പേടി കൂടാതെ ഒറ്റയ്ക്കു യാത്ര ചെയ്യാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
സ്വസ്ഥതക്കും സമാധാനത്തിനും വേണ്ടി യാത്ര പുറപ്പെട്ട് ഉള്ള സമാധാനം പോലും നഷ്ടമാകുമോ എന്ന പേടിയാണ് പലരേയും ഒറ്റക്കുള്ള യാത്രകളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ പേടിയെ മറികടന്ന പല സോളോ യാത്രികരും ഒറ്റക്കുള്ള യാത്രയെ ഒരു ലഹരി പോലെ ആസ്വദിക്കുന്നുമുണ്ട്. സുരക്ഷിതമായ സമ്മര്‍ദങ്ങളേതുമില്ലാത്ത അധിക ചെലവു വരുത്താത്ത സോളോ യാത്ര എങ്ങനെ ചെയ്യാനാവും? അതിനുള്ള വഴികളാണ് നോര്‍ത്ത് അമേരിക്കയിലെ മൂന്നാമത്തെ വലിയ ട്രാവല്‍ കമ്പനിയായ ഫെയര്‍പോര്‍ട്ടല്‍ നിര്‍ദേശിക്കുന്നത്.
സുരക്ഷ
ഏതു നാട്ടിലേക്കു പോവുന്നോ ആ നാട്ടിലെ ഒരാളായി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേരാന്‍ സോളോ യാത്രികര്‍ക്ക് സാധിക്കണം. അനാവശ്യമായി ശ്രദ്ധ ആകര്‍ഷിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഒഴിവാക്കണം. 'ഞാന്‍ ഈ നാട്ടില്‍ അപരിചിതനാണേ' എന്നു വിളിച്ചു പറയുന്നതു പോലുള്ളതാണ് ഇത്തരം പെരുമാറ്റങ്ങള്‍. വ്യക്തമായ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നതു പോലെ ആത്മവിശ്വാസത്തോടെ വേണം നടക്കാന്‍. വഴിയറിയാതെ അലയുന്നതുപോലുള്ള പെരുമാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിച്ചേക്കാം.
വ്യക്തമായ ആസൂത്രണം യാത്രകളിലെ അനാവശ്യ സമ്മര്‍ദം കുറക്കാന്‍ സഹായിക്കും. ഒരു സ്ഥലത്തെത്തിയാല്‍ എന്തൊക്കെ കാണണമെന്നും എവിടെയെല്ലാം പോകണമെന്നും നേരത്തെ തന്നെ നമുക്ക് തീരുമാനിക്കാനാവും. തീര്‍ച്ചയായും യാത്രക്കിടെ ഇതില്‍ മാറ്റമുണ്ടാവുമെങ്കിലും ലക്ഷ്യബോധമില്ലാത്ത അലച്ചില്‍ ഒഴിവാക്കാനാവും. 24 മണിക്കൂറും ഫ്രണ്ട് ഡെസ്‌ക് സൗകര്യമുള്ള ഹോട്ടല്‍ തെരഞ്ഞെടുക്കുന്നതു പോലുള്ള ചെറിയ കാര്യങ്ങള്‍ അനാവശ്യ സമ്മര്‍ദങ്ങളെ കുറക്കും.
സമ്മര്‍ദം
സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് യാത്രയുടെ ഓരോ ഘട്ടങ്ങളും നിങ്ങള്‍ക്ക് വ്യക്തമായി ആസൂത്രണം ചെയ്യാനാവും. വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ എയര്‍ലൈൻ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. ഇതു വഴി വിമാനം വൈകുന്നുണ്ടോ എന്നു തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ നിങ്ങള്‍ക്കറിയാനാവും. ഏതാണ്ട് എത്രനേരം വരി നില്‍ക്കേണ്ടി വരുമെന്ന കാര്യം വരെ വിമാനത്താവളത്തിന്റെ വെബ് സൈറ്റോ ആപ്പോ വഴി അറിയാനാവും. നിങ്ങളുടെ വിമാനത്തിന്റെ സമയത്തിന് അനുസരിച്ച് മുന്‍കൂട്ടി വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തില്‍ നിന്നോ ഉള്ള ടാക്‌സി വരെ ബുക്കു ചെയ്യാനാവും.
സോളോ യാത്രകളിലും പരമാവധി കുറച്ച് സാധനങ്ങള്‍ കൂടെ കൂട്ടുന്നതാണ് നല്ലത്. വിമാനയാത്രകള്‍ ദീര്‍ഘ സമയത്തേക്കുള്ളതാണെങ്കില്‍ അത്യാവശ്യം വിനോദ വസ്തുക്കള്‍ കയ്യില്‍ കരുതണം. പുസ്തകമോ മാഗസിനോ മ്യൂസിക് പ്ലെയറോ ഇഷ്ട സിനിമയുള്ള ടാബോ ഒക്കെ യാത്രയുടെ വിരസത അകറ്റാന്‍ സഹായിക്കും. ശബ്ദങ്ങളെ നിയന്ത്രിക്കുന്ന ഹെഡ്‌ഫോണും കണ്ണില്‍ ധരിക്കുന്ന മാസ്‌കും ട്രാവല്‍ പില്ലോയുമൊക്കെ ചെറുതെങ്കിലും യാത്രകളില്‍ വലിയ ഉപകാരികളാണ്.
ചെലവ്
വിദേശ യാത്രകളിലും മറ്റും നേരത്തെ യാത്രകള്‍ തീരുമാനിച്ച് വിമാന ടിക്കറ്റുകള്‍ ബുക്കു ചെയ്താല്‍ പണം ലാഭിക്കാനാവും. രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുന്‍പ് ബുക്ക് ചെയ്യുന്നതാണ് കുറഞ്ഞ വിലയില്‍ ടിക്കറ്റുകള്‍ ലഭിക്കാന്‍ സഹായിക്കുക. വിമാന ടിക്കറ്റിനൊപ്പം ഹോട്ടല്‍ റൂമുകളും വിശ്വാസ്യതയുള്ള സൈറ്റുകള്‍ വഴി ബുക്ക് ചെയ്യണം. ഒറ്റക്കാണ് യാത്രയെന്ന കാര്യം ഹോട്ടല്‍ മുറി ബുക്കു ചെയ്യുമ്പോള്‍ ഓര്‍മ വേണം. സിംഗിള്‍ റൂമുകള്‍ പലയിടത്തും ലഭ്യമായിരിക്കില്ല. നിങ്ങള്‍ ഒറ്റക്കാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് ചെലവു കുറയണമെന്നില്ല. അതിന് വ്യക്തമായ പ്ലാനിങും നടപ്പിലാക്കലും കൂടി വേണം.
Content Summary : Safety, Stress, and Savings: Tips For the Solo Traveller.