സഞ്ചാരികള്‍ക്കും ട്രെക്കിങ് പ്രേമികള്‍ക്കും ആവേശമുണർത്തുന്ന വാര്‍ത്ത വരുന്നത് ഉത്തരാഖണ്ഡില്‍ നിന്നാണ്. പുതിയ 15 കാനനപാതകളാണ് ട്രെക്കിങിനായി തുറന്നുകൊടുക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ചക്രാതയിലെ പൈന്‍ മരക്കാടുകളും ഖാരാംബയിലെ ഉല്ലാസ യാത്രയും മോള്‍ട്ടയിലെ വാനനിരീക്ഷണവുമെല്ലാം ഇനി സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. ഈ വേനലില്‍ തന്നെ പുതിയ പാതകള്‍ ട്രെക്കിങ്ങിനായി തുറന്നു കൊടുക്കാനാണ് ഉത്തരാഖണ്ഡ് വനംവകുപ്പിന്റെ തീരുമാനം.
വ്യത്യസ്തമായ കാനന അനുഭവങ്ങള്‍ സമ്മാനിക്കുന്ന 15 ട്രെക്കിങ് പാതകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് യമുന സര്‍ക്കിള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിനയ് ഭാര്‍ഗവാണ് അറിയിച്ചത്. യാത്രികര്‍ക്ക് അവരുടെ സമയവും സൗകര്യവും ആരോഗ്യവുമെല്ലാം കണക്കിലെടുത്തുകൊണ്ട് ഈ ട്രെക്കിങ്ങിൽ ഏതുവേണമെന്ന് തിരഞ്ഞെടുക്കാനാവും. രണ്ടര കിലോമീറ്റര്‍ മുതല്‍ ഒരാഴ്ച സമയമെടുത്ത് 65 കിലോമീറ്റര്‍ വരെ നടക്കേണ്ട ട്രെക്കിങ്ങുകൾ കൂട്ടത്തിലുണ്ട്. ഹോംസ്‌റ്റേകളിലും ടെന്റുകളിലുമൊക്കെയാവും സഞ്ചാരികള്‍ക്കായി താമസം ഒരുക്കുക.
15 ട്രെക്കിങ്ങുകളിൽ ഒമ്പതെണ്ണം അപൂര്‍വമായി മാത്രം മനുഷ്യ സാന്നിധ്യമുള്ള കാടുകളിലൂടെയാണ്. ഈ ട്രെക്കിങ്ങുകള്‍ക്കിടയില്‍ മനുഷ്യ താമസമുള്ള സ്ഥലങ്ങള്‍ പോലും കുറവാണ്. കാട്ടിലൂടെയുള്ള യാത്രക്കിടെ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച റെസ്റ്റ് ഹൗസുകളിലും താമസം ഏര്‍പ്പാടാക്കിയിട്ടുണ്ട്. നാഡ, കൊനെയ്ന്‍, കുദോഗ്, ദാരാഗാഡ്, ബുദര്‍, ജാക്, ദിയോബന്‍, മുന്‍ഡാലി, കതിയാന്‍, കനാസര്‍ എന്നിങ്ങനെ അധികം കേട്ടു പരിചയമില്ലാത്ത സ്ഥലങ്ങളിലാണ് ട്രെക്കിങ് ഒരുക്കിയിരിക്കുന്നത്.
65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ്ങിലൂടെയാണ് ഈ പദ്ധതിയുടെ തുടക്കം കുറിക്കാന്‍ ഉത്തരാഖണ്ഡ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. താടിയാര്‍ മാര്‍ച്ച് എന്നാണ് ട്രെക്കിങ്ങിന് പേരിട്ടിരിക്കുന്നത്. പുതിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനും കാടിനെ അറിയുന്നതിനും വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ഉപയോഗിച്ച ട്രെക്കിങ് പാതയാണിത്. ഈ പാതയിലൂടെയുള്ള കാടറിയാനുള്ള യാത്ര വീണ്ടും ഏപ്രില്‍ മുതല്‍ സജീവമാകും. സമുദ്ര നിരപ്പില്‍ നിന്നും 542 മീറ്റര്‍ മുതല്‍ 3,067മീറ്റര്‍ വരെയുള്ള ഉയരങ്ങളില്‍ ഈ ട്രെക്കിങ്ങിനിടെ യാത്രികര്‍ എത്തും.
English Summary: Uttarakhand all set to open 15 less-explored jungle trails for trekkers from April