ADVERTISEMENT

കഴിഞ്ഞ മാസം രാഹുൽ ഗാന്ധി ലഡാക്കിലൂടെ നടത്തിയ 1300 കിലോമീറ്റർ സാഹസിക ബൈക്ക് റൈഡ് സംഘത്തിലെ ആറുപേരിൽ ഒരാൾ കോഴിക്കോട്ടുകാരൻ മുർഷിദ് ബഷീർ. ദിവസങ്ങൾക്കു മുമ്പ് രാഹുൽ ഈ സാഹസിക റൈഡിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോഴാണ് കൂടെ യാത്ര ചെയ്തത് മുർഷിദാണെന്ന് പലരും തിരിച്ചറിഞ്ഞത്. സാഹസിക ബൈക്ക് സ്റ്റണ്ട് മോട്ടോറിസ്റ്റായ മുർഷിദ് ബാൻഡിഡോസ് കാരപ്പറമ്പ് സ്വദേശിയാണ്.  

രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് രാഹുൽ ബൈക്കിൽ സഞ്ചരിക്കുകയും ഗ്രാമങ്ങളിലെത്തി ജനസമ്പർക്ക പരിപാടികൾ നടത്തുകയും ചെയ്തത്. ഇന്ത്യയിലെ വിദഗ്ധരായ അഞ്ച് യുവ റൈഡർമാർക്കൊപ്പമാണ് ആറു ദിവസത്തെ യാത്ര. തന്റെ റൈഡിങ് ജീവിതത്തിലെ അവിസ്മരണീയ സാഹസിക റൈഡായിരുന്നു ഇതെന്ന് മുർഷിദ് പറയുന്നു. 

പാംഗോങ്ങിലേക്ക് രാഹുൽ ഗാന്ധിയ്ക്കൊപ്പം റൈഡർ ടീം
പാംഗോങ്ങിലേക്ക് രാഹുൽ ഗാന്ധിയ്ക്കൊപ്പം റൈഡർ ടീം

 

രാഹുലിന്റെ സംഘം വിദഗ്ധ റൈഡർമാർക്കായി നടത്തിയ അന്വേഷണത്തിലാണ് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലയാളി റൈഡർ എന്ന നിലയിൽ മുർഷിദിനെ തിരഞ്ഞെടുത്തത്. റേസിങ് താരങ്ങളും പരിശീലകരുമായ നിലേഷ്, ടെൻസിങ്, സിങ്, രാകേഷ് ബിഷ്ട് എന്നിവരായിരുന്നു സംഘത്തിലെ മറ്റു നാലു പേർ. 

 

ആദ്യമായിട്ടാണ് രാഹുൽ ഗാന്ധി സാഹസിക ബൈക്ക് റൈഡിങ് നടത്തിയത്. എന്നാൽ അതിശയിപ്പിക്കുന്ന വേഗത്തിലാണ് യാത്രയുടെ രീതികൾ പഠിച്ചതെന്ന് മുർഷിദ് പറഞ്ഞു. മികച്ച മോട്ടോർ സൈക്കിളും പൂർണ റൈഡിങ് ഗിയറും രാഹുലിന് സ്വന്തമായുണ്ടായിരുന്നു. 

മുർഷിദ് ബഷീർ രാഹുൽ ഗാന്ധിയ്ക്കൊപ്പം
മുർഷിദ് ബഷീർ രാഹുൽ ഗാന്ധിയ്ക്കൊപ്പം

ഓരോ ദിവസം 100 മുതൽ 200 കിലോമീറ്റർ വരെ ദൂരമാണ് റൈഡുണ്ടായിരുന്നത്. ലേയിൽനിന്ന് പാങ്കോങ് തടാകം, നുബ്ര വാലി, ലമയൂരു വഴി സംഘം ഒരുമിച്ച് 1,300 കിലോമീറ്റർ റൈഡ് നടത്തി.

Read Also : നിറം മാറുന്ന ജലം, മീനുകള്‍ വസിക്കാത്ത തടാകം
 

‘‘തുടക്കക്കാരന്റെ ക്ഷീണമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇടവേളകളിൽ പ്രദേശവാസികളിലേക്ക് ഇറങ്ങി ചെന്ന് അവരുമായി സംസാരിക്കാനും കാര്യങ്ങൾ അന്വേഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി’’ മുർഷിദ് പറഞ്ഞു. 

 

ബൈക്ക് സ്റ്റണ്ട്കളിലൂടെയാണ് മുർഷിദ് ബഷീർ എന്ന മുർഷിദ് ബാൻഡിഡോസ് പ്രശസ്തനാകുന്നത്. ചെറിയ പ്രായത്തിൽ തന്നെ രാജ്യത്തെ മികച്ച ബൈക്ക് സ്റ്റണ്ടർമാരിൽ ഒരാൾ ആയി മാറി. ലോകപ്രശസ്ത ബൈക്ക് സ്റ്റണ്ട് പ്രഫഷണലായ ക്രിസ് ഫൈഫറിനൊപ്പം ബാംഗ്ലൂരിൽ സ്റ്റണ്ട് അവതരിപ്പിച്ചതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധ നേടിയത്. ബാൻഡിറ്റ് ബൈക്കേഴ്സ് എന്ന പേരിൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്റ്റണ്ട് ടീം ഉണ്ടാക്കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പ്രദർശനങ്ങളും രാജ്യാന്തര തലത്തിൽ മികച്ച റേസ് ഇവന്റുകളും സംഘടിപ്പിച്ചിട്ടുണ്ട്. മുർഷിദും സംഘവും നേതൃത്വം നൽകുന്ന ബാൻഡിഡോസ് ഡേർട്ട് എക്സ്ട്രീം കേരളചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്.

 

Content Summary : Murshid Basheer, Adventure motorcyclist who ride bike to Ladakh's Pangong lake with Rahul Gandhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com