വിചിത്രമായ കാഴ്ചകള്‍ നിറഞ്ഞ ലാലിഷ്: യസീദികളുടെ സ്വര്‍ഗ്ഗഭൂമി

HIGHLIGHTS
  • വെറും ഇരുപത്തഞ്ചു നിവാസികള്‍ മാത്രമാണ് ഈ പട്ടണത്തിലുള്ളത്
lalish-yazidi
Image Credit : Konstantin_Novakovic/ istockphoto.com
SHARE

വടക്കൻ ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്‍റെ തലസ്ഥാനമായ എര്‍ബിലിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പർവതഗ്രാമമാണ് ലാലിഷ്. ലോകമെമ്പാടും 700,000 അനുയായികളുള്ള പുരാതനമതമായ യസീദിസത്തിന്‍റെ തറവാടാണ് ഈ നാട്. ഈ ഗ്രാമം മൊത്തത്തില്‍ ഒരു ദേവാലയ സമുച്ചയമാണ്. മുസ്‌ലിംകൾക്ക് മക്ക പോലെയും ക്രിസ്തുമതക്കാര്‍ക്ക് ജറുസലം പോലെയും പവിത്രമാണ്‌ യസീദികള്‍ക്ക് ലാലിഷ്. മതവിശ്വാസികള്‍ക്കു മാത്രമല്ല, ആര്‍ക്കു വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. 

ഏകദേശം 4,000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പട്ടണത്തില്‍, നിരവധി ആരാധനാലയങ്ങളുണ്ട്. വിശ്വാസത്തിന്‍റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ഷെയ്ഖ് ആദി ഇബ്ൻ മുസാഫിറിന്‍റെ ശവകുടീരമാണ് ഇതില്‍ ഏറ്റവും പ്രധാനം.

പാമ്പിനെ കൊല്ലില്ല

യസീദിസത്തിന്‍റെ കൃത്യമായ ഉത്ഭവം ഇന്നും തർക്കവിഷയമാണ്, എന്നിരുന്നാലും ഇത് 7,000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു, സൊറോസ്ട്രിയനിസം, സൂഫി മിസ്റ്റിസിസം, ക്രിസ്തുമതം, യഹൂദമതം എന്നിവയുൾപ്പെടെയുള്ള മറ്റ് വിശ്വാസങ്ങളുടെ പല ഘടകങ്ങളും മതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മാതാവിനോടുള്ള ബഹുമാനവും ഇവരുടെ പ്രത്യേകതയാണ്. ഇവിടുത്തെ ആരാധനാലയങ്ങളുടെ വാതിൽക്കൽ ഒരു കറുത്ത പാമ്പിനെ കൊത്തിവച്ചത് കാണാം. വിഷമുള്ളതാണെങ്കിൽപ്പോലും പാമ്പിനെ യസീദികള്‍ കൊല്ലില്ല. നോഹയുടെ പെട്ടകം അരാരത്ത് പർവതത്തിന്‍റെ കൊടുമുടിയിൽ വന്നപ്പോൾ ചോർച്ച ഉണ്ടായെന്നും, ഒരു പാമ്പ് ഇതിനുള്ളിലേക്ക് സ്വയം കയറി ദ്വാരം അടച്ച് കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചുവെന്നും ഇവര്‍ വിശ്വസിക്കുന്നു. 

ചെരിപ്പ് പാടില്ല

മക്കയിലേക്ക് പോകുന്ന മുസ്‌ലിങ്ങളെപ്പോലെ, യസീദികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ലാലിഷിലേക്ക് തീർത്ഥാടനം നടത്താൻ ബാധ്യസ്ഥരാണ്. കുർദിസ്ഥാനിലോ ഇറാഖിലോ താമസിക്കുന്നവർ വർഷത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം. തീർഥാടകരായാലും സന്ദർശകരായാലും ഇവിടം സന്ദര്‍ശിക്കുമ്പോള്‍ എളിമയുള്ള വസ്ത്രധാരണമായിരിക്കണം, ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല. 

