ട്രെയിന്‍ യാത്രക്കായി ഒരുങ്ങുമ്പോള്‍ ഇപ്പോഴും പലര്‍ക്കും അറിവില്ലാത്ത ഒരു കാര്യമാണ് ഏതുതരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം എന്ന കാര്യം. യാത്രയുടെ ദൈര്‍ഘ്യവും സ്വഭാവവും അനുസരിച്ച് വേണം ട്രെയിന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കാന്‍. ഇന്ത്യൻ റെയിൽവേയിൽ പലതരം സൗകര്യങ്ങള്‍ നല്‍കുന്ന ഒട്ടനവധി ക്ലാസുകളുണ്ട്. അടുത്ത തവണ എങ്ങോട്ടെങ്കിലും യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ഫലപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍, ഈ ക്ലാസുകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.
1. ജനറൽ ക്ലാസ് (UR)
ട്രെയിനില്‍ കയറുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇടിയും ബഹളവും തിരക്കുമെല്ലാം കാണുന്ന കംപാർട്ട്മെന്റ് എപ്പോഴും ജനറല്‍ ക്ലാസ് ആയിരിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ ട്രെയിന്‍ യാത്ര ചെയ്യാവുന്ന ക്ലാസ് ആണിത്. ഒരു ബാത്റൂം ഉണ്ടാകുമെങ്കിലും അവ എത്രത്തോളം വൃത്തിയുള്ളതായിരിക്കും എന്നു ഉറപ്പു പറയാനാവില്ല. കുറഞ്ഞ ദൂരം യാത്ര ചെയ്യുന്നവര്‍ക്കും ദിവസവും പോയി വരുന്നവര്‍ക്കുമുള്ള ബജറ്റ് ഓപ്ഷനാണ് ജനറല്‍ ക്ലാസ്. ഇതിന്‍റെ തന്നെ മറ്റൊരു വകഭേദമാണ് സ്ത്രീകള്‍ക്ക് മാത്രം യാത്ര ചെയ്യാനാവുന്ന ലേഡീസ് കംപാർട്ട്മെന്റ്.

2. സെക്കന്‍റ് സീറ്റിങ് എസി(2S)
ചെലവുകുറഞ്ഞ പകൽ യാത്രയ്ക്കുള്ള മറ്റൊരു മാര്‍ഗമാണ് സെക്കന്‍റ് സീറ്റിങ് ഏസി, മിക്ക ഇന്റർസിറ്റി, ജനശതാബ്ദി ട്രെയിനുകളിലും ഇത് ഉണ്ടാകും. ജനറല്‍ കംപാർട്ട്മെന്റ് കഴിഞ്ഞാല്‍ അടുത്ത ലെവല്‍ സീറ്റുകള്‍ ആണിത്. ഇവിടെ റിസർവ്ഡ് സീറ്റുകളും അൺ റിസർവ്ഡ് സീറ്റുകളുമുണ്ട്. ചില പുതിയ വണ്ടികളിൽ വ്യക്തിഗത സീറ്റുകളുണ്ടെങ്കിലും, അവയിൽ ഭൂരിഭാഗവും കുഷ്യൻ ബെഞ്ച് ശൈലിയിലുള്ള സീറ്റുകളാണ്. എന്നാൽ, ഈ ക്ലാസിൽ യാത്രക്കാര്‍ക്ക് ഉറങ്ങാൻ സൗകര്യമില്ല. കംപാർട്ട്മെന്റിനുള്ളില്‍ ഫാനുകള്‍ ഉണ്ടാകും. അൺറിസർവ്ഡ് ജനറൽ ക്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമായ യാത്രാ മാർഗമാണ് ഇത്.
3. സ്ലീപ്പർ ക്ലാസ് (SL)
ഒരു ട്രെയിനില്‍ സാധാരണയായി സ്ലീപ്പർ ക്ലാസില്‍ ഏകദേശം 72 മുതല്‍ 80 വരെ ബർത്തുകൾ ഉണ്ടാകും. പകല്‍ സമയത്ത് ഇത് മടക്കിവെച്ച് ആളുകള്‍ ഇരിക്കുന്നു. വണ്ടിയുടെ സീലിംഗില്‍ ഫാനുകളും ജനാലകളിൽ മോഷ്ടാക്കളെ തടയാൻ ബാറുകളും ഉണ്ടായിരിക്കും. റിസര്‍വ് ചെയ്യുന്ന കമ്പാര്‍ട്ട്മെന്‍റ് ആണെങ്കിലും സാധാരണയായി ഇതിനുള്ളിലും തിരക്ക് വളരെ കൂടുതല്‍ ഉണ്ടാകാറുണ്ട്. സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് ചില സ്ലീപ്പര്‍ ക്ലാസ് കംപാർട്ട്മെന്റുകളിൽ യാത്ര ചെയ്യാന്‍ അനുവാദം ഉണ്ട്. പാശ്ചാത്യ ശൈലിയിലുള്ളതും ഇന്ത്യൻ ശൈലിയിലുള്ളതുമെല്ലാമായ ടോയ്‌ലറ്റുകള്‍ ഉണ്ടാകുമെങ്കിലും ഇവയ്ക്ക് വൃത്തി ഉണ്ടാകണം എന്നില്ല. ഒരു രാത്രിയൊക്കെ ട്രെയിനില്‍ ചിലവഴിച്ചാല്‍ മതിയെങ്കില്‍, ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണിത്.

4. എസി ചെയർ (സിസി)
ചൂടുകാലത്ത് നട്ടുച്ചക്കൊക്കെ തിക്കിത്തിരക്കി ജനറല്‍ കംപാർട്ട്മെന്റില്‍ യാത്ര ചെയ്യുന്നത് ഒന്നാലോചിച്ചുനോക്കൂ. അല്‍പം പണം കൂടുതല്‍ ടിക്കറ്റിന് ചെലവാക്കിയാല്‍ ഈ അസൗകര്യം ഒഴിവാക്കാം. പേരുപോലെതന്നെ എസി സൗകര്യം ഉള്ള കംപാർട്ട്മെന്റാണിത്. 3-ബൈ-2 സീറ്റിങ് ക്രമീകരണമാണ് ഉള്ളില്‍. സുഖപ്രദമായ പകൽ യാത്രകൾക്കും ഹ്രസ്വ യാത്രകൾക്കും ഇവ മികച്ചതാണ്.
5. തേർഡ് എസി ഇക്കണോമി (3ഇ)
തുരന്തോ ട്രെയിനുകളിലും ഗരീബ് രഥ് എക്സ്പ്രസിലുമുള്ള യാത്രാക്ലാസ് ആണ് തേർഡ് ഏസി ഇക്കണോമി. പാവപ്പെട്ടവർക്ക് എസി കോച്ചുകളിൽ യാത്ര ചെയ്യാനായി മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ആണ് ഇത്തരമൊരു ക്ലാസ് തുടങ്ങിയത്. 6 ബെർത്തുകളും 3 സൈഡ് ബർത്തുകളും ഉണ്ട്. പകൽ സമയത്ത് ട്രെയിനിൽ കുറച്ച് തിരക്കുണ്ടാകും.

6. തേര്‍ഡ് എസി/ എസി 3-ടയർ (3A)
മിതമായ നിരക്കിൽ ഏസിയില്‍ ദൂരയാത്ര ചെയ്യാന്‍ പറ്റുന്ന കമ്പാര്‍ട്ട്മെന്റാണ് 3A ട്രാവൽ ക്ലാസ്. ഓരോ കംപാർട്ട്മെന്റിലും 8 ബെർത്തുകളാണുള്ളത്. സാധാരണയായി ദൂരയാത്ര ചെയ്യുന്ന ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് ഈ ക്ലാസ് ആണ്.
