ഗൂഗിൾ മാപ്പിനെ അങ്ങനെയങ്ങ് വിശ്വസിക്കേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

HIGHLIGHTS
  • ഗൂഗിൾ മാപ്പ് പ്രതിസന്ധികൾ ചെറിയ ചില മുൻകരുതലുകൾ എടുക്കാമെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ.
697984051
Image Credit : Allmy/Shutterstock
SHARE

'ദാ നമുക്ക് അങ്ങോട്ടു പോയാലോ' എന്നു ചോദിക്കുമ്പോൾ ‘അയ്യോ അങ്ങോട്ടുള്ള വഴിയറിയില്ലല്ലോ ’ എന്നു പറഞ്ഞ് നൈസായി സ്കൂട്ടായ ഒരു തലമുറയുണ്ട്. ഏതായാലും ഇന്നത്തെ കാലത്ത് ആ അടവ് തീരെ നടക്കില്ല. അതിനു കാരണം നമ്മുടെ മൊബൈൽ ഫോണിലെ ഒരു ചങ്ങാതിയാണ്– ഗൂഗിൾ മാപ്സ്.

ആദിമകാല അറ്റ്ലസിന്റെയും കോംപസിന്റെയും പിന്നീടുണ്ടായ മാപ്പുകളുടെയുമൊക്കെ ഹൈടെക് പിന്മുറക്കാരൻ. ഉപഗ്രഹ ദൃശ്യങ്ങളിൽ നിന്നു കൃത്യമായി സ്ഥലങ്ങളും വഴികളും കാണിച്ചുതരാനും അങ്ങോട്ടുള്ള ഗതി പറഞ്ഞു തരാനുമൊക്കെ നല്ല മിടുക്കാണ് ഗൂഗിൾ മാപ്സിന്.

ലോകത്തെ നമ്പർ വൺ ഇന്റർനെറ്റ് കമ്പനിയായ ഗൂഗിളാണ് പവർ ചെയ്യുന്നതെങ്കിലും നല്ല അബദ്ധങ്ങളും ഗൂഗിൾ മാപ്പിനു വരാറുണ്ട്. ഇതിൽ പെട്ട് പലരും നട്ടം തിരിയാറുമുണ്ട്. 

പൂർണമായും ഗൂഗിളിന്റെ തെറ്റെന്നു പറയാനാകില്ല. ചിലപ്പോൾ ഹൈവേകളിലും മറ്റും വാഹനത്തിരക്ക് കൂടുമ്പോൾ ഇട റോഡുകളൊക്കെ മാപ്പ് നിർദേശിക്കും. അങ്ങോട്ടേക്കു പോകുമ്പോൾ മാപ്പിൽ കാണിക്കുന്ന പോലെയായിരിക്കില്ല. ചിലപ്പോൾ റോഡിനു തകരാർ കാരണം ഗതാഗതം നിരോധിച്ചിരിക്കുകയാകും. 

ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് പലയിടത്തും ഗൂഗിൾ മാപ്പ് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. റഷ്യയിൽ രണ്ടു ചെറുപ്പക്കാർ  ഒരു ഹൈവേയിലൂടെ യാത്ര തിരിച്ചു. ഇടയ്ക്ക് ഗതാഗത തടസ്സപ്പെട്ടപ്പോൾ ഗൂഗിൾ മാപ്പിനെ പിന്തുടർന്ന് അവർ ഒരു ഇടറോഡിലേക്കിറങ്ങി. ആ യാത്രയും ദുരന്തത്തിലേക്കായിരുന്നു. 1970ൽ അന്നത്തെ സോവിയറ്റ് യൂണിയൻ ഉപേക്ഷിച്ച റോഡായിരുന്നു അത്. ഒരുപാടു ദൂരം അതിൽ യാത്ര ചെയ്തു കഴിഞ്ഞപ്പോൾ റോഡിൽ ഉയർന്നു നിന്ന ഒരു കമ്പി കാറിലേക്കു തുളച്ചുകയറി. യാത്ര തുടരാനാകാതെ ആ യുവാക്കൾ റോഡിൽ തനിച്ചാകുകയും കനത്ത മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞു. ഇരുവരും മരിച്ചു. 

ഇന്ത്യയിൽ ഒരാൾ ഗൂഗിൾ മാപ്പിനെ പിന്തുടർന്ന് ഒരു വനത്തിനുള്ളിൽ ഒറ്റപ്പെട്ടത് വേറൊരു സംഭവം.

google-map

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ഗൂഗിൾ മാപ്പ് പ്രതിസന്ധികൾ ചെറിയ ചില മുൻകരുതലുകൾ എടുക്കാമെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളൂ.

∙അപരിചിതവും വിജനവുമായ മേഖലകളിലാണെങ്കിൽ ഹൈവേയിൽ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കുക. ഗൂഗിൾ നോക്കി അൽപം സമയലാഭത്തിനായുള്ള ഇടറോഡ് ഒഴിവാക്കുന്നതാകും നല്ലത്. പ്രത്യേകിച്ചും രാത്രിയാത്രയിൽ.

∙ ഇടറോഡിൽ കയറേണ്ട അവസ്ഥ വന്നാൽ ആദ്യം കാണുന്ന നാട്ടുകാരനോട് സ്ഥിതി ആരായുക. എവിടെയെങ്കിലും ഗതാഗത നിരോധനമോ തകർച്ചയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവർ പറഞ്ഞുതരും.

∙ കാര്യമായ പ്രശ്നമോ സ്ഥിരമായ ഗതാഗത തടസ്സമോ ശ്രദ്ധയിൽപെട്ടാൽ ഗൂഗിൾ മാപ്പ് ആപ്പ് തുറന്നു ചുവടെയുള്ള കോൺട്രിബ്യൂട്ട് എന്ന ഓപ്ഷനിൽ വിരലമർത്താം. തുടർന്നു തുറക്കുന്ന വിൻഡോയിൽ നിന്ന് എഡിറ്റ് മാപ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ആഡ് ഓർ ഫിക്സ് റോഡ് എന്ന പുതിയ ഓപ്ഷൻ കാണാം. ഇതു തിരഞ്ഞെടുത്ത് എന്താണു പ്രശ്നമെന്നു റിപ്പോർട്ട് ചെയ്യാം. ഗൂഗിൾ മാപ്സ് ഇക്കാര്യം പരിഗണിക്കും. ഇനി അതു വഴി വരുന്നവർക്കൊരു സഹായവുമാകും. തെറ്റായി കിടക്കുന്ന സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയിൽ ഗൂഗിളിനെ അറിയിക്കാം.

∙ഗൂഗിൾ മാപ്പിൽ ഫീഡ്ബാക് കൊടുക്കാം. സെറ്റിങ്സിൽ ഇതിനുള്ള സൗകര്യം ലഭിക്കും. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾക്കു വലിയ പരിഗണന കൊടുക്കുന്ന സ്ഥാപനമാണ് ഗൂഗിൾ.

∙കൂടുതൽ മികവുറ്റ നാവിഗേഷന് ലൊക്കേഷൻ ഹൈ ആക്യുറസിയിൽ വയ്ക്കാം.ഇതിനായി സെറ്റിങ്സിൽ പോയി ഗൂഗിൾ ലൊക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം അഡ്വാൻസ്ഡിൽ വിരലമർത്താം. ഇതിനു ശേഷം വരുന്ന മെനുവിൽ ഗൂഗിൾ ലൊക്കേഷൻ ആക്യുറസി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാം. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷനും പരിഗണിക്കാം.

Content Summary : There are a few things you can do if Google Maps is not leading you the correct way.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS