ADVERTISEMENT

പൂച്ചകള്‍ മാത്രം വസിക്കുന്ന ഓഷിമയും സ്കൂബ ഡൈവിങ്ങിന് പേരുകേട്ട ഒക്കിനാവയും വലുപ്പമേറിയ ഹോൺഷുവുമെല്ലാം ജപ്പാനിലെ പ്രസിദ്ധമായ ദ്വീപുകളില്‍പ്പെടുന്നവയാണ്. ജപ്പാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒട്ടേറെ മനോഹര അനുഭവങ്ങളാണ് ഇവയോരോന്നും ഒരുക്കുന്നത്. ഇനി ജപ്പാനിലെ ദ്വീപുകള്‍ കണ്ടുതീര്‍ക്കാന്‍ യാത്രക്കാര്‍ക്ക് അല്‍പം പ്രയാസപ്പെടേണ്ടി വരും, പുതുതായി 7,000 ദ്വീപുകളാണ് ജപ്പാനില്‍ കണ്ടെത്തിയിരിക്കുന്നത്.

ജപ്പാനിലെ കോസ്റ്റ് ഗാർഡിന്‍റെ 1987 ലെ റിപ്പോർട്ട് പ്രകാരം ഔദ്യോഗികമായി 6,852 ദ്വീപുകളാണ് ജപ്പാനില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റി ഓഫ് ജപ്പാന്‍റെ(ജിഎസ്ഐ) ഡിജിറ്റൽ മാപ്പിങ് അടുത്തിടെ ജപ്പാനില്‍ 14,125 ദ്വീപുകളുണ്ടെന്ന് കണ്ടെത്തി. സർവേയിങ് സാങ്കേതികവിദ്യയിലെ പുരോഗതിയും ഉപയോഗിച്ച ഭൂപടങ്ങളുടെ വിശദാംശങ്ങളും മൂലമാണ് ദ്വീപുകളുടെ എണ്ണം കൂടിയതെന്ന് ജിഎസ്ഐ ഊന്നിപ്പറഞ്ഞു. ജപ്പാന്‍റെ കൈവശമുള്ള ഭൂമിയുടെ മൊത്തം വിസ്തൃതിയിൽ മാറ്റമില്ല.

കുറഞ്ഞത് 100 മീറ്റർ(330 അടി) ചുറ്റളവുള്ളതും പ്രകൃതിദത്തമായി ഉണ്ടായതുമായ എല്ലാ ഭൂപ്രദേശങ്ങളും സര്‍വേയില്‍ ദ്വീപുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൃത്രിമമായി നികത്തിയ ഭൂമി ഇക്കൂട്ടത്തില്‍ ഉൾപ്പെടുത്തിയിട്ടില്ല. ജപ്പാന് ചുറ്റുമുള്ള ഒട്ടേറെ ദ്വീപുകൾ പ്രാദേശിക തർക്കങ്ങളില്‍പ്പെട്ട് കിടക്കുന്ന അവസ്ഥയിലാണ്. റഷ്യയുടെ അധീനതയിലുള്ള തെക്കൻ കുറിൽ ദ്വീപുകൾക്ക് ജപ്പാൻ അവകാശവാദം ഉന്നയിക്കുന്നുണ്ട്, നോർത്തേൺ ടെറിട്ടറികൾ എന്നാണ് ടോക്കിയോ ഈ പ്രദേശത്തെ വിളിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനത്തിൽ സോവിയറ്റ് സൈന്യം ജപ്പാനിൽ നിന്ന് പിടിച്ചെടുത്തതാണ് ഈ ദ്വീപ്‌.

കിഴക്കൻ ചൈനാ കടലിലെ ജനവാസമില്ലാത്ത സെൻകാകു ദ്വീപുകളിൽ തങ്ങൾക്ക് ചരിത്രപരമായ അവകാശവാദമുണ്ടെന്ന് ജപ്പാൻ പറയുന്നു. എന്നാല്‍ ചൈന ഈ വാദം അംഗീകരിക്കുന്നില്ല. കൂടാതെ, സിയോളില്‍ ഡോക്‌ഡോ എന്നും ടോക്കിയോയില്‍ തകേഷിമ എന്നും അറിയപ്പെടുന്ന, ജപ്പാന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളുടെ പരമാധികാരത്തെച്ചൊല്ലി 70 വർഷത്തിലേറെയായി ജപ്പാനും ദക്ഷിണകൊറിയയും തമ്മില്‍ തർക്കം നിലനിൽക്കുന്നുണ്ട്.

English Summary: Japan has discovered 7,000 new islands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com