സ്വപ്നസാഫല്യം നല്‍കും സ്കാര്‍ഫുകള്‍

ആരാധനാലയങ്ങളുടെ തൂണുകൾക്കും മരങ്ങൾക്കും ചുറ്റും തൂങ്ങിക്കിടക്കുന്ന സിൽക്ക് സ്കാർഫുകളിൽ ഗിരക്ക് (കെട്ടുകൾ) കെട്ടുന്നതാണ് പ്രശസ്തമായ യസീദി പാരമ്പര്യം. ഉദ്ദിഷ്ടകാര്യം മനസ്സില്‍ പ്രാർഥിച്ചുകൊണ്ട് ഓരോ കെട്ടും ഇടാം. ഏഴ് മാലാഖമാരെ പ്രതിനിധീകരിച്ചുകൊണ്ട് ഏഴു വ്യത്യസ്ത നിറമുള്ള സ്കാര്‍ഫുകളില്‍ ഇങ്ങനെ കെട്ടുകള്‍ ഇടാം. മുന്നേ, ഇങ്ങനെ കെട്ടിയിട്ട സ്കാര്‍ഫുകള്‍ ആരെങ്കിലും അഴിച്ചാല്‍, അത് കെട്ടിട്ട ആള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് യസീദികൾ വിശ്വസിക്കുന്നു.

വെറും ഇരുപത്തഞ്ചു നിവാസികള്‍ മാത്രമാണ് ഈ പട്ടണത്തിലുള്ളത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്‌ ഇവര്‍.

സ്വര്‍ഗ്ഗത്തില്‍ ചെലവാക്കാന്‍ പണം

ലാലിഷില്‍ എത്തുന്ന ഓരോ യസീദിയും ഇവിടുത്തെ പവിത്രമായ മണ്ണ് കൈവശം വയ്ക്കണമെന്നാണ് വിശ്വാസം. യസീദികളുടെ ശവസംസ്‌കാര ചടങ്ങുകളുടെ പ്രധാന ഭാഗമാണ് ഈ മണ്ണ്. ഇത് വിശുദ്ധജലവുമായി കലര്‍ത്തി ചെറിയ ഉരുളകളാക്കുന്നു. മരണശേഷം വിശ്വാസികളുടെ വായിലും ചെവിയിലും കണ്ണിന് മുകളിലും ഈ ഉരുളകള്‍ വയ്ക്കും. മരിച്ചയാള്‍ പരലോകത്തെത്തുമ്പോള്‍ ചിലവാക്കാന്‍ എന്ന സങ്കല്‍പ്പത്തില്‍, ശവപ്പെട്ടിയില്‍ നാണയങ്ങള്‍ വയ്ക്കുന്നതും ഇവരുടെ പതിവാണ്. 

ലാലിഷിലെ കാഴ്ചകള്‍

യസീദികളുടെ താമസസ്ഥലമായിരുന്ന ശേഖൻ പട്ടണത്തിന് മുകളിലാണ് ലാലിഷ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം, പടിഞ്ഞാറ് ഹിസ്രത്ത്, തെക്ക് മിസാത്ത്, വടക്ക് അറഫാത്ത് എന്നിങ്ങനെ മൂന്ന് പർവതങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിമനോഹരമായ പ്രദേശമാണിത്.

യസീദി സ്ഥാപകനായ ഷെയ്ഖ് അദി ഇബ്നു മുസാഫിറിന്‍റെ ശവകുടീരമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇതിനു താഴെയായി ഒരു ഗുഹയുണ്ട്. സംസം എന്നും കനിയ സ്പി (വൈറ്റ് സ്പ്രിംഗ്) എന്നും അറിയപ്പെടുന്ന രണ്ട് പുണ്യ നീരുറവകളും പട്ടണത്തിലുണ്ട്.

വെള്ളിയാഴ്ച യസീദികളുടെ പുണ്യദിനമാണ്. അന്നേ ദിവസം പ്രാർത്ഥിക്കാനും കൂട്ടുകൂടാനും ധാരാളം ആളുകൾ ലാലിഷിൽ ഒത്തുകൂടുന്നു. പുറമേ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും തീർഥാടനത്തിനെത്തുന്നവർക്കും ഊഷ്മളമായ സ്വീകരണമാണ് ഈ സമയത്തു ലഭിക്കുന്നത്.

Content Summary : Lalish is the holiest site of the Yazidi religion, a syncretic faith that originated in Mesopotamia.

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS