ഗോവ ടൂറിസം വകുപ്പിന്റെ ‘ടാക്‌സി ആപ്പ്’, തടസങ്ങളില്ലാതെ യാത്ര ചെയ്യാം
Mail This Article
ഗോവയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും സാധാരണ യാത്രക്കാര്‍ക്കുമായി ടൂറിസം വകുപ്പ് ഗോവ ടാക്‌സി ആപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്തു. ഗോവയില്‍ എല്ലായിടത്തും ഗോവ ടാക്‌സി ആപ്പ് സേവനം ലഭ്യമാണ്. സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പുതിയ അവസരങ്ങളാണ് ആപ്പ് തുറന്നിടുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ഈ പ്ലാറ്റ്‌ഫോമില്‍ സംസ്ഥാനത്ത് എവിടെ നിന്നും ടാക്‌സി ബുക്ക് ചെയ്യാം. വിനോദ സഞ്ചാരികളുടേയും സ്ത്രീകളുടേയും യാത്രക്കാരുടേയും സുരക്ഷയ്ക്കായി ഒട്ടേറെ ഫീച്ചറുകളും ഗോവ ടാക്‌സി ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്വന്തമായി ടാക്‌സി ഉള്ള ഡ്രൈവര്‍മാര്‍ക്ക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കമാന്‍ഡ് സെന്ററിനും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം, സമയവും റൂട്ടും അനുസരിച്ചുള്ള ഡൈനമിക്ക് നിരക്കുകള്‍, ഗൂഗിൾ മാപ് ലൊക്കേഷന്‍ സര്‍വീസ്, പേമെന്റ് സംവിധാനം, യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും അടിയന്തര സന്ദേശങ്ങളയക്കാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ആപ്പിലുണ്ട്.
ആറു മാസമായി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവന്ന ഗോവ ടാക്‌സി ആപ്പ് ഇതുവരെ കാല്‍ ലക്ഷത്തിലേറെ വിനോദ സഞ്ചാരികള്‍ ഉപയോഗിച്ചതായി ടൂറിസം മന്ത്രി രോഹന്‍ എ ഖവുന്തെ പറഞ്ഞു. ആപ്പില്‍ ആയിരത്തിലേറെ ടാക്‌സികള്‍ ലഭ്യമാണ്. സംസ്ഥാനത്ത് എല്ലായിടത്തും തടസ്സങ്ങളില്ലാത്ത യാത്ര ഒരുക്കാന്‍ ഈ 24 മണിക്കൂര്‍ ടാക്‌സി ബുക്കിങ് സംവിധാനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Summary : Taxi app has been introduced to ensure hassle-free commuting and an enhanced traveling experience for residents and visitors across the state.