അത്യാഡംബരം എംവി ഗംഗ വിലാസ്; ലോകത്തിലെ ദൈർഘ്യമേറിയ റിവർ ക്രൂസിന്റെ ആദ്യ യാത്ര പൂർത്തിയാകുന്നു

mv-ganga-vilas-1
എംവി ഗംഗാവിലാസ്. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ഗംഗയും ബ്രഹ്മപുത്രയും അവയ്ക്കിടയിലെ അനേകനദികളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും കണ്ടുള്ള ക്രൂസ് യാത്ര ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ആരംഭിച്ച് അസമിലെ ദിബ്രുഗഡിൽ ഫെബ്രുവരി 28ന് അവസാനിക്കും. ലോകത്തിലെ ദൈർഘ്യമേറിയ നദീതടയാത്രയാണ് എംവി ഗംഗ വിലാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 13ന് വാരണസിയിൽ നിന്ന് ഫ്ലാഗ്ഓഫ് ചെയ്ത ഗംഗവിലാസിന്റെ ആദ്യ ഔദ്യോഗിക യാത്രയാണ് ചൊവ്വാഴ്ച സമാപിക്കുന്നത്. 

ഇന്ത്യയിലെ നദീതടങ്ങളുമായി ബന്ധപ്പെട്ട സംസ്കാരങ്ങൾ ശക്തമായതിനാൽ ക്രൂസ് ടൂറിസത്തിനു പ്രത്യേക പ്രാധാന്യം നൽകി പ്രധാനമന്ത്രി നേരിട്ടാണ് ഈ സംരംഭത്തിന്റെ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3200 കിലോമീറ്റർ ദൂരമാണ് ആഡംബര നൗക സഞ്ചരിച്ചത്.  

സ്വകാര്യ ഗ്രൂപ്പായ അന്താര ക്രൂസിന്റെ ആഡംബര കപ്പലുകൾ ഇപ്പോൾ തന്നെ വാരാണസിക്കും കൊൽക്കത്തയ്ക്കുമിടയിൽ സർവീസ് നടത്തുന്നുണ്ട്. അതുപോലെ കൊൽക്കത്ത–ധാക്ക സർവീസും ഇവർ ഓഫർ ചെയ്യുന്നു. 12 ദിവസം വീതമുള്ള ഈ രണ്ടു യാത്രകൾക്കും ഏകദേശം നാലര ലക്ഷം രൂപ വീതമാണ് ഈടാക്കുന്നത്. ഈ വിധത്തിൽ രണ്ടു രാജ്യങ്ങളെയും കൂട്ടിയിണക്കി സർക്കാരുകളുടെ മുൻകൈയിൽ നടത്തുന്ന വിനോദസഞ്ചാര പരിപാടിയാണ് ഗംഗാ വിലാസ് ക്രൂസ്. 

ganga-vilas-2

ഗംഗ വിലാസിന്റെ കന്നി യാത്രയിൽ സ്വിറ്റ്സർലൻഡിലെ  32 വിനോദസഞ്ചാരികളാണ് പങ്കെടുക്കുന്നത്. 62 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് നൗകയ്ക്ക്. 3 ഡെക്കുകളും 32 സഞ്ചാരികൾക്ക് കഴിയാൻ സാധിക്കുന്ന വിധത്തിലുള്ള 18 സ്വീറ്റ് റൂമുകളും നൗകയിൽ ക്രമീകരിച്ചിട്ടുണ്ട്. സംഗീത, സാംസ്കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‍ലറുടെ സേവനം തുടങ്ങിയവയെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. ചരിത്രപരവും സാംസ്കാരികപരവും  മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ യാത്രയ്ക്ക് ഇടവേളകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ പൈതൃകം മനസിലാക്കുന്ന വിധത്തിൽ യാത്രാ വിവരണങ്ങളും കപ്പലിൽ ക്രമീകരിച്ചിട്ടുണ്ട്. 

mv-ganga-vilas-9
എംവി ഗംഗാവിലാസിനുള്ളിലെ ദൃശ്യം. (Photo: Twitter, @cbdhage)

ദേശീയ ഉദ്യാനങ്ങൾ, ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഡ്, പഞ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തത്. മിനിസ്ട്രി ഓഫ് പോർട്സിനു കീഴിൽ ഇൻലൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐഡബ്ല്യുഎഐ), കേന്ദ്ര സർക്കാർ എന്നിവർ ചേർന്ന് വലിയ തോതിലുള്ള സ്വീകരണ ചടങ്ങുകളാണ് ദിബ്രുഗഡിൽ ഒരുക്കിയിട്ടുള്ളത്. മന്ത്രി സർബാനന്ദ സോൻവാളിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ യൂണിയൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ജലഗതാഗത ടൂറിസത്തിൽ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭൂപടം ലോകത്തിനു മുന്നിൽ തുറന്നിടുന്ന പദ്ധതിക്ക് ഭാവിയിൽ വലിയ സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഇൗ പുതിയ ക്രൂസ് വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ പദ്ധതിയുണ്ട്. ക്രൂസ് സർവീസുകൾ ഉൾപ്പെടെ തീരദേശ, നദി ഷിപ്പിങ് മേഖലയുടെ വികസനം പ്രധാന മുൻഗണനകളിലൊന്നായി തുടരുമെന്ന് അടുത്തിടെ ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പ്രസ്താവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൂറോളം ദേശീയ ജലപാതകൾ വികസിപ്പിക്കാനുള്ള ദൗത്യം കേന്ദ്രം ഏറ്റെടുത്തിട്ടുണ്ടെന്നും ഈ ജലപാതകളിൽ ലോകോത്തര ക്രൂസ് സർവീസ് നടത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

mv-ganga-vilas-3
എംവി ഗംഗാവിലാസിനുള്ളിലെ ദൃശ്യം. (ചിത്രം: എഎൻഐ, ട്വിറ്റർ)

English Summary: World’s longest river cruise ‘MV Ganga Vilas’ to culminate its journey on Feb 28 in Assam’s Dibrugarh

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS