ADVERTISEMENT

വിനോദസഞ്ചാരികൾ എത്തുന്നത് മിക്ക നാടുകൾക്കും ഒരു വരുമാന മാർഗമാണ്. വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായ നിരവധി രാജ്യങ്ങളും സ്ഥലങ്ങളും ഉണ്ട്. എന്നാൽ വിനോദസഞ്ചാരികളെ തട്ടിയിട്ടു നടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായാലോ? അവരുടെ തിരക്കു കാരണം സമാധാനം നഷ്ടപ്പെട്ടാലോ? അത്തരം ചില സ്ഥലങ്ങളുമുണ്ട്. ഓവർടൂറിസം അഥവാ അനിയന്ത്രിതമായി വിനോദസഞ്ചാരികൾ എത്തുന്നതു മൂലം സമാധാനം നഷ്ടപ്പെട്ടു പോയ അത്തരം ചില സ്ഥലങ്ങൾ ഇതാ.

 

ബാർസിലോന, സ്പെയിൻ

 

കഴിഞ്ഞ ഒരു ദശാബ്ദമായി അനിയന്ത്രിതമായി വിനോദസഞ്ചാരികൾ എത്തുന്നതിനാൽ സമാധാനം നഷ്ടപ്പെട്ട സ്ഥലമാണ് സ്പെയിനിലെ ബാർസിലോന. വിനോദസഞ്ചാരികൾ പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി ഡോക്യുമെന്ററികൾ തന്നെ വന്നിട്ടുണ്ട്. സ്പെയിനിൽ ഒരു വർഷം എത്തുന്ന 3.2 കോടി ആളുകളിൽ പകുതിയിലേറെയും ഒരു പകൽ മാത്രം ബാർസിലോന സന്ദർശിക്കുന്നവരാണ്. അതിനുള്ള പ്രധാന കാരണം ഇവിടേക്ക് എത്തുന്ന ക്രൂസ് ഷിപ്പുകളുടെ എണ്ണമാണ്. 2019 ൽ യൂറോപ്പിലെ ഏറ്റവും മലിനപ്പെട്ട തുറമുഖമായി ബാർസിലോന മാറിയെന്നതിൽനിന്ന് ഇക്കാര്യം കൂടുതൽ വ്യക്തമാണ്. പ്രദേശവാസികൾ ബാർസിലോനയെ കാഴ്സലോന എന്നാണ് വിളിക്കുന്നത്. കാഴ്സൽ എന്ന വാക്കിന് ജയിൽ എന്നാണർഥം. ചുരുക്കത്തിൽ വിനോദസഞ്ചാരികൾ അമിതമായി എത്തുന്നത് മൂലം പ്രദേശവാസികൾക്ക് സ്വന്തം നാട് ജയിൽ പോലെയാണ് അനുഭവപ്പെടുന്നത്. ഇവിടെയെത്തുന്ന 3.2 കോടി 32 ആളുകളിൽ 80 ലക്ഷം പേർ  മാത്രമാണ് ഹോട്ടലുകളിൽ താമസിക്കുന്നത്. ഇത് പ്രദേശത്തെ ടൂറിസം വ്യവസായത്തിന് കാര്യമായ നേട്ടമുണ്ടാക്കുന്നില്ല എന്നതും പ്രദേശവാസികളുടെ അതൃപ്തിക്ക് ഒരു കാരണമാണ്.
 

റോം, ഇറ്റലി

 

അമിതമായി വിനോദസഞ്ചാരികൾ എത്തുന്നതു മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സ്ഥലങ്ങളിൽ മറ്റൊന്നാണ് ഇറ്റലിയിലെ റോം. 2019ൽ ഈ മഹാനഗരത്തിൽ രാത്രികാലങ്ങളിൽ താമസിച്ച വിനോദസഞ്ചാരികൾ 260 ലക്ഷമാണ്. ഇറ്റലിയിലെ വെനീസിൽ അനുഭവപ്പെടുന്ന അതേ രീതിയിലുള്ള വിനോദസഞ്ചാരത്തിന്റെ അതിപ്രസരമാണ് റോമിലും അനുഭവപ്പെടുന്നത്. ഓവർടൂറിസം റോമിനെ സംബന്ധിച്ച് ഒരു വെറും വാക്കല്ല, യാഥാർഥ്യമാണ്. റോമിലെ ടൂറിസം വ്യവസായം ഇറ്റലിയുടെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നാണ്. നിരവധി പേർക്ക് തൊഴിലും നൽകുന്നു. പക്ഷേ അമിതമാകുന്ന മാലിന്യങ്ങളും മലിനീകരണവും ഇതിന്റെ ബാക്കി പത്രങ്ങളാണ്. കൊളോസിയം, വത്തിക്കാൻ, സ്പാനിഷ് സ്റ്റെപ്സ് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം എപ്പോഴും തിരക്കായിരിക്കും. അമിത വിനോദസഞ്ചാരം വിലക്കയറ്റത്തിനു കാരണമാകുകയും അത് ഇവിടെയുള്ള സാധാരണക്കാരുടെ ജീവീതത്തെ ബാധിക്കുകയും ചെയ്യുന്നു.

