ക്രിസ്മസ് യാത്ര പ്ലാന്‍ ചെയ്യുകയാണോ? കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

Mail This Article
ഈ വര്‍ഷം കഴിയാന്‍ ഇനി മൂന്നു മാസമേയുള്ളൂ. ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്കായി പലരും യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍. വിമാനടിക്കറ്റുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ ചെയ്യണോ അതോ യാത്ര ചെയ്യുന്ന ദിവസങ്ങളോട് അടുത്തുള്ള സമയം തിരഞ്ഞെടുക്കണോ എന്നുള്ള കണ്‍ഫ്യൂഷന്‍ പലര്‍ക്കും കാണും. ഇതിനുള്ള പരിഹാരം ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫീച്ചറുകളില്‍ ഒന്നായ ഗൂഗിള്‍ ഫ്ലൈറ്റ്സിന്‍റെ കയ്യിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഗൂഗിൾ ഫ്ലൈറ്റ്സ് ടീം, തൊട്ടു മുന്‍പത്തെ അഞ്ചു വര്‍ഷത്തെ വിമാന ടിക്കറ്റ് നിരക്ക് പരിശോധിക്കുകയുണ്ടായി. യാത്ര ചെയ്യാനുള്ള ഏറ്റവും ചെലവുകുറഞ്ഞ ദിവസങ്ങളും ഓരോ സീസണിലും ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയവും ഏതാണെന്ന് കണ്ടെത്താൻ വേണ്ടിയായിരുന്നു ഇത്.
ഗൂഗിളിന്‍റെ അഭിപ്രായത്തിൽ, ചിലവു കുറഞ്ഞ വിമാനയാത്രയ്ക്ക് ഏറ്റവും നല്ലത് ആഴ്ചയുടെ മധ്യത്തില്‍ ഉള്ള ദിവസങ്ങളാണ്. വാരാന്ത്യങ്ങളില്‍ പൊതുവേ ടിക്കറ്റ് വില കൂടും, ഞായറാഴ്ചകളാണ് ഏറ്റവും ചിലവേറിയ ദിവസം. തിങ്കൾ മുതൽ ബുധനാഴ്ച വരെ പുറപ്പെടുന്ന വിമാനങ്ങൾക്ക് വാരാന്ത്യ ഫ്ലൈറ്റുകളേക്കാൾ 12 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിൽ വില കുറവാണ്. പറ്റുമെങ്കില്‍, നോൺസ്റ്റോപ്പ് ഫ്ലൈറ്റിന് പകരം ഒരു ലേഓവർ ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിലൂടെ, ഏകദേശം 20 ശതമാനം ലാഭിക്കുകയും ചെയ്യാം.
എന്താണ് ഗൂഗിള്‍ ഫ്ലൈറ്റ്സ്?
വിമാനടിക്കറ്റുകള്‍ എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്ന ഗൂഗിളിന്‍റെ എയര്‍ലൈന്‍ ഫീച്ചറാണ് ഗൂഗിള്‍ ഫ്ലൈറ്റ്സ്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ശരിയായ സമയം എപ്പോഴാണെന്ന് ഇത് യാത്രക്കാരെ അറിയിക്കും. ഇതുവരെയുള്ള ബുക്കിങ്ങിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് ഗൂഗിള്‍ ഇത് സാധ്യമാക്കുന്നത്.
മറ്റൊരു പ്രത്യേകത കൂടി ഈ ഫീച്ചറിനുണ്ട്. ഗൂഗിളിലെ വിവരങ്ങള്‍ അനുസരിച്ച് നിരക്ക് ഏറ്റവും കുറവുള്ള സമയം നോക്കി ടിക്കറ്റ് എടുത്തു എന്നിരിക്കട്ടെ. യാത്രാ തീയതിക്ക് മുന്‍പ്, ഇതിന്‍റെ നിരക്ക് വീണ്ടും കുറയുകയാണെങ്കില്‍, ഉപയോക്താവിനുണ്ടാകുന്ന നഷ്ടം കമ്പനി ഗൂഗിള്‍ പേ വഴി തിരികെ നല്‍കും. ഈ സേവനം യു എസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇനി തിരക്കേറിയ വിമാനയാത്രകള്‍ നടക്കാന്‍ പോകുന്നത് ക്രിസ്മസ് അവധിക്കാലത്തായിരിക്കുമെന്നാണ് ഗൂഗിളിന്‍റെ പ്രവചനം. ഇക്കാലയളവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതിന് ഒക്ടോബര്‍ ആദ്യം ബുക്ക് ചെയ്യണമെന്ന് ഗൂഗിള്‍ പറയുന്നു. ടേക്കോഫിന് ഏകദേശം 71 ദിവസം മുമ്പ് ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നും ഗൂഗിള്‍ പറയുന്നു.
Content Summary : How to find the best fares with Google Flights.