ADVERTISEMENT

നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വർ, തിരക്കേറിയ നഗരമായ ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സ്ഥലം, ഇവിടം ഇനി അറിയപ്പെടാൻ പോകുന്നത് ആദിശങ്കരാചാര്യർ പ്രശസ്‌തമാക്കിയ അദ്വൈത വേദാന്ത തത്വചിന്തയുടെ ആഗോള കേന്ദ്രമായിട്ടായിരിക്കും. 108 അടി ഉയരത്തിൽ 28 ഏക്കറിലായി നിർമ്മിക്കുന്ന ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനു സമർപ്പിക്കുന്നതോടെ ഇന്ത്യയുടെ വിനോദസഞ്ചാരഭൂപടത്തിൽ പുതിയൊരധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. മാന്ധാത പർവതത്തിലെ ഈ മഹത്തായ പ്രതിമയുടെ നിർമ്മാണം പൂർത്തിയായി. എട്ടാം നൂറ്റാണ്ടിലെ ആദരണീയനായ തത്വചിന്തകനുള്ള ഈ സ്മാരക ആദരവിന് ഏകാത്മതാ കി പ്രതിമ അല്ലെങ്കിൽ 'ഏകത്വത്തിന്റെ പ്രതിമ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 'ഏകാത്മധാം' എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ ഏകദേശം 2,000 കോടി രൂപയാണ് ചെലവ്.

 

108 അടി ഉയരത്തിൽ നിൽക്കുന്ന ഈ വിസ്മയിപ്പിക്കുന്ന മൾട്ടി-ലോഹ ശിൽപം, ആദിശങ്കരാചാര്യയെ 12 വയസ്സുള്ള ആൺകുട്ടിയായി ചിത്രീകരിക്കുന്നു. പ്രതിമയുടെ അനാച്ഛാദനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നിർവഹിക്കും. ഈ അനാച്ഛാദനം സംസ്ഥാനത്ത് വർഷാവസാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എന്നത് ശ്രദ്ധേയമാണ്, ഇത് രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ഒരു സുപ്രധാന സംഭവമായി മാറുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഒരു മ്യൂസിയം, പൂന്തോട്ടം, ഗുഫാ മന്ദിർ, അഭയ് ഘട്ട് എന്നിവ പദ്ധതിയുടെ ഭാഗമാണ്.

 

ആദിശങ്കരാചാര്യരുടെ യാത്ര ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതാണ്. ചെറുപ്രായത്തിൽ തന്നെ ത്യാഗത്തിന്റെ ഒരു പാത അദ്ദേഹം ആരംഭിച്ചു. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്കു നയിച്ചു, അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തിൽ 4 വർഷം ചിലവഴിക്കുകയും  വിദ്യാഭ്യാസം നേടുകയും ചെയ്തു. 12-ാം വയസ്സിൽ, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഓംകാരേശ്വർ വിട്ടുവെന്നുമാണ് ഐതിഹ്യം. അദ്വൈത വേദാന്തത്തിന്റെ ദാർശനിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. കൂടാതെ, ഈ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥാപിക്കും. ഒരു പാരിസ്ഥിതിക പ്രതിബദ്ധത എന്ന നിലയിൽ, നഗരത്തിന്റെ സുസ്ഥിരതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നൽകുന്ന 36 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഒരു "അദ്വൈത വനം" ഇവിടെ പണിപ്പുരയിലാണ്.ഒരു തീർത്ഥാടന കേന്ദ്രമെന്നതിലുപരി ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 

 

Content Summary : Ekatmadham, Adi Shankaracharya statue of oneness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com