ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലങ്ങൾ
Mail This Article
മഞ്ഞുമൂടിയ മലനിരകൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, റിസോർട്ടുകൾ, ശാന്തമായ തടാകങ്ങൾ, അങ്ങനെ ഒരു യാത്രയിൽ ആസ്വദിക്കാനാവുന്ന ഏറ്റവും മനോഹരമായ കാഴ്ചകളുള്ള അവധിക്കാലം ആഘോഷിക്കാൻ ചിലപ്പോൾ സ്വിറ്റ്സർലൻഡ് വരെ പോകേണ്ടിവരും. എന്തുകൊണ്ടാണ് സ്വിറ്റ്സർലൻഡിനെ ഭൂമിയിലെ സ്വർഗ്ഗം എന്നുവിളിക്കുന്നത്, മേൽപ്പറഞ്ഞതു കൂടാതെ എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകൾ മാത്രമുള്ളൊരു നാടായതുകൊണ്ടു തന്നെ. ഇതൊക്കെ ഒരുമിച്ച് ആസ്വദിക്കാൻ പക്ഷേ അവിടെ വരെ പോകേണ്ടെങ്കിലോ. ഒരു സ്വപ്നം പോലെ തോന്നുമെങ്കിലും നമ്മുടെ ഇന്ത്യയിലുമുണ്ട് സ്വിറ്റ്സർലൻഡിന്റെ ഫീൽ നൽകുന്ന സൂപ്പർ സ്ഥലങ്ങൾ. പ്രകൃതി സൗന്ദര്യത്തിന് 'ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്' എന്നു വിളിക്കാനുള്ള അവകാശം നേടിയ ചില സ്ഥലങ്ങളിതാ..
ഖജ്ജിയാർ, ഹിമാചൽ പ്രദേശ്
ഒരു ചെറിയ പീഠഭൂമി ആണെങ്കിലും, ഖജ്ജിയാർ അതിന്റെ അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ്. പച്ച പുൽമേടുകൾ, ഇടതൂർന്ന പൈൻ വനങ്ങൾ, നടുവിൽ ശാന്തമായ തടാകം, പശ്ചാത്തലത്തിൽ ഉയരുന്ന ദൗലാധർ പർവതങ്ങൾ. അവയുടെ ഭൂപ്രകൃതിയുടെ സാമ്യം കാരണം, ഡൽഹൗസിക്കടുത്തുള്ള ഈ പട്ടണം ‘ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്നു, പ്രകൃതിസ്‌നേഹികളായ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്.
- സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: വർഷം മുഴുവനും
- എങ്ങനെ എത്തിച്ചേരാം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: കാൻഗ്ര എയർപോർട്ട്, ഗഗ്ഗൽ (115 കി.മീ)
- ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ: പത്താൻകോട്ട് (115 കി.മീ.)
കശ്മീർ, ജമ്മു
'ഭൂമിയിലെ പറുദീസ' എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്. അവിടുത്തെ നില തടാകങ്ങളും നദികളും പച്ചപ്പു നിറഞ്ഞ പുൽമേടുകളും മഞ്ഞുമൂടിയ പർവതങ്ങളും ആദ്യനോട്ടത്തിൽ തന്നെ നിങ്ങളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമാണ് . മാത്രമല്ല, ശൈത്യകാലത്ത് ഇത് ഒരു അത്ഭുതലോകമായി മാറുന്നു. ഒരു ഫാമിലി ടൂറും ഹണിമൂൺ അവധിയും ഒരുപോലെ ആസൂത്രണം ചെയ്യാൻ അനുയോജ്യമായ സ്ഥലമാണ് കശ്മീർ. മനോഹരമായ ഗുൽമാർഗ്, ശ്രീനഗർ, പഹൽഗാം അല്ലെങ്കിൽ സോൻമാർഗ് പറഞ്ഞാൽ തീരാത്തത്ര കാഴ്ചകൾ നിറഞ്ഞ കശ്മീർ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം.
- സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം : മാർച്ച് - ഓഗസ്റ്റ്
- എങ്ങനെ എത്തിച്ചേരാം:
- ഏറ്റവും അടുത്തുള്ള വിമാനത്താവളം : ഷെയ്ഖ് ഉൾ ആലം അന്താരാഷ്ട്ര വിമാനത്താവളം, ശ്രീനഗർ
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : ശ്രീനഗർ, ജമ്മു താവി
ഔലി, ഉത്തരാഖണ്ഡ്
ഒരു സ്കീ റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അതിനായി സ്വിസ് ആൽപ്സ് വരെ പോകേണ്ട ആവശ്യമില്ല. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനായ ഔലിയിലേക്കു പോയാൽ മതി. ഇന്ത്യയിലെ മുൻനിര സ്കീയിംഗ് ഡെസ്റ്റിനേഷനുകളിലൊന്നായ ഔലിയിൽ വൃത്തിയുള്ളതും കുത്തനെയുള്ളതുമായ പർവത ചരിവുകൾ മഞ്ഞ് പരവതാനി വിരിച്ചിരിക്കുന്ന കാഴ്ച ആരേയും ആകർഷിക്കും. ഇത് ശൈത്യകാലത്ത് സാഹസികത തേടുന്നവർക്ക് ഒരു മികച്ച ഗേറ്റ് എവേ ആക്കി മാറ്റുന്നു.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം: വർഷം മുഴുവനും നല്ല സമയാണ്.
എങ്ങനെ എത്തിച്ചേരാം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: ജോളി ഗ്രാന്റ് എയർപോർട്ട്, ഡെറാഡൂൺ (180 കി.മീ.)
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഡെറാഡൂൺ (150 കി.മീ.)
മുൻസിയാരി, ഉത്തരാഖണ്ഡ്
ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന മുൻസിയാരി, ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോരാഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കുഗ്രാമമാണ്. സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ് ഈ മനോഹരമായ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മുൻസിയാരി എന്ന വാക്കിന്റെ അർത്ഥം മഞ്ഞുള്ള സ്ഥലം എന്നാണ്, ചെറിയ കാശ്മീർ എന്നും ഇതിനെ വിളിക്കുന്നുണ്ട്.
സന്ദർശിക്കാൻ പറ്റിയ സമയം
വർഷം മുഴുവനും തണുത്തതും മനോഹരവുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ, താപനില 5 ° C മുതൽ 25 ° C വരെയാണ്. എങ്കിലും മുൻസിയരിയിലെ കാലാവസ്ഥ സീസൺ അനുസരിച്ച് വ്യത്യാസപ്പെടുന്നു. ട്രെക്കിങ്, ക്യാംപിങ്, മറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി മുൻസിയാരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേനൽക്കാലമാണ്.
എങ്ങനെ എത്തിച്ചേരാം
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നു നേരിട്ട് ബന്ധമില്ലാത്തതിനാൽ മുൻസിയാരിയിലേക്ക് യാത്ര ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടാണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും 200 കിലോമീറ്ററിലധികം ദൂരത്തിലാണ്. റോഡിലൂടെയുള്ള യാത്രയും അൽപ്പം ബുദ്ധിമുട്ടേറിയതാണ്.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഡെറാഡൂൺ - മുൻസിയാറിൽ നിന്ന് 214 കി.മി.
- കത്‌ഗോഡം (275 കി.മീ), തനക്പൂർ (286 കി.മീ) എന്നിവയാണ് റെയിൽ മാർഗം മുൻസിയാരിയിലെത്താൻ ഏറ്റവും അടുത്തുള്ള റെയിൽവെ സ്റ്റേഷനുകൾ.
യംതാങ് വാലി, സിക്കിം
സിക്കിമിന്റെ വടക്ക് ഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് 3564 മീറ്റർ ഉയരത്തിലാണ് യംതാങ് താഴ്വര സ്ഥിതി ചെയ്യുന്നത്. സിക്കിമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ സ്ഥലം. മരങ്ങൾ ഇല്ലാത്ത ഈ താഴ്വര പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്നുണ്ട്.
താഴ്‌വരയ്‌ക്ക് ചുറ്റുമുള്ള മഞ്ഞു പുതച്ച പർവതങ്ങളിൽ കുച്ചിച്ചെടികളാലും പുൽമേടുകളാൽ പൊതിഞ്ഞ നീണ്ട പ്രദേശങ്ങൾ, സുഗന്ധമുള്ള പരിസ്ഥിതി എന്നിവ ഈ സ്ഥലത്തെ പ്രകൃതിയുടെ അത്ഭുതലോകമാക്കി മാറ്റുന്നു, ഇത് ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു.
സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം
ഏപ്രിലിനും മേയ് മാസത്തിനും ഇടയിലുള്ള വേനൽക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
എങ്ങനെ എത്തിച്ചേരാം
യംതാങ് താഴ്‌വരയിൽ നിന്ന് 26 കിലോമീറ്റർ യാത്ര ചെയ്താൽ ലാച്ചുങ്ങിൽ നിന്ന് ടാക്സി വാടകയ്‌ക്കെടുക്കാം. ഈ താഴ്‌വരയിലേക്കുള്ള റോഡ് ഇരുവശത്തും റോഡോഡെൻഡ്രോണുകളുടെ വൈവിധ്യമാർന്ന മനോഹര കാഴ്ച നൽകുന്നു. ചൈന അതിർത്തിയോട് സാമീപ്യമുള്ളതിനാൽ, ഈ സ്ഥലത്തെത്താൻ ഒരു ഇൻറർ ലൈൻ പെർമിറ്റ് ആവശ്യമാണ്, അത് ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നിന്നോ ഏതെങ്കിലും രജിസ്റ്റർ ചെയ്ത ടൂർ ഓപ്പറേറ്റർ വഴിയോ ലഭിക്കും.
Content Summary : India's mini switzerlands.