കൊച്ചുവർത്തമാനങ്ങളുമായി പൂർവ വിദ്യാർത്ഥികളുടെ കൊച്ചി സവാരി

Mail This Article
കൊച്ചിയിൽ മഴ കനത്തു പെയ്യുകയാണ്, ഒരു കൂട്ടം സുഹൃത്തുക്കളുടെ മനസിൽ ആശങ്കയാണ് പുതിയതായി വാങ്ങിച്ച സൈക്കിളിൽ റൈഡ് പോകുന്നതു സ്വപ്നം കണ്ടിരുന്നതു മഴ തടസപ്പെടുത്തുമോ എന്നതായിരുന്നു ആശങ്ക. തലേദിവസം രാത്രിയും മഴ കനത്തു പെയ്യുകയാണ് ഉറങ്ങാൻ കിടക്കുമ്പോഴും പുറത്തു മഴ ശബ്ദം കുറയുന്നുണ്ടോ എന്നതായിരുന്നു ശ്രദ്ധ. അങ്ങനെ സമയം 5:30 ആയി പുറത്തു മഴയുടെ ശബ്ദം കേൾക്കുന്നില്ല, വാതിൽ തുറന്നു ആകാശം നോക്കി കൊച്ചിൻ ചാപ്റ്ററിന്റെ സൈക്കിൾ റൈഡിനു വേണ്ടി മഴ മാറിനിൽക്കുന്നതു പോലെ ആകാശം തെളിഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജ് പൂർവവിദ്യാർത്ഥി സംഘടന മരിയൻ അലുമിനി അസോസിയേഷൻ, കുട്ടിക്കാനം (MAAK) കൊച്ചിൻ ചാപ്റ്ററിന്റെ സൈക്കിൾ ക്ലബ്ബിന്റെ ആദ്യത്തെ റൈഡ് തീരുമാനിച്ചിരുന്ന ദിവസത്തെ കഥയാണിത്.

മനസ്സിൽ സന്തോഷം നിറഞ്ഞു തുളുമ്പി. അപ്പോഴേക്കും സമയം ആറുമണി, അലൻ കാക്കനാടുനിന്നു പുറപ്പെടുന്നതിന്റെ ആദ്യ ഫോട്ടോ ഗ്രൂപ്പിൽ വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു റൈഡിന്റെ സ്റ്റാർട്ടിങ് പോയിന്റായ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തുടങ്ങി. അവിടെ ചെല്ലുമ്പോൾ എട്ടു കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതിന്റെ ആവേശത്തിൽ അലൻ മറ്റുള്ളവരെ കാത്തുനിൽക്കുന്നു. താമസിയാതെ ഡെന്നിസ്, ജോയ്‌സ്, ജോസ് എന്നിവരും എത്തി. കുശലാന്വേഷണത്തിനൊപ്പം ജോസ് അലന്റെ സൈക്കിളിന്റെ സീറ്റ് ഉയരം ഒക്കെ റെഡിയാക്കി റൈഡിനു തയാറായി.

ഞങ്ങൾ 3 പേർക്കും സൈക്കിൾ ചവിട്ടി അവിടെ എത്തുമോ, തിരിച്ച് ഓട്ടോയ്ക്കു പോരേണ്ടി വരുമോ എന്നുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ ജോസിന്റെയും ജോയ്സിന്റെയും മോട്ടിവേഷനിൽ മുങ്ങിപ്പോയി ആ സംശയം. അങ്ങനെ കായൽ ഭംഗിയും തമാശകളുമൊക്കെയായി ഞങ്ങൾ പുതു വൈപ്പിൻ ബീച്ച് ലക്ഷ്യമാക്കി യാത്ര തുടർന്നു. സൈക്കിൾ ചവിട്ടാൻ പേടിയാണ് എന്നു പറഞ്ഞ അലൻ ഒറ്റക്കൈ കൊണ്ട് ബാലൻസ് ചെയ്തു സൈക്കിൾ ചവിട്ടാനുള്ള ട്രെയിനിങ് ഞങ്ങൾക്കു നൽകാൻ തുടങ