7. ഫസ്റ്റ് ക്ലാസ്(FC)
70-കളുടെ അവസാനത്തിലും 80-കളിലും സമ്പന്നരായ ആളുകള്‍ സഞ്ചരിച്ചിരുന്ന ഇവ നോൺ എസി കോച്ചുകളാണ്. രണ്ട് ബെർത്ത് കൂപ്പുകളും രണ്ട് ബെർത്ത് ക്യാബിനുകളും ഉള്ളിൽ നിന്ന് പൂട്ടാൻ കഴിയുന്ന വാതിലുകളും ഇതില്‍ ഉണ്ടായിരുന്നു. കാലക്രമേണ, ആളുകൾ 3A ക്ലാസിൽ കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ, ഫസ്റ്റ് ക്ലാസ് ഇല്ലാതായി.
8. സെക്കൻഡ് എസി/ എസി 2-ടയർ(2A)
ഒരു ക്യാബിനിൽ നാല് ബങ്ക് കിടക്കകൾ മാത്രമുള്ളതിനാൽ, സെക്കൻഡ് എസി കമ്പാര്‍ട്ട്മെന്റില്‍ കൂടുതൽ ഫ്ലോർ സ്പേസ് ഉണ്ട്. കൂടാതെ, പ്രൈവസി കർട്ടനുകളും റീഡിംഗ് ലൈറ്റുകളും പോലുള്ള സൗകര്യങ്ങളും ഇതിലുണ്ടാകും.
9. എസി എക്സിക്യൂട്ടീവ് ക്ലാസ്(EC)
വിമാന യാത്രയിലെ ബിസിനസ് ക്ലാസിന് സമാനമാണ് എസി എക്സിക്യൂട്ടീവ് ക്ലാസ് എന്നുപറയാം. 2-ബൈ-2 ഇരിപ്പിടങ്ങൾ ആണ് ഇവിടെ ഉണ്ടാവുക, ഉറങ്ങാനുള്ള സൗകര്യമില്ല. കൂടുതൽ ലെഗ് സ്പേസും വീതിയേറിയ മധ്യഭാഗവും ഉണ്ടാകും. ശതാബ്ദി എക്സ്പ്രസ്, തേജസ് ട്രെയിനുകൾ, ചില ഡബിൾ ഡെക്കർ ട്രെയിനുകൾ എന്നിവയിലും ഇസി ഉണ്ട്.
10. ഫസ്റ്റ് എസി (1A)
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ട്രെയിന്‍ ടിക്കറ്റുകള്‍ ആണ് ഫസ്റ്റ് എസി സ്ലീപ്പർ ക്ലാസ് ട്രെയിൻ ടിക്കറ്റുകള്‍. മിക്കപ്പഴും ടിക്കറ്റുകൾക്ക് വിമാന ടിക്കറ്റുകളേക്കാൾ കൂടുതൽ വിലവരാറുണ്ട്. സൗകര്യങ്ങളുടെ കാര്യം എടുക്കുമ്പോള്‍ ചലിക്കുന്ന ഒരു ഹോട്ടൽ മുറിക്ക് സമനമാണിത്. ഇവ പൂർണമായും എസി കോച്ചുകളാണ്, കൂടാതെ 2 കൂപ്പുകളും 4 ക്യാബിനുകളും ഉണ്ട്. എല്ലാ കമ്പാർട്ടുമെന്റിനും ഉള്ളിൽ നിന്ന് പൂട്ടാൻ കഴിയുന്ന ഒരു വാതിലുണ്ട്. ബർത്തുകൾ വിശാലമാണ്, കൂടാതെ ഡസ്റ്റ്ബിന്നുകളും ഉണ്ടാകും. ഭക്ഷണത്തിനായി പ്രത്യേക മെനു ഉണ്ടാകും, യാത്രക്കാര്‍ക്ക് ഇതില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാം.
English Summary: Different Types of Travel Classes in Indian Railways