അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ മായികമനോഹരമായ കാഴ്ച ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍ തെക്കേ അറ്റത്ത് നിന്നുള്ളവര്‍ക്ക് തൃശൂരില്‍ എത്തി വെള്ളച്ചാട്ടം കാണുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അതിലേറെ മനോഹരമായ ഒരു വെള്ളച്ചാട്ടം തിരുവനന്തപുരത്തിനടുത്ത് തന്നെ ഉണ്ട്. കന്യാകുമാരിക്കാരുടെ അതിരപ്പിള്ളി എന്നറിയപ്പെടുന്ന തിരുപ്പറപ്പ് വെള്ളച്ചാട്ടം. കന്യാകുമാരിയില്‍ നിന്നും വെറും 55 കിലോമീറ്റര്‍ മാത്രമാണ് ദൂരം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും അതിര്‍ത്തിയായ വെള്ളറടയില്‍ നിന്നും വെറും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തും. ഈയിടെയായി വീക്കെന്‍ഡുകളില്‍ ഇവിടെ നല്ല തിരക്കനുഭവപ്പെടാറുണ്ട്.
പാല്‍ പോലെ നുരയിട്ട്, തട്ടുതട്ടായി താഴേയ്ക്ക് വീഴുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ദൂരെ നിന്ന് തന്നെ മനോഹരമാണ്. താമ്രഭരണി നദിയിലാണ് തിരുപ്പറപ്പ് വെള്ളച്ചാട്ടം. നദിയുടെ ഇടതുകരയിൽ, ശക്തമായ കോട്ടകളാൽ ചുറ്റപ്പെട്ട ഒരു ശിവക്ഷേത്രമുണ്ട്. പന്ത്രണ്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, മനോഹരമായ വാസ്തുവിദ്യാ ശൈലിക്ക് പേരുകേട്ടതാണ്. എ ഡി ഒമ്പതാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചത്. പാണ്ഡ്യ രാജാവിന്റേതുൾപ്പെടെയുള്ള ചില പഴയ ലിഖിതങ്ങൾ ഇവിടെയുണ്ട്.

ഈ ക്ഷേത്രത്തില്‍ നിന്നും അല്പം മാറി കോതയാര്‍ നദിയില്‍ നിന്നും വരുന്ന വെള്ളം ഏകദേശം 50 അടി ഉയരത്തിൽ നിന്നാണ് താഴേക്ക് വീഴുന്നത്. മുകള്‍ഭാഗത്ത് മുഴുവന്‍ കിടക്ക പോലെ വിരിച്ച പാറക്കെട്ടാണ്. നെൽവയലുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി നിർമ്മിച്ച തിരുപ്പറപ്പ് തോട് മുകളിലേക്ക് കാൽ കിലോമീറ്റർ വരെ നീളുന്നു. ചുറ്റുമുള്ള വനഭംഗി കൂടി ചേരുമ്പോള്‍ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവാത്ത വിധം മനോഹരമായി മാറും ഈ കാഴ്ച.
സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, തികച്ചും സുരക്ഷിതമാണ് ഈ വെള്ളച്ചാട്ടം എന്നതാണ് മറ്റൊരു കാര്യം. കുളിക്കാനും വസ്ത്രം മാറാനുമെല്ലാം സൗകര്യങ്ങളുണ്ട്. കുളിക്കാനുള്ള വസ്ത്രങ്ങൾ കൊണ്ടുപോകാൻ മറന്നുപോയാൽ, വെള്ളച്ചാട്ടത്തിന് സമീപമുള്ള കച്ചവടക്കാരിൽ നിന്ന് വസ്ത്രങ്ങളും ടവലുകളും വാങ്ങാം.കാഴ്ചകള്‍ കാണാനായി കല്‍മണ്ഡപം, വെള്ളച്ചാട്ടത്തിനടുത്ത് തന്നെ സ്വിമ്മിങ് പൂള്‍, പാര്‍ക്ക് മുതലായവയും ഇവിടെയുണ്ട്.
തിരുപ്പറപ്പില്‍ ബോട്ട് സവാരിയും ലഭ്യമാണ്. ലൈഫ് ജാക്കറ്റ് പോലെയുള്ള സുരക്ഷാസൗകര്യങ്ങളും ഇവിടെയുണ്ട്. ഇടതൂർന്ന സസ്യജാലങ്ങൾ നിറഞ്ഞ വനപ്രദേശത്തു കൂടി സാവധാനം തുഴഞ്ഞ് പോകാം. ഇവിടേക്കുള്ള പ്രവേശനം സൗജന്യമല്ല. ഒരാള്‍ക്ക് പത്ത് രൂപയാണ് പ്രവേശനടിക്കറ്റിനുള്ള നിരക്ക്. കൂടാതെ കാര്‍ പാര്‍ക്കിങ്ങിന് 50 രൂപയും ബോട്ടിങ്ങിന് 50 രൂപയുമാണ് ചാര്‍ജ്. ക്യാമറ ഉപയോഗിക്കുന്നതിനും പ്രത്യേകം ചാര്‍ജുണ്ട്. രാവിലെ എഴുമണി മുതല്‍ വൈകീട്ട് ആറു മണി വരെ ഇവിടം തുറന്നിരിക്കും.

വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയില്‍, നെയ്യാര്‍ ഡാം , ചിറ്റാര്‍ ഡാം , ചേച്ചിപ്പാറ അണക്കെട്ട്, തിരുവിതാംങ്കോട് അരപ്പള്ളി, പത്മനാഭപുരം കൊട്ടാരം, മാത്തൂര്‍ തൊട്ടിപ്പാലം, വട്ടക്കോട്ട, കന്യാകുമാരി, ശുചീന്ദ്രം തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.
English Summary: Thirparappu water falls in Kanyakumari