 

സിയെം റീപ്, കംബോഡിയ

 

അങ്കോർ വാട് എന്ന വളരെ പ്രശസ്തമായ ക്ഷേത്രമാണ് കംപോഡിയയിലെ സിയെം റീപ് എന്ന സ്ഥലത്തിന്റെ പ്രത്യേകത. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രത്തിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് വർഷം മുഴുവനും എത്താറുള്ളത്. 1992 ലാണ് അങ്കോർ വാട് ക്ഷേത്രം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചത്. തുടർന്ന് രാജ്യത്തിന്റെ ടൂറിസം മേഖല വലിയ രീതിയിൽ വികസിച്ചു. 1993ൽ രാജ്യത്ത് എത്തിയത് ഒരു ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ ആയിരുന്നെങ്കിൽ 2018 ൽ അത് 62 ലക്ഷത്തിനു മുകളിലാണ്. വിനോദസഞ്ചാരത്തിന്റെ വളർച്ച കാരണം 2006ൽ  ഒരു പുതിയ വിമാനത്താവളം തന്നെ കംബോഡിയ പണികഴിപ്പിച്ചു. 2018 ൽ സിയെം റീപിൽ 2,590,815 വിനോദസഞ്ചാരികൾ ആണ് എത്തിയത്. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളിൽ 38.3% ആണിത്. 

 

ആംസ്റ്റർഡാം, നെതർലൻഡ്സ്

 

കോവിഡ് 19 മഹാമാരി ലോകത്തെ പിടികൂടുന്നതിന് മുമ്പ് ഒരു വർഷം 1.9 കോടി സന്ദർശകർ ആയിരുന്നു നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്ക് എത്തിയിരുന്നത്. കോവിഡ് കാലത്ത് സ്ഥിതി ശാന്തമായെങ്കിലും വീണ്ടും വിനോദസഞ്ചാരം ശക്തമായതോടെ അമിതമായി വിനോദസഞ്ചാരികൾ എത്തുന്നത് ആംസ്റ്റർഡാമിനെയും ബാധിച്ചു കഴിഞ്ഞു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെയാണ് ആംസ്റ്റർഡാം വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചത്. ആംസ്റ്റർഡാം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കാൻ പണമിറക്കുകയും നഗരമധ്യത്തിൽ വലിയ ഹോട്ടലുകൾ പണി കഴിപ്പിക്കുകയും ചെയ്തു. ആ ശ്രമം വിജയിക്കുകയും ആംസ്റ്റർഡാം വലിയ ടൂറിസം കേന്ദ്രമായി മാറുകയും ചെയ്തു. 2009 മുതൽ 2019 വരെ, ആംസ്റ്റ‍‍ർഡാമിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഒരു കോടിയിൽനിന്ന് 1.9 കോടിയായി വർധിച്ചു. ഇവിടെയുള്ള സാധാരണക്കാരുടെ ജീവിതത്തെയും അതു സാരമായി ബാധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഇപ്പോൾ അധികൃതരുടെ ആലോചന. ആംസ്റ്റർഡാമിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ടൂറിസ്റ്റ് സീസണ്‍ ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്.

 

യുഎസ് നാഷനൽ പാർക്കുകൾ

 

ഗ്രേറ്റ് സ്മോകി മൗണ്ടൻസ്, ഗ്രാൻഡ് കാന്യൻ, സിയോൺ നാഷനൽ പാർക്ക്, യെല്ലോസ്റ്റോൺ നാഷനൽ പാർക്ക്, യോസ്മിതേ നാഷനൽ പാർക്ക് എന്നീ നാഷനൽ പാർക്കുകൾ കാണാൻ ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരാണ് എത്തുന്നത്. വിനോദസഞ്ചാരികളുടെ അനിയന്ത്രിത സാന്നിധ്യം പാർക്കുകളുടെ നിലനിൽപ്പിനു തന്നെ പലപ്പോഴും ഭീഷണിയാകുന്നുണ്ട്. പലപ്പോഴും സന്ദർശകർക്കും ഭീഷണിയാണ് ഈ ഓവർടൂറിസം. യെല്ലോസ്റ്റോൺ പാർക്കിലെ അതിലോലമായ ആവാസ വ്യവസ്ഥയെ ഇതു നശിപ്പിക്കുന്നു. ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ മോണിങ് ഗ്ലോറി തടാകം രൂക്ഷമായ ഭീഷണിയിലൂടെയാണ് കടന്നു പോകുന്നത്. ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾ തടാകത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് വലിയ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുന്നത്. 

 

ഐസ്‌ലൻഡ്

 

വിനോദസഞ്ചാരികൾ അമിതമായി എത്തുന്നത് ഐസ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ചെറുതായല്ല ബാധിക്കുന്നത്. ഇവിടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കാണുമ്പോൾ അത് മനസ്സിലാകും. 2010 ൽ അഞ്ചു ലക്ഷത്തിൽ താഴെ വിനോദസഞ്ചാരികൾ മാത്രമായിരുന്നു ഐസ്‌ലൻഡിൽ എത്തിയത്. ഐസ്‌ലൻഡ് മോണിട്ടറിന്റെ കണക്ക് അനുസരിച്ച് 2018 ആയപ്പോഴേക്കും അത് 25 ലക്ഷമായി. ഈ കണക്ക് എങ്ങനെയാണ് ഞെട്ടലുളവാക്കുന്നത് എന്നാണോ? കാരണം, ഐസ്‌ലൻഡിലെ ആകെ ജനസംഖ്യ 334,252 ആണ്. ചുരുക്കത്തിൽ രാജ്യത്തിന്റെ ആകെയുള്ള ജനസംഖ്യയേക്കാൾ എത്രയോ ഇരട്ടിയാണ് ഓരോ വർഷവും ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾ. 

 

വെനീസ്, ഇറ്റലി

 

വിനോദസഞ്ചാരികൾ വെനീസിലേക്ക് എത്താൻ തുടങ്ങിയിട്ട് കാലങ്ങളായി. അതുകൊണ്ടുതന്നെ കാലങ്ങളായി വെനീസ് നേരിടുന്ന ഒരു പ്രശ്നമാണ് വിനോദസഞ്ചാരികളുടെ അമിത ഒഴുക്ക്. വിനോദസഞ്ചാരികളുടെ വർധന ഏറ്റവും മോശമായി ബാധിച്ച യൂറോപ്യൻ നഗരങ്ങളിൽ ഒന്നാണ് വെനീസ്. ഓരോ വർഷവും ഈ നഗരത്തിലേക്കേ് എത്തുന്നത് 3.5 കോടിയിലേറെ വിനോദസഞ്ചാരികളാണ്. ആദ്യകാലങ്ങളിൽ വെനീസിലേക്ക് എത്തുന്ന സഞ്ചാരികൾ എഴുത്തുകാരും കലാകാരൻമാരും നാടിന്റെ സംസ്കാരത്തെ അറിയാനെത്തുന്ന ബുദ്ധിജീവികളുമായിരുന്നു. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ഒരേ സമയം, ഒരേ സ്ഥലത്തേക്ക് നിരവധി ആളുകൾ ഒരുമിച്ചെത്തുന്ന അവസ്ഥയാണ് ഓവർടൂറിസം. അത് അനുഭവിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രധാനമാണ് വെനീസ്. തീരത്തേക്ക് എത്തുന്ന ക്രൂസ് ഷിപ്പുകളും അതിൽ നിന്നെത്തുന്ന യാത്രക്കാരും ഓവർടൂറിസത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രദേശവാസികളായ ആളുകൾക്ക് മടുപ്പ് ഉളവാക്കുന്ന തരത്തിൽ ആയിരിക്കരുത് വിനോദസഞ്ചാരത്തിന് എത്തുന്നവർ. പൊതു വാഹന ഗതാഗതം ഉപയോഗിക്കുമ്പോഴും പൊതു സ്ഥലങ്ങളിൽ എത്തുമ്പോഴും ചുറ്റുമുള്ളവരെ കൂടി പരിഗണിക്കുകയാണെങ്കിൽ അത് ഉത്തരവാദിത്തമുള്ള വിനോദസഞ്ചാരമായി മാറും.

 

Content Summary : Overtourism is a growing problem in many popular tourist destinations around the world.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com