ഹിറ്റായി രണ്ടാം വന്ദേ ഭാരത്, തിരൂരിൽ നിന്ന് തിരുവനന്തപുരത്തിനും കാസർകോടിനും ടിക്കറ്റില്ല; മൂന്നാം വന്ദേഭാരത് തിരുവനന്തപുരത്ത് എത്തി
Mail This Article
'ചിലർ വരുമ്പോൾ ചരിത്രം വഴി മാറും' - എന്നത് മലയാളികൾക്കിടയിൽ ഹിറ്റായ ഡയലോഗ് ആണ്. വന്ദേഭാരത് എക്സ്പ്രസ് എത്തിയപ്പോൾ അത്തരത്തിലൊരു മാറ്റമാണ് കേരളത്തിന്റെ യാത്രാശീലത്തിൽ വന്നത്. ഒരു രാത്രി മുഴുവൻ കാത്തു നിൽക്കാതെ, വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ രാത്രി കാസർകോടുള്ള വീട്ടിൽ ചെന്ന് കിടന്നുറങ്ങാമെന്ന് വന്ദേഭാരത് പറഞ്ഞു. മലയാളി അത് കേട്ടു. തിരക്കുപിടിച്ച കാലത്ത്, തങ്ങളുടെ തിരക്കിന് ഒപ്പം നിന്ന വന്ദേഭാരതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒന്നാം വന്ദേഭാരത് കേരളത്തിന്റെ അഭിമാനമായി ഓടിത്തുടങ്ങിയപ്പോൾ തന്നെ രണ്ടാം വന്ദേഭാരതും എത്തി. യാത്രകൾ സുഗമമാക്കുമ്പോൾ ചില സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. അഥവാ ടിക്കറ്റ് വേണമെങ്കിൽ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. വന്ദേഭാരത് ഹിറ്റായപ്പോൾ മലയാളി കൂടുതൽ തിരക്കുള്ളവരായി എന്ന് വേണമെങ്കിൽ പറയാം.
വന്ദേഭാരതിനെ ടിക്കറ്റ് കൊണ്ട് കീഴടക്കി തിരൂർ
വന്ദേഭാരത്, ആദ്യഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, രണ്ടാം വന്ദേഭാരത് തിരൂരിൽ സ്റ്റോപ്പുമായാണ് എത്തിയത്. വലിയ സ്വീകരണം തിരൂരുകാർ വന്ദേഭാരതിന് നൽകുകയും ചെയ്തു. രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ വന്നിറങ്ങിയത് 44 പേർ ആയിരുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നായിരുന്നു തിരൂരിലേക്കുള്ളവർ വന്ദേഭാരതിൽ കയറിയത്. മാത്രമല്ല തിരൂരിൽ നിന്ന് പത്തുപേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി വന്ദേഭാരതിൽ കയറുകയും ചെയ്തു. തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന ശുഭസൂചനയാണ് ആദ്യദിവസം തിരൂരിലെ ജനങ്ങൾ നൽകിയത്.
കലക്കനായി രണ്ടാം വന്ദേഭാരത്, യാത്ര കിടിലമാക്കി മലയാളികൾ
രണ്ടാം വന്ദേഭാരതിന്റെ ആദ്യദിവസത്തെ യാത്ര (20631) 161.5 ശതമാനം ഒക്യുപൻസിയിലാണ് ആരംഭിച്ചത്. ചെയർ കാർ വിഭാഗത്തിലും എക്സിക്യുട്ടിവ് ക്ലാസ് വിഭാഗത്തിലുമായാണ് ഇത്. ആകെ 856 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിൽ 530 പേർ യാത്ര ചെയ്യുകയും ചെയ്തു. യാത്ര ചെയ്തവരിൽ കൂടുതൽ പേരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആയിരുന്നു.
തിരൂരിലേക്ക് ടിക്കറ്റ് കിട്ടാൻ ഇല്ല
രണ്ടാം വന്ദേ ഭാരത് വന്നപ്പോൾ സ്റ്റോപ്പ് അനുവദിച്ച് കിട്ടിയ തിരൂർ ടിക്കറ്റ് ബുക്കിങിലും സ്മാർട്ടാണ്. ഒക്ടോബർ രണ്ടാം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കും തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണ്. മാത്രമല്ല, തിരൂരിൽ നിന്ന് കാസർകോടിലേക്കും ടിക്കറ്റ് ലഭ്യമല്ല. ഏതായാലും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കില്ലെന്ന സൂചനകളാണ് ടിക്കറ്റ് ബുക്കിങ് നിരക്ക് സൂചിപ്പിക്കുന്നത്.
വന്ദേഭാരത് എക്സ്പ്രസിൽ തിരൂരിൽ നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങനെ. എസി ചെയർകാർ (സിസി), എസി എക്സിക്യുട്ടിവ് ക്ലാസ് (ഇസി) ക്രമത്തിൽ
- കാസർകോട് - 870, 1505
- കണ്ണൂർ - 725, 1210
- കോഴിക്കോട് - 365, 690
- ഷൊറണൂർ - 380, 705
- തൃശൂർ - 440, 835
- എറണാകുളം – 540, 1035
- ആലപ്പുഴ – 635, 1230
- കൊല്ലം – 995, 1755
- തിരുവനന്തപുരം – 1100, 1955
സംസ്ഥാനത്ത് മൂന്നാം വന്ദേഭാരത് എത്തി
രണ്ടാം വന്ദേഭാരത് സംസ്ഥാനത്ത് വിജയകരമായ സർവീസ് ആരംഭിച്ചതിന് പിന്നാലെ മൂന്നാം വന്ദേഭാരത് എത്തി. എന്നാൽ, കൊച്ചുവേളിയിൽ എത്തിയ ഈ വന്ദേഭാരത് മൂന്നാമത്തെ സർവീസ് ആരംഭിക്കുന്നതിനായി എത്തിയതല്ല. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - കാസർകോട് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ അറ്റകുറ്റപണികളുടെ സമയത്ത് പകരക്കാരനായി നിലകൊള്ളും. മൂന്നാമതായി എത്തിയ വന്ദേഭാരതിന് നീലയും വെള്ളയും നിറമാണ്. നിലവിൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് ഓറഞ്ചും ചാരനിറവുമാണ്. അതേസമയം, മൂന്നാമതായി എത്തിയ ട്രയിനിന് എട്ട് കോച്ചുകൾ മാത്രമാണ് ഉള്ളത്. എന്നാൽ, കോട്ടയം വഴിയുള്ള ആദ്യ വന്ദേഭാരതിന് 16 കംപാർട്ട്മെന്റുകളാണ് ഉള്ളത്.
വന്ദേഭാരതിന്റെ അറ്റകുറ്റപണികൾ കൊച്ചുവേളിയിൽ മാത്രം
നിലവിൽ വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപണികൾ തിരുവനന്തപുരം കൊച്ചുവേളിയിലുള്ള യാർഡിൽ ആയിരിക്കും നടക്കുക. കോട്ടയം വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരത്താണ് അവസാനിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചുവേളിയിലേക്ക് പോയി സർവീസ് നടത്താൻ ആവശ്യത്തിന് സമയം ഈ വന്ദേഭാരതിന് ലഭിക്കും. എന്നാൽ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തിയാൽ 4.05ന് കാസർകോടേയ്ക്കു പുറപ്പെടണം. അറ്റകുറ്റപണികൾക്കോ സർവീസിനോ സമയം ലഭിക്കില്ല. അതുകൊണ്ട് തന്നെ എല്ലാ ദിവസവും സർവീസ് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മൂന്നാമത്തെ വന്ദേഭാരത് തിരുവനന്തപുരം ഡിവിഷന് അനുവദിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ് (20631) കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും ഉണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർകോടേയ്ക്ക് വന്ദേഭാരത് (20632) തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും ഉണ്ട്.
Content Summary : Vande Bharat huge hit in Tirur; no tickets available to TVM, Kasaragod for one week.