‘അധികമായാൽ അമൃതും വിഷം’; ടൂറിസ്റ്റ് നികുതി വര്‍ധിപ്പിക്കാൻ ഒരുങ്ങി ഈ നഗരം

1347219839
Georgios Tsichlis | Shutterstock
SHARE

സ്പെയിനിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരമാണ് ബാഴ്‌സലോണ. ഈയടുത്ത കാലത്തായി അമിതടൂറിസം കാരണം ഒട്ടേറെ പ്രശ്നങ്ങള്‍ നഗരത്തിലുണ്ടായി. ഇത് മറികടക്കാനായി ടൂറിസ്റ്റ് നികുതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതിലുപരിയായി ഗുണമേന്മയുള്ള ടൂറിസം എന്നതാണ് നികുതി വർദ്ധിപ്പിക്കുന്നതിന്‍റെ ലക്ഷ്യം. കുറഞ്ഞ എണ്ണം ആളുകളില്‍ നിന്നും കൂടുതല്‍ വരുമാനം നേടാനും ഇതുവഴി സാധിക്കും. 

ബാഴ്‌സലോണയിൽ, ടൂറിസ്റ്റ് നികുതി 2012 മുതൽ നിലവിലുണ്ട്, നിലവില്‍ ബാഴ്‌സലോണയിലേക്കുള്ള സന്ദർശകർ പ്രാദേശിക ടൂറിസ്റ്റ് നികുതിയും നഗരത്തിലുടനീളം സർചാർജും നൽകണം. ഏപ്രിൽ 1 മുതൽ എല്ലാ സന്ദർശകരും 2.75 യൂറോ(239 രൂപ) അധികം നൽകേണ്ടിവരും. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഈ ഫീസ് 3.25 യൂറോ(283 രൂപ) ആയും ഉയർത്തും. ഔദ്യോഗിക ടൂറിസ്റ്റ് താമസകേന്ദ്രങ്ങളില്‍ മാത്രമാണ് സർചാർജ് ഈടാക്കുന്നത്.

പ്രതിവർഷം ശരാശരി 32 ദശലക്ഷം സന്ദർശകരാണ് ബാഴ്സലോണയില്‍ എത്തുന്നത് എന്നാണ് കണക്ക്. ക്രൂയിസ് യാത്ര ചെയ്തെത്തുന്ന സഞ്ചാരികളും ഒട്ടേറെയുണ്ട്. ഇങ്ങനെ 12 മണിക്കൂറിലധികം നഗരത്തിൽ ചെലവഴിക്കുന്ന ക്രൂയിസ് യാത്രക്കാര്‍ക്കും പ്രത്യേക ഫീസ്‌ ഉണ്ട്. 

ഫീസ് ഏര്‍പ്പെടുത്തുകവഴി ഈ വർഷം 53 മില്യൺ യൂറോയും 2024 ൽ 100 മില്യൺ യൂറോയും അധികവരുമാനം ലഭിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. റോഡുകൾ, ബസ് സർവീസുകൾ, എസ്‌കലേറ്ററുകൾ എന്നിവ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെ നഗരത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഈ തുക ചിലവഴിക്കും.

സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ബാഴ്സലോണ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 20-ാമത്തെ നഗരവും യൂറോപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന അഞ്ചാമത്തെ നഗരവുമാണ്. എട്ട് യുനെസ്കോ ലോക പൈതൃക സൈറ്റുകൾ ഇവിടെയുണ്ട്.

പാബ്ലോ പിക്കാസോയും ജോവാൻ മിറോയും ഉൾപ്പെടെയുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയവും 2000 ത്തിലധികം വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുമെല്ലാം ബാഴ്സലോണയുടെ മുഖമുദ്രകളാണ്. ഇവിടുത്തെ ബാസ്‌ക് ശൈലിയിലുള്ള തപസ് ബാറുകൾ, ഗലീഷ്യൻ സീഫുഡ് ഭക്ഷണശാലകൾ, അവന്റ്-ഗാർഡ് ജാപ്പനീസ് റെസ്റ്റോറന്റുകൾ, ചോക്ലേറ്റ് ഷോപ്പുകൾ എന്നിവയെല്ലാം വ്യത്യസ്തമായ രുചികളുടെ ലോകത്തേക്ക് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകും. സമുദ്രവിനോദങ്ങള്‍ ആസ്വദിക്കാനും ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നാണ് ഇവിടം.

ബാഴ്സലോണ മാത്രമല്ല ഇത്തരത്തില്‍ ടൂറിസ്റ്റ് നികുതി ഏര്‍പ്പെടുത്തുന്ന സ്പാനിഷ്‌ നഗരം. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, അപ്പാർട്ട്‌മെന്റുകൾ, ക്യാമ്പ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം താമസസ്ഥലങ്ങളിലും ടൂറിസ്റ്റ് നികുതി ഏർപ്പെടുത്തുമെന്ന് വലെൻസിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബറിൽ ഇത് പ്രാബല്യത്തിൽ വരും.

English Summary: Barcelona Will Increase Tourist Tax Very Soon. Here Are All The Deets!

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS