ADVERTISEMENT

സായാഹ്നങ്ങൾ ഇനി ഇവിടെ ചെലവഴിക്കാം. പാട്ടു കേൾക്കാം, പുസ്തകം വായിക്കാം, ബാസ്കറ്റ് ബോളും ബാഡ്മിന്റണും ചെസും കാരംസും കളിക്കാം, മടുക്കുമ്പോൾ ഒന്നു ചാരിക്കിടന്നു മയങ്ങാം. ചായയും കാപ്പിയും കുടിക്കാനും പലഹാരങ്ങൾ കൊറിക്കാനും സൗകര്യങ്ങൾ...വിനോദ സഞ്ചാര–പൊതുമരാമത്ത് വകുപ്പുകൾ ചേർന്ന് മുതിർന്ന പൗരന്മാർക്കായി നടപ്പാക്കുന്ന പാലങ്ങൾക്കടിയിലെ പാർക്കുകൾക്ക് രൂപരേഖ തയാറായിക്കഴിഞ്ഞു. 

പാലത്തിനടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. മുതിർന്ന പൗരൻമാരുടെ ക്ഷേമം കണക്കിലെടുത്ത് വിനോദത്തോടൊപ്പം വിജ്ഞാനത്തിനും ആരോഗ്യസംരക്ഷണത്തിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. സഹകരണ, പൊതു, സ്വകാര്യ മേഖലകളെ കൂട്ടിയോജിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്

 

പാഴാകുന്ന ഇടങ്ങൾ 

പാലങ്ങളുടെ അടിവശത്തെ സ്ഥലം ഉപയോഗപ്പെടുത്തുക എന്ന ആശയത്തിൽ നിന്നാണ് വയോജന പാർക്കിന്റെ പിറവി. നീളവും വീതിയുമേറിയ മേൽപ്പാലങ്ങൾ കൂടുതലാണ് കേരളത്തിൽ. സർക്കാർ ഭൂമിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യാനും അനധികൃത ഷെഡ്ഡുകൾ നിർമിച്ച് കയ്യേറാനുമാണ് പലരും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. 

 

കേരളത്തിലെ പൊതുമരാമത്ത്–ടൂറിസം പ്രവൃത്തികൾക്കായി ഒരു ഡിസൈൻ പോളിസി തയാറാക്കുന്നതിന് 4 മാസം മുൻപ് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ തലസ്ഥാനത്ത് ശിൽപശാല നടന്നു. പാലങ്ങളുടെ അടിവശത്തെ സ്ഥലം വിനിയോഗിച്ച് വയോജനങ്ങൾക്കും കുട്ടികൾക്കുമായി മനോഹരമായ പാർക്കുകളും കളി സ്ഥലങ്ങളും നിർമിക്കാൻ തീരുമാനിച്ചു. വായനമുറിയും ഓപ്പൺ ജിമ്മും ഇവിടെ സജ്ജമാക്കും. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തയാറാക്കിയ പ്രോജക്ട് റിപ്പോർട്ട് ടൂറിസം വകുപ്പിന്റെ വർക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചു. അടുത്തയാഴ്ച ഉത്തരവ് പുറത്തിറങ്ങും. ഓരോ സ്ഥലത്തെയും സൗകര്യങ്ങൾ പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുക. എല്ലാ ജില്ലകളിലും ഇതു നടപ്പാക്കാനാണ് ആലോചന. 

 

ആദ്യ പാർക്ക് കൊല്ലത്ത്

ആദ്യഘട്ടത്തിൽ കൊല്ലത്ത് എസ്എൻ കോളജിന് സമീപത്തെ റെയിൽവേ മേൽപ്പാലമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പിനാണ് പാർക്ക് നിർമാണത്തിന്റെ ചുമതല. 1.5 കോടി രൂപ ചെലവിട്ട് ഡിസംബറിനകം ഇവിടെ പാർക്ക് സജ്ജമാക്കും. ഇതിനു ശേഷം നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മേൽപ്പാലത്തിനടിയിലും വയോജന പാർക്കുകളും കളിസ്ഥലങ്ങളും നിർമിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് നെടുമ്പാശേരിയിലെ നിർമാണ ചുമതല. പ്രോജക്ട് തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. 

പാലങ്ങൾക്കടിയിൽ സജ്ജമാക്കുന്ന കളിസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് ചെറിയ തോതിൽ യൂസർ ഫീ ഈടാക്കാനും ആലോചനയുണ്ട്. ഭിന്നശേഷിക്കാർക്കും ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽ‍പന ചെയ്യുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT