം, ഉറപ്പ് മുതലായ പ്രശ്നങ്ങളും ഇത് ശരിയായി പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ചില്ലെങ്കിലുമെല്ലാം അപകടം സംഭവിക്കാം.

എങ്കിലും ഈയിടെയായി താരതമ്യേന പണ്ടത്തേതിനേക്കാള്‍ അപകടസാധ്യത കുറവാണ് ബൻജി ജംപിങ്ങിന്. ആദ്യമായി ചാടാന്‍ പോകുന്നവര്‍ അറിഞ്ഞിരിക്കാന്‍ ചില കാര്യങ്ങള്‍...

സ്വയം വിശ്വസിക്കുക

ബൻജി ജംപിങ് ചെയ്യാന്‍ പോകുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് അവസാന നിമിഷത്തെ അതിഭയങ്കരമായ പേടി. ഇത് മറികടക്കാനായാല്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭവമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന കാര്യം മനസ്സില്‍ ഉറപ്പിക്കണം. ഈ ഭയം മാറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന്, സമാനമനസ്കരായ സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക എന്നതാണ്. കൂട്ടുകാര്‍ ഒപ്പമുള്ളപ്പോള്‍, ഒറ്റയ്ക്കാവുന്നതിനേക്കാള്‍ കുറച്ചുകൂടി ധൈര്യം ലഭിക്കും.

പല സ്റ്റൈലുകളില്‍ ഉള്ള ജംപിങ് രീതികള്‍ ഇന്ന് പ്രചാരത്തില്‍ ഉണ്ട്. ഇവയില്‍ ഏറ്റവും എളുപ്പമുള്ളത് മാത്രമേ ആദ്യമായി ചാടുന്ന ആളുകള്‍ തിരഞ്ഞെടുക്കാവൂ.

പരിചയസമ്പത്തുള്ള ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക

ബൻജി ജംപിങ് ജനപ്രിയമാകുന്നതോടൊപ്പം തന്നെ ഈ മേഖലയില്‍ ഒട്ടേറെ ഓപ്പറേറ്റര്‍മാര്‍ കടന്നുവന്നിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കുറഞ്ഞ ചിലവില്‍ ബൻജി ജംപിങ് നടത്താം എന്നുള്ള തരത്തിലുള്ള ഓഫറുകളുമായി ഇവര്‍ എത്താം. ജീവന്‍ പണയം വച്ചുള്ള കളിയായതിനാല്‍ പത്തോ ആയിരമോ കൂടുതല്‍ കൊടുത്താലും മികച്ച ഓപ്പറേറ്റര്‍മാരെ മാത്രം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമായ ലൈസന്‍സുകളും സുരക്ഷാ സജ്ജീകരണങ്ങളുമെല്ലാം ഉണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം മാത്രം ചാടാനായി തയാറാവുക. 

സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുക

അധികം അയഞ്ഞതോ ഭാരമുള്ളതോ അസൗകര്യമുണ്ടാക്കുന്നതോ ആയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. മാത്രമല്ല, ചാടുന്നവര്‍ക്ക് ചരടിന്‍റെ ഉറപ്പും മറ്റും കണക്കിലെടുത്ത് ഭാരത്തിന് പരിധിയുണ്ട്. വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യവും മനസ്സില്‍ കരുതണം. പോക്കറ്റില്‍ വിലയേറിയ വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. കോൺടാക്റ്റ് ലെൻസുകൾ, വാച്ച്, ആഭരണങ്ങൾ എന്നിവ മാറ്റാന്‍ ചിലപ്പോള്‍ ആവശ്യപ്പെടാറുണ്ട്. നീളന്‍ മുടിയുള്ളവര്‍ അത് വൃത്തിയായി കെട്ടിവയ്ക്കുകയും വേണം.

ആരോഗ്യം മറക്കരുത്

പ്രത്യേക രോഗങ്ങളോ അനാരോഗ്യകരമായ എന്തെങ്കിലും സാഹചര്യങ്ങളോ ഉള്ളവര്‍ ചാട്ടത്തിനു മുന്‍പേ ഡോക്ടറെ കാണിച്ച് റിസ്കുകള്‍ ഒന്നും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തണം. കണങ്കാലിനോ കാലിനോ ഉള്ള പരിക്കുകൾ, പുറം, കഴുത്ത് അല്ലെങ്കിൽ നട്ടെല്ലിന് പരുക്കുകൾ, ഓസ്റ്റിയോപൊറോസിസ് ഉൾപ്പെടെ, അസ്ഥി ഒടിവുകൾ, സ്ഥാനഭ്രംശങ്ങൾ, അപസ്മാരം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഗര്‍ഭം തുടങ്ങിയ എന്തെങ്കിലും അവസ്ഥകള്‍ ഉള്ളവരെ ചാടാന്‍ അനുവദിക്കില്ല.

ചാട്ടത്തിന് മുന്‍പേ അമിതഭക്ഷണം വേണ്ട

ബൻജി ജംപിങ്ങിന് മുമ്പ് ചെറുതായി എന്തെങ്കിലും കഴിക്കാം, പക്ഷേ അമിതഭക്ഷണം പാടില്ല. ഒരുപാട് ജലാംശമുള്ളതോ വയറിനു അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഭക്ഷണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വയറുനിറയെ കഴിച്ചാല്‍ ചാടുന്ന സമയത്ത് ചര്‍ദ്ദി മുതലായ പ്രശ്നങ്ങള്‍ വരാം.

ചാടുമ്പോള്‍ താഴേക്ക് നോക്കാതിരിക്കുക

വളരെ ശാന്തമായി ശ്വസിച്ചുകൊണ്ട് വേണം ചാടാന്‍. മാത്രമല്ല, നേരെ താഴേക്ക് നോക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം, ഭയമുള്ളവര്‍ പ്രത്യേകിച്ചും. കഴിവതും ചാടുന്ന സമയത്ത് ചുറ്റുമുള്ള കാഴ്ചകളിലേക്ക് നോക്കാന്‍ ശ്രമിക്കുക.

English Summary: 5 Tips for First-Time Bungee Jumpers

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS