പാരാഗ്ലൈഡിങ്ങിലെ ചതിക്കുഴികള്‍; ജീവനോടെ തിരിച്ചിറങ്ങാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

paragliding
Pavel1964/shutterstock
SHARE

കഴിഞ്ഞ ദിവസം കേരളത്തെയൊട്ടാകെ ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു വർക്കലയിലെ പാരാഗ്ലൈഡിങ് അപകടം. പറക്കുന്നതിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ ഗ്ലൈഡര്‍ കുടുങ്ങി, പൈലറ്റും യുവതിയും ഒന്നര മണിക്കൂര്‍ പോസ്റ്റില്‍ തൂങ്ങിക്കിടക്കേണ്ടി വന്നു. ദുരന്തമൊന്നുമില്ലാതെ ഇരുവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഈ വാര്‍ത്ത‍ സാഹസിക സഞ്ചാരികള്‍ക്കിടയില്‍ അല്‍പം ഭീതിയുണര്‍ത്തുന്നുണ്ട്.

ഈയിടെയായി കേരളത്തിലും വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ചു വരുന്ന സാഹസിക വിനോദമാണ്‌ പാരാഗ്ലൈഡിങ്. വാഗമൺ, വർക്കല എന്നിവിടങ്ങളില്‍ പാരാഗ്ലൈഡിങ് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഇത് ജീവന് ഭീഷണിയാണോ? സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് എങ്ങനെ പാരാഗ്ലൈഡിങ് ചെയ്യാം? പാരാഗ്ലൈഡിങ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

755932549
Tatiana Zinchenko/paragliding

ഇക്കാര്യങ്ങളൊക്കെ പലപ്പോഴും അല്‍പം ബുദ്ധിമുട്ടാണെന്ന് തോന്നാം. എന്നാല്‍ പാരാഗ്ലൈഡിങ്ങിന് മുന്‍പേ ഇവ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു അഞ്ചോ പത്തോ മിനിറ്റ് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി ചിലവഴിച്ചാല്‍ ചിലപ്പോള്‍ വലിയൊരു അപകടത്തില്‍ നിന്നായിരിക്കും രക്ഷപ്പെടുന്നത്.

1. കമ്പനി പ്രൊഫൈൽ പരിശോധിക്കുക

പാരാഗ്ലൈഡിങ് സേവനം നല്‍കുന്ന ഒട്ടേറെ കമ്പനികള്‍ ഈയിടെയായി മുളച്ചുവരുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാവണം എന്നില്ല. അതിനാൽ, പാരാഗ്ലൈഡിങ് നടത്തുന്ന കമ്പനികളുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണം. മുന്‍പ് ഈ കമ്പനികൾ നടത്തിയ യാത്രകളില്‍ എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുക.

കൂടാതെ  മുന്‍പേ പാരാഗ്ലൈഡിങ് നടത്തിയ സുഹൃത്തുക്കളോട് അന്വേഷിക്കുക. ക്ലീൻ ഫ്ലൈയിങ് റെക്കോഡുള്ളതും പരിചയസമ്പന്നരായ പൈലറ്റുമാരുള്ളതുമായ കമ്പനി തിരഞ്ഞെടുക്കണം.

2. പൈലറ്റിന്‍റെ എക്സ്പീരിയന്‍സ് പരിശോധിക്കുക

പൈലറ്റിന്‍റെ പിഴവ് മൂലമാണ് മിക്ക പാരാഗ്ലൈഡിങ് അപകടങ്ങളും സംഭവിക്കുന്നത്. അശ്രദ്ധമായി പറക്കുന്നതും പരിചയസമ്പത്ത് കുറഞ്ഞതും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാത്തതുമായ പൈലറ്റിനൊപ്പം ഒരിക്കലും പറക്കരുത്. അതിനാൽ, പൈലറ്റ് ആരാണെന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. പൈലറ്റിന്‍റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുകയാണ് മികച്ച മാര്‍ഗം. കൂടാതെ, പൈലറ്റ് മയക്കുമരുന്നിന് അടിമയാണോ മദ്യപാന പ്രശ്‌നമുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. മുന്‍പ് പലയിടങ്ങളിലും അപകടമുണ്ടായ സാഹചര്യങ്ങളില്‍ പൈലറ്റുമാർ മദ്യവും മയക്കുമരുന്നുമെല്ലാം ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനെല്ലാം മുന്‍പേ പൈലറ്റിനു ആവശ്യമായ ലൈസന്‍സ് ഉണ്ടോ എന്നും പരിശോധിക്കണം. സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ പറക്കല്‍ ഒഴിവാക്കുന്നതാണ് നല്ലത്.

3. പറക്കുന്ന ഉപകരണങ്ങൾ പരിശോധിക്കുക

പറക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പരിശോധിക്കണം. കാനോപ്പി, ഹാർനെസ്, കാനോപ്പി ലൈനുകൾ, റിസർവ് പാരച്യൂട്ട്, കാരാബൈനറുകൾ തുടങ്ങിയവ നന്നായി നോക്കുക. ഹെൽമെറ്റുകളുടെ അവസ്ഥയും പരിശോധിക്കുക. നല്ല നിലവാരമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

ഈയടുത്ത വര്‍ഷങ്ങളിലായി പറക്കലിന്‍റെ വേഗത കൂട്ടാനായി അഡ്വാന്‍സ്ഡ് ഗിയറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഗിയർ കൈകാര്യം ചെയ്യാൻ, പരിചയസമ്പന്നരായ പൈലറ്റുമാർ ആവശ്യമാണ്. ഇക്കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

4. സുരക്ഷാ നടപടികൾ പരിശോധിക്കുക

പാരാഗ്ലൈഡിങ് ചെയ്യാനായി തിരഞ്ഞെടുക്കുന്ന കമ്പനി ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ സഹായിക്കാന്‍ തൊട്ടടുത്ത്‌ തന്നെ മെഡിക്കൽ, റെസ്ക്യൂ ടീമുകളും ആവശ്യമാണ്‌.

5. കാലാവസ്ഥ പരിശോധിക്കേണ്ടത് പ്രധാനം

സുരക്ഷിതമായ കാലാവസ്ഥയിൽ മാത്രം പറക്കുക എന്നത് പ്രധാനമാണ്. അധികം ശക്തിയില്ലാത്ത കാറ്റ് വീശുന്നതും തെളിഞ്ഞതുമായ  ദിവസമായിരിക്കണം പാരാഗ്ലൈഡിംഗ് നടത്തേണ്ടത്. ശക്തിയായ കാറ്റോ മിന്നലോ മഴമേഘങ്ങളോ ഉള്ള ദിവസങ്ങള്‍ ഒഴിവാക്കുക.

മണിക്കൂറിൽ 5 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റാണ് പാരാഗ്ലൈഡിങ് നടത്താന്‍ അനുയോജ്യമെന്ന് കണക്കാക്കുന്നു. മണിക്കൂറിൽ 35 കിലോമീറ്ററും അതിൽ കൂടുതലും വേഗതയുള്ള കാറ്റ് അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.

English Summary: 5 Precautions to Take for a Safe Paragliding Experience

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS