സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ‘കൊല്ലം പാറപ്പള്ളി കടലോരം’

Mail This Article
കൊയിലാണ്ടി (കോഴിക്കോട്). ചരിത്രവും സംസ്കാരവും മിത്തും ചേർന്ന് കടൽ കാറ്റേറ്റ് സ്വപ്നം കണ്ടുറങ്ങുന്ന കരിമ്പാറകളുടെ തീരമായ കൊല്ലം പാറപ്പള്ളി കടലോരം വിനോദ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനം പിടിച്ച കാപ്പാടിനും ലോകം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരിങ്ങൽ കരകൗശല ഗ്രാമത്തിനും ഏതാണ്ട് മധ്യേയാണ് ആരെയും ആകർഷിക്കുന്ന ഈ തീരം. കൊയിലാണ്ടി വടകര റൂട്ടിൽ ഏതാണ്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ച് എത്തുന്ന കൊല്ലം ടൗണിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ഈ ആത്മിയ തീരത്തിലെത്താം. ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമായ പാറപ്പള്ളിയോട് ചേർന്നാണ് മനോഹരമായ കടലോരം. കടലിൽ ഈ ഭാഗം മുഴുവൻ വെള്ളത്തിനു മുകളിൽ പൊന്തി കിടക്കുന്നതു പോലെ കരിമ്പാറകൾ കാണാം. കടലിന് തൊട്ടടുത്ത് ഉയർന്ന കുന്നിലാണ് പാറപ്പള്ളി. 18 ഏക്കറോളമുള്ള കുന്ന് മയ്യത്ത് കുന്ന്, കൗലമല എന്നിങ്ങനെ അറിയപ്പെടുന്നു.സംസ്ഥാനത്തിനകത്തുനിന്നും പുറത്തു നിന്നുമായി അനേകായിരങ്ങൾ ഇവിടെ എത്താറുണ്ട്.
നിസ്കാരത്തിന് തുറന്നുകൊടുക്കാത്ത ഔലിയാ പള്ളിയും മുനമ്പത്ത് പള്ളിയും ഇവിടെയുണ്ട്. പള്ളിക്ക് താഴെ കടലോരത്ത് പാറക്കെട്ടുകൾക്കിടയിൽ ഒഴുകിയെത്തുന്ന തെളിനീരുറവയായ ഔലിയാ വെള്ളം തേടി നിരവധി വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നു. കണ്ണിനും മനസിനും കുളിരേകുന്ന,കടലിലേക്കിറങ്ങി നിൽക്കുന്ന പാറക്കൂട്ടങ്ങളിൽ രാത്രി വൈകും വരെ കഴിച്ചുകൂട്ടുന്ന സഞ്ചാരികളെ ഇവിടെ കാണാം. കോളം കടപ്പുറമെന്ന് ചരിത്രത്തിൽ വിശേഷിപ്പിച്ച ഈ തീരത്ത് പ്രാചീന കാലത്ത് നിരവധി പത്തേമാരികൾ എത്തിയിരുന്നു.ഇതിന്റെ തൊട്ട് തെക്കുഭാഗത്താണ് പോർച്ചുഗീസുകാരും കുഞ്ഞാലിയുമായി ഏറ്റുമുട്ടൽ നടന്നതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
Content Summary : Koyilandy Kollam Parappally beach.