ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ മയങ്ങുന്ന പറുദീസയാണ് ഭൂട്ടാന്‍. നിഗൂഢസുന്ദരമായ ഒട്ടേറെ മനോഹര സ്ഥലങ്ങളും സമ്പന്നമായ സംസ്കാരവും ആത്മീയകേന്ദ്രങ്ങളുമെല്ലാം ഭൂട്ടാന്‍റെ മാറ്റു കൂട്ടുന്നു. സുസ്ഥിരമായ ഉത്തരവാദിത്ത ടൂറിസവും ഭൂട്ടാന്‍റെ പ്രത്യേകതയാണ്. ഭൗതിക സമ്പത്തിനേക്കാൾ ക്ഷേമത്തിനും സംസ്കാരത്തിനും പരിസ്ഥിതിക്കും ഊന്നൽ നൽകുന്നതിനാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരായ ജനങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് ഭൂട്ടാന്‍.ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ വര്‍ഷംതോറും ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നു. ഇവിടേക്കു റോഡ് വഴി എത്താമെന്ന പ്രത്യേകതയുമുണ്ട്. ഭൂട്ടാന്‍ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. അധികം വൈകാതെ, ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് റെയില്‍വേ വഴി ഭൂട്ടാനിലേക്കു പോകാനാവും.
വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ 1200 കോടി രൂപ അനുവദിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഭൂട്ടാൻ-ഇന്ത്യ റെയിൽവേ ലിങ്ക് എന്ന സ്വപ്നം ഇതോടെ സഫലമാകും.
ഈ 57.5 കിലോമീറ്റർ റെയിൽ പാത അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ സർപാംഗിലെ ഗെലെഫുവുമായി ബന്ധിപ്പിക്കും. 2026 ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു മാസം മുൻപ്, ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പുതിയ റെയില്‍പ്പാതയുമായി ബന്ധപ്പെട്ട് ഇന്ത്യയും ഭൂട്ടാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് സൂചന നൽകിയിരുന്നു.
പുതിയ റെയില്‍പ്പാത ഭൂട്ടാന്‍റെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തു പകരും. കൂടാതെ അസമിനും കാര്യമായ നേട്ടമുണ്ടാകും. ചരക്കുകളുടെ കയറ്റുമതി സുഗമമാക്കുന്നതിനും സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും റെയിൽവേ പദ്ധതി വഴിത്തിരിവാകും.
2005 ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ശൃംഖലയുമായി ബന്ധപ്പെട്ട്, ഭൂട്ടാനും ഇന്ത്യയും ഔപചാരികമായ ഒരു ധാരണാപത്രത്തിൽ ഒപ്പ് വയ്ക്കുന്നത്. അന്നത്തെ റെയിൽവേ സഹമന്ത്രി നരൻഭായ് ജെ. റാത്വയും ഭൂട്ടാൻ റോയൽ ഗവൺമെന്‍റ് വിദേശകാര്യ മന്ത്രി ലിയോൺപോ ഖണ്ഡു വാങ്ചുക്കുമായിരുന്നു അന്ന് ഇതില്‍ ഒപ്പുവച്ചത്. ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിന്ന് ഭൂട്ടാനിലെ ഏറ്റവും അടുത്തുള്ള അതിർത്തി പട്ടണങ്ങളിലേക്ക് ഇന്ത്യൻ റെയിൽവേ ശൃംഖല വിപുലീകരിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ഈ ധാരണാപത്രത്തില്‍ പറയുന്നു. ഹസിമാര (ബംഗാൾ), കൊക്രജാർ (അസം), പത്സല (അസം), രംഗിയ (അസം), ബനാർഹട്ട് (ബംഗാൾ) എന്നീ പട്ടണങ്ങള്‍ ഇതിനായി പരിഗണിച്ചു.
പിന്നീട്, 2018 ൽ ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യാ സന്ദർശന വേള പദ്ധതിക്ക് ആക്കം കൂട്ടി. ഗെലെഫു-കൊക്രജാർ റെയിൽ ലിങ്ക് നിർമ്മാണം ആരംഭിക്കുന്നത്, സാംത്സെ, ഫ്യൂൻഷോലിംഗ് , എൻഗംഗ്ലാം, സംദ്രുപ്ജോങ്കർ പോലുള്ള പ്രദേശങ്ങൾ ഉൾപ്പെടെ ഇരു രാജ്യങ്ങളുടെയും തെക്ക്, കിഴക്കൻ മേഖലകളിൽ കൂടുതൽ റെയിൽവേ പദ്ധതികൾക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്ത്യ ഭൂട്ടാനുമായി 605 കിലോമീറ്റർ അതിർത്തി പങ്കിടുന്നു. ഭൂട്ടാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ, രാജ്യത്തെ കയറ്റുമതിയുടെ 98 ശതമാനവും ഇറക്കുമതിയുടെ 90 ശതമാനവും ഇന്ത്യ വഴിയാണ് നടക്കുന്നത്.
കിഴക്കൻ ഹിമാലയത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഭൂട്ടാൻ, "ലാൻഡ് ഓഫ് ദ് തണ്ടർ ഡ്രാഗൺ" എന്നാണ് വിളിക്കപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പാരോയാണ് ഇന്ത്യയില്‍ നിന്നും ഭൂട്ടാനിലേക്കുള്ള കവാടം. "കടുവയുടെ കൂട്" എന്ന് വിളിക്കപ്പെടുന്ന പരോ തക്ത്സാങ് മൊണാസ്ട്രി കാണേണ്ട കാഴ്ച തന്നെയാണ്. ഭൂട്ടാന്‍റെ തലസ്ഥാനവും, രാജ്യത്തെ സംസ്കാരത്തിന്‍റെയും ഭരണത്തിന്‍റെയും ഹൃദയവുമായ തിംഫു, മോ ചു, ഫോ ഛു നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപരമായ പുനഖ എന്നിവയും ജാംബേ ലഖാങ്, കുർജേ ലഖാങ് എന്നിവയുൾപ്പെടെ നിരവധി പുണ്യസ്ഥലങ്ങൾ നിറഞ്ഞ, ഭൂട്ടാന്‍റെ ആത്മീയ ഹൃദയഭൂമിയായ ബുംതാങ് താഴ്‌വരയുമെല്ലാം ഭൂട്ടാനിലെ ആകര്‍ഷണങ്ങളാണ്. ബുദ്ധമതത്തിൽ ആഴത്തിൽ വേരൂന്നിയ പാരമ്പര്യവും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വര്‍ണ്ണാഭമായ ഉത്സവങ്ങളും ഭൂട്ടാന്‍റെ വിനോദസഞ്ചാരത്തിന് മാറ്റുകൂട്ടുന്നു.
Content Summary : Travel to Bhutan from India via railway.