സമ്പാദ്യമെല്ലാം യാത്രയ്ക്കായി ചെലവഴിക്കുന്ന ദമ്പതികൾ; 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു
Mail This Article
എല്ലുമുറിയെ പണിയെടുത്ത് ഒരു ദിവസം ജോലിയില്‍ നിന്നും വിരമിക്കുക. സമ്പാദ്യങ്ങളെല്ലാം വിറ്റഴിച്ച് പ്രിയതമയ്ക്കൊപ്പം ലോകം ചുറ്റാനിറങ്ങുക... എന്തു മനോഹരമായ നടക്കാത്ത സ്വപ്‌നം. എന്നു കരുതുന്നവര്‍ക്കു മുന്നില്‍ ഈ സ്വപ്‌നം ജീവിച്ചു കാണിക്കുകയാണ് എഡ്വാര്‍ഡോ പാസിയവും ജീവിതപങ്കാളി അല്‍ബനിറ്റ ഒലിവെയ്‌റയും.
ബ്രസീലുകാരനായ എഡ്വാര്‍ഡോ പാസിയവും പങ്കാളി അല്‍ബനിറ്റയും ഇന്റര്‍നെറ്റ് ഇന്‍ഫ്‌ളുവന്‍സറായ ഫെര്‍ണാഡോ ബെല്‍ട്രാനോടാണ് തങ്ങളുടെ യാത്രയെക്കുറിച്ച് മനസു തുറക്കുന്നത്. ഒന്നര മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള റീല്‍സിലൂടെ സ്വപ്‌നയാത്രയെക്കുറിച്ചും ജീവിത ദര്‍ശനത്തെക്കുറിച്ചും ഈ ദമ്പതികള്‍ വിവരിക്കുന്നു.
നിങ്ങളെന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് ഞാന്‍ ലോകം ചുറ്റുന്നുവെന്ന ലളിതമെങ്കിലും അധികമാര്‍ക്കും പറയാനാവാത്ത മറുപടിയാണ് എഡ്വാര്‍ഡോ നല്‍കുന്നത്. കൂടെ ഞാനുമുണ്ടെന്ന് അല്‍ബനിറ്റയും കൂട്ടിച്ചേര്‍ക്കുന്നു. ലോകം ചുറ്റുന്നതിനു മുൻപ് നിങ്ങളെന്താണ് ചെയ്തിരുന്നതെന്നാണ് അടുത്ത ചോദ്യം. ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും തുണികള്‍ വാങ്ങി സ്വന്തം നാടായ ബ്രസീലില്‍ വില്‍ക്കുന്ന കച്ചവടമാണ് ചെയ്തിരുന്നതെന്ന് എഡ്വാര്‍ഡോ വിവരിക്കുന്നു. മുപ്പതു വര്‍ഷത്തോളം എഡ്വാര്‍ഡോ ഈ കച്ചവടം ചെയ്തു. ലോകം ചുറ്റാന്‍ തീരുമാനിച്ചതോടെ സമ്പാദ്യമെല്ലാം വിറ്റഴിച്ചുവെന്നും എഡ്വാര്‍ഡോ കൂട്ടിച്ചേര്‍ക്കുന്നു.
'നിങ്ങള്‍ എത്ര സമ്പാദിച്ചു' എന്ന് ആരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണ് ഫെര്‍ണാഡോ ബെല്‍ട്രാന്‍ ചോദിക്കുന്നത്. ഉത്തരം പറയാന്‍ അല്‍പം വിഷമമുള്ള ചോദ്യമാണെന്നു പറഞ്ഞ് ചിരിച്ച എഡ്വാര്‍ഡോ പ്രതിമാസം ശരാശരി 30,000 ഡോളര്‍(ഏകദേശം 25 ലക്ഷം രൂപ) സമ്പാദിച്ചിരുന്നുവെന്ന് പിന്നീട് പറയുന്നുമുണ്ട്. സമ്പാദ്യമെല്ലാം യാത്രക്കായി ചിലവഴിക്കുന്നവരുടെ പണം ഒരാള്‍ക്കും എടുക്കാനാവില്ലെന്ന എഡ്വാര്‍ഡോ കൂട്ടിച്ചേര്‍ക്കുന്നു.
ഫെര്‍ണാഡോ ബെല്‍ട്രാന്‍ ഡബ്ലിനില്‍ വെച്ചാണ് എഡ്വാര്‍ഡോ പാസിയത്തേയും ജീവിതപങ്കാളി അല്‍ബനിറ്റ ഒലിവെയ്‌റയേയും കണ്ടു സംസാരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നാണ് ഇവര്‍ അയര്‍ലണ്ടിലേക്കെത്തിയത്. അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അടുത്ത ലക്ഷ്യം ലണ്ടനാണെന്നും എഡ്വാര്‍ഡോ പറയുന്നു. ഇതുവരെ എഡ്വാര്‍ഡോ- അല്‍ബനിറ്റ ദമ്പതികള്‍ 59 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ലോകം കണ്ടുള്ള യാത്ര തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
Content Summary : Retired entrepreneur shares the secrets behind his lucrative lifestyle.