സൗകര്യങ്ങളേറെയുണ്ട്; വന്ദേഭാരത് ട്രെയിനുകളെക്കുറിച്ച് കൂടുതലറിയാം

vande-bharat1
SHARE

വിനോദസഞ്ചാരത്തിന് പുത്തനുണര്‍വേകുന്നതോടൊപ്പം, വേഗമേറിയതും സുഖപ്രദവുമായ യാത്രാ ഓപ്ഷനാണ് വന്ദേഭാരത് ട്രെയിനുകള്‍. ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാന പ്രോജക്റ്റുകളില്‍ ഒന്നാണിത്. 2019 ഫെബ്രുവരിയിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ ഓടിയത്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപുർ, വാരാണസി എന്നിവിടങ്ങളില്‍ ഇവ മുന്‍പേ അവതരിപ്പിച്ചിരുന്നു. ഇവയില്‍ എട്ടാമത്തെതാണ് വിശാഖപട്ടണം - സെക്കന്തരാബാദ് വന്ദേ ഭാരത് എക്സ്പ്രസ്. വൈ ഫൈ കണക്ടിവിറ്റി, 32 ഇഞ്ച് എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍, ഓരോ കോച്ചിനും പ്രത്യേകം പാന്‍ട്രി എന്നിങ്ങനെ നിരവധി സൗകര്യങ്ങളുണ്ട് ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിനും. 

മുമ്പ് ട്രെയിന്‍ 18 എന്നറിയപ്പെട്ടിരുന്ന ഈ ട്രെയിനുകള്‍ക്ക് തദ്ദേശീയമായി നിര്‍മിക്കുന്നുവെന്നതിനാലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേരു നല്‍കിയത്. ഇന്ത്യയില്‍ തലങ്ങും വിലങ്ങും പത്ത് വന്ദേ ഭാരത് എക്‌സ്പ്രസുകളാണ് ഇന്ന് ഓടിക്കൊണ്ടിരിക്കുന്നത്. പുതിയൊരു യാത്രാനുഭവം നല്‍കുന്ന വന്ദേ ഭാരത് എക്‌സ്പ്രസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ അറിയാം. 

ന്യൂ ഡല്‍ഹി - വാരാണസി വന്ദേഭാരത് എക്‌സ്പ്രസ് 

റൂട്ട്: ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ന്യൂഡല്‍ഹി വാരാണസി റൂട്ടിലാണ് ഓടുന്നത്. കാണ്‍പുരും അലഹാബാദുമാണ് ഇടയിലെ സ്റ്റോപ്പുകള്‍. 

സമയക്രമം: ന്യൂഡല്‍ഹിയില്‍ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് രണ്ടിന് വാരാണസിയിലെത്തും. വാരാണസിയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എടുക്കുന്ന ട്രെയിന്‍ ന്യൂഡല്‍ഹിയില്‍ രാത്രി 11ന് എത്തും. ഈ റൂട്ടില്‍ നേരത്തെ 13 മണിക്കൂറെടുത്തിരുന്ന യാത്രാ സമയം വന്ദേ ഭാരത് എക്‌സ്പ്രസ് വന്നതോടെ എട്ട് മണിക്കൂറായി കുറഞ്ഞു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും മുടക്കാണ്. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 3000 രൂപ വരെ. 

ന്യൂഡല്‍ഹി - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര(J&K) വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: നേരത്തെ ന്യൂഡല്‍ഹിയില്‍നിന്നു കത്രയിലേക്ക് 9.5 മണിക്കൂറെടുത്തിരുന്നെങ്കില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഈ ദൂരം എട്ടു മണിക്കൂറുകൊണ്ട് ഓടി തീര്‍ക്കുന്നു. അംബാല കന്റ്, ലുധിയാന, ജമ്മു താവി എന്നിവയാണ് ഇടയിലെ സ്‌റ്റോപ്പുകള്‍. ഇറച്ചിയോ മുട്ടയോ യാത്രികര്‍ക്ക് നല്‍കാത്ത ഇന്ത്യയിലെ ആദ്യ വെജിറ്റേറിയന്‍ ട്രെയിന്‍ എന്നും ഇത് അറിയപ്പെടുന്നു. 

സമയക്രമം: വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഓടുന്നു. ന്യൂഡല്‍ഹിയില്‍നിന്നു രാവിലെ ആറിനെടുക്കുന്ന ട്രെയിന്‍ കത്രയില്‍ ഉച്ചയ്ക്ക് രണ്ടിന് എത്തും. ഉച്ചയ്ക്ക് ശേഷം മൂന്നിന് കത്രയില്‍നിന്ന് എടുക്കുന്ന ട്രയിന്‍ രാത്രി 11ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ചെത്തും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 3000 രൂപ വരെ. 

ഗാന്ധി നഗര്‍ - മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: 2022 സെപ്റ്റംബറില്‍ ആരംഭിച്ച ഈ ട്രെയിന്‍ ഗാന്ധി നഗറിനും മുംബൈക്കും ഇടയിലാണ് ഓടുന്നത്. സൂറത്ത്, വഡോദര ജംക്‌ഷന്‍, അഹമ്മദാബാദ് ജംക്‌ഷന്‍ എന്നിവയാണ് ഇടയിലെ സ്‌റ്റോപ്പുകള്‍. ആറ് മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് ലക്ഷ്യസ്ഥാനത്തേക്കെത്തുന്നത്. നേരത്തെ ഒമ്പത് മണിക്കൂര്‍ എടുത്തിരുന്ന യാത്രാ ദൂരമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന പെരുമയും ഈ വന്ദേ ഭാരത് ട്രയിനിനാണ്. 

സമയക്രമം: ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും ഓടുന്നു. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

ന്യൂഡല്‍ഹി - ഉന വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: 2022 ഒക്ടോബറിലാണ് ന്യൂഡല്‍ഹിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഓടി തുടങ്ങുന്നത്. അംബാല, ചണ്ഡീഗഡ്, ആനന്ദപുര്‍ സാഹിബ് എന്നിവയാണ് ഉനയിലെ ലക്ഷ്യസ്ഥാനത്തെത്തും മുമ്പുള്ള സ്റ്റോപ്പുകള്‍. 

സമയക്രമം: വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഈ ട്രയിന്‍ ഓടുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പുലര്‍ച്ചെ 05.50ന് എടുക്കുന്ന ട്രെയിന്‍ രാവിലെ 11ന് ലക്ഷ്യസ്ഥാനത്തെത്തും. തിരികെ ഉച്ചക്ക് ഒന്നിന് എടുക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് ന്യൂഡല്‍ഹിയില്‍ 06.25ന് എത്തുകയും ചെയ്യും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

ചെന്നൈ - മൈസൂരു വന്ദേഭാരത് എക്‌സ്പ്രസ്

റൂട്ട്: 2022 നവംബറിലാണ് ദക്ഷിണേന്ത്യക്ക് ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുന്നത്. ചെന്നൈക്കും മൈസൂരുവിനും ഇടയില്‍ ഓടുന്ന ഈ ട്രെയിന് കാഡ്പാടിയിലും ബംഗളൂരുവിലും സ്റ്റോപ്പുകളുണ്ട്. 

സമയക്രമം: ബുധൻ ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും ഓടുന്നു. പുലര്‍ച്ചെ 05.50ന് ചെന്നൈയില്‍ നിന്നും എടുക്കുന്ന ട്രെയിന്‍ മൈസൂരുവിലേക്ക് ഉച്ചക്ക് 12.20നാണ് എത്തുക. മൈസൂരുവില്‍ നിന്നും 01.05ന് എടുക്കുന്ന ട്രെയിന്‍ തിരികെ ചെന്നൈയില്‍ രാത്രി 07.30ന് എത്തിച്ചേരും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

നാഗ്പുര്‍ - ബിലാസ്പുര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: നാഗ്പുരിനും ബിലാസ്പുരിനും ഇടയില്‍ ഓടുന്ന ഈ വന്ദേ ഭാരത് എക്‌സ്പ്രസിന് റായ്പുര്‍, ദുര്‍ഗ്, ഗോണ്ടില എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകളുള്ളത്. 

സമയക്രമം: ശനിയാഴ്ചകളിലൊഴികെ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നു. ബിലാസ്പുര്‍ ജംങ്ഷനില്‍ നിന്നും രാവിലെ 06.45ന് എടുക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ നാഗ്പുരിലേക്ക് ഉച്ചക്ക് 12.15ന് എത്തിച്ചേരും. നാഗ്പുരില്‍ നിന്നും ഉച്ചക്ക് 02.05ന് എടുക്കുന്ന ട്രെയിന്‍ രാത്രി 07.35ന് ബിലാസ്പുരില്‍ എത്തും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

ഹൗറ - ന്യൂ ജല്‍പയ്ഗുരി വന്ദേഭാരത് എക്‌സ്പ്രസ്

റൂട്ട്: ബംഗാളിലെ ഹൗറക്കും ന്യൂ ജല്‍പയ്ഗുരിക്കും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് 2022 ഡിസംബറിലാണ് ഉദ്ഘാടനം ചെയ്തത്. ബോല്‍പുര്‍, മാല്‍ഡ ടൗണ്‍, ബര്‍സോയ് എന്നിവടങ്ങളിലാണ് ഈ ട്രെയിന് സ്‌റ്റോപ്പുകളുള്ളത്. 

സമയക്രമം: ബുധനാഴ്ച ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും ഓടുന്നു. രാവിലെ 05.55ന് ഹൗറയില്‍ നിന്നും എടുക്കുന്ന ട്രെയിന്‍ ന്യൂ ജല്‍പയ്ഗുരിയിലേക്ക് 01.25നാണ് എത്തിച്ചേരുക. ന്യൂ ജല്‍പയ്ഗുരിയില്‍ നിന്നും 03.05ന് പുറപ്പെടുന്ന ട്രെയിന്‍ ഹൗറയില്‍ രാത്രി 10.35ന് മടങ്ങിയെത്തും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

സൈക്കന്ദരാബാദ് - വിശാഖപട്ടണം വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: രണ്ട് മണിക്കൂര്‍ ഈ റൂട്ടിലെ യാത്രാ സമയം കുറച്ചുകൊണ്ടാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വരവ്. വാറങ്കല്‍, കമ്മം, വിജയവാഡ ജംങ്ഷന്‍, രാജമുന്‍ഡ്രി എന്നീ സ്റ്റേഷനുകളിലാണ് എക്‌സ്പ്രസ് നിര്‍ത്തുക. 

സമയക്രമം: ഞായറാഴ്ച്ചയാണ് ഈ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അവധി. വിശാഖപട്ടണത്തില്‍ നിന്നും രാവിലെ 05.45ന് പുറപ്പെടുന്ന ട്രെയിന്‍ സൈക്കന്ദരാബാദില്‍ ഉച്ചക്ക് 02.15ന് എത്തിച്ചേരും. സൈക്കന്ദരാബാദില്‍ നിന്നും ഉച്ചക്ക് ശേഷം 03.00ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 11.30ന് അവസാനിക്കും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 3000 രൂപ വരെ. 

മുംബൈ - സോളാപുര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് 

റൂട്ട്: മുംബൈക്കും സോളാപുരിനും ഇടയില്‍ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ദാദര്‍, കല്യാണ്‍, പുണെ, കുര്‍ദുവാഡി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. 

സമയക്രമം: ബുധനാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ ട്രെയിന്‍ ഓടുന്നു. സോളാപുരില്‍ നിന്നും രാവിലെ 06.05ന് എടുക്കുന്ന ട്രെയിന്‍ മുംബൈയില്‍ 12.35ന് എത്തിച്ചേരും. തിരികെ മുംബൈയില്‍ നിന്നും 04.05ന് എടുക്കുന്ന ട്രെയിന്‍ രാത്രി 10.40ന് സോളാപുരില്‍ എത്തും. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 3000 രൂപ വരെ. 

മുംബൈ - ശിര്‍ദി വന്ദേ ഭാരത് എക്‌സ്പ്രസ്

റൂട്ട്: ഈ വന്ദേ ഭാരത് ട്രെയിന്‍ ദാദര്‍, താനെ, നാസിക് റോഡ് എന്നിവിടങ്ങളിലാണ് നിര്‍ത്തുക. 

സമയക്രമം: ചൊവ്വാഴ്ച്ച അവധിയാണ്. മുംബൈയില്‍ നിന്നും രാവിലെ 06.20ന് പുറപ്പെടുന്ന ട്രെയിന്‍ ശിര്‍ദിയില്‍ 11.40ന് എത്തിച്ചേരും. ശിര്‍ദിയില്‍ നിന്നും മടക്കയാത്ര 05.25ന് ആരംഭിക്കുകയും മുംബൈയിലേക്ക് രാത്രി 10.50ന് എത്തിച്ചേരുകയും ചെയ്യും. യാത്രാ സമയം അഞ്ച് മണിക്കൂര്‍ 20 മിനുറ്റ്. 

ടിക്കറ്റ് നിരക്ക്: 1000 രൂപ മുതല്‍ 2000 രൂപ വരെ. 

English Summary: Full list of Vande Bharat Express trains

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS