ബിയറിന്റെ ചിത്രം ഫേസ്ബുക്കിലിട്ടു, 3.6 ലക്ഷം രൂപ പിഴ വിധിച്ച് തായ് കോടതി

beer
SHARE

പൊതുവില്‍ സമൂഹമാധ്യമ അക്കൗണ്ടുകളെ സ്വകാര്യ ഇടങ്ങളായാണ് നമ്മള്‍ കരുതുന്നത്. സത്യത്തില്‍ സമൂഹമാധ്യമങ്ങളോളം പരസ്യമായ ഇടങ്ങള്‍ വേറെയില്ല. തായ്‌ലന്‍ഡ് സ്വദേശിയായ അര്‍ട്ടിഡ് സിവഹന്‍സഫന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു ചിത്രം അയാള്‍ക്കു തന്നെ പണിയായി. താന്‍ കുടിച്ച ഒരു ബിയറിന്റെ ഗുണഗണങ്ങള്‍ ചിത്രം സഹിതം പോസ്റ്റു ചെയ്ത തായ്‌ലന്‍ഡുകാരന് ആറു മാസം തടവുശിക്ഷയും 1.50 ലക്ഷം ബഹ്ത് (3.6 ലക്ഷം രൂപ) പിഴയും തായ് കോടതി വിധിച്ചു.

തായ്‌ലന്‍ഡിലേക്കെത്തുന്ന ഏതൊരു സഞ്ചാരിക്കും സംഭവിച്ചേക്കാവുന്ന അബദ്ധമാണ് അര്‍ട്ടിഡിനും സംഭവിച്ചത്. സ്വകാര്യ അനുഭവമാണ് പങ്കുവച്ചതെന്നും മദ്യത്തിന്റെ പരസ്യമല്ല ചെയ്തതെന്നും കോടതിയില്‍ അര്‍ട്ടിഡ് വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തായ്‌ലന്‍ഡ് യാത്രക്കിടെ ബീച്ചില്‍ വെയിലു കാഞ്ഞുകൊണ്ട് ലഹരി ആസ്വദിക്കുന്നതിന്റെ ചിത്രം സ്വാഭാവികമായി സോഷ്യല്‍മീഡിയയില്‍ ഇട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ തായ് ജയിലില്‍ വരെയാവാന്‍ സാധ്യതയുണ്ട്.

'ജാമ്യം ലഭിക്കുന്നതിനായി കോടതിയില്‍ കാത്തു നില്‍ക്കുമ്പോള്‍ മദ്യപിച്ച് വാഹനം ഓടിച്ച കുറ്റത്തിന് ഒരാളെ കൊണ്ടുവന്നു. അയാള്‍ക്ക് കോടതി 60,000 ബഹ്താണ് പിഴ വിധിച്ചത്. വീട്ടിലിരുന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എനിക്കു കിട്ടിയതോ 1.50 ലക്ഷം ബഹ്തിന്റെ പിഴയും' തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി അസോസിയേറ്റ് പ്രസിനോട് അര്‍ട്ടിഡ് പ്രതികരിച്ചത് ഇങ്ങനെയാണ്. 

2008ലെ ആല്‍ക്കഹോളിക് ബിവറേജ് കണ്‍ട്രോള്‍ ആക്ട് പ്രകാരം തായ്‌ലാന്‍ഡില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഏതൊരു നടപടിയും നിയമവിരുദ്ധമാണ്. മദ്യം വാങ്ങുന്നതിനോ കഴിക്കുന്നതിനോ കാര്യമായ നിയന്ത്രണങ്ങളില്ലെങ്കിലും മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് തായ്‌ലാന്‍ഡില്‍ നിയമലംഘനമാണ്. തടവുശിക്ഷയോ അഞ്ചു ലക്ഷം ബഹ്ത്(ഏകദേശം 12 ലക്ഷം രൂപ) വരെ പിഴയോ അല്ലെങ്കില്‍ തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റമാണിത്.

ഏതു രാജ്യത്തേക്ക് പോകുമ്പോഴും അവിടുത്തെ നിയമങ്ങളെക്കുറിച്ചും സാമാന്യരീതികളെക്കുറിച്ചുമെല്ലാം മനസിലാക്കുന്നത് യാത്രികര്‍ക്ക് ഗുണം ചെയ്യും. ചില രാജ്യങ്ങളില്‍ ടിപ്പു കൊടുക്കുന്നത് മര്യാദയാണെങ്കില്‍ മറ്റു ചില രാജ്യങ്ങളില്‍ ടിപ്പ് മര്യാദ കേടായാണ് കണക്കാക്കുന്നത്. തായ്‌ലന്‍ഡിലേക്കുള്ള യാത്രകള്‍ ആഘോഷങ്ങളുടേതു കൂടിയാണ്. എന്നാല്‍ ഇത്തരം ആഘോഷങ്ങളുടെ ഭാഗമായുള്ള ചില ചിത്രങ്ങള്‍ പരസ്യമായാല്‍ യാത്രികര്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

English Summary: Thailand man fined Rs3.5 lakh for posting a picture of beer. Here's the law you need to know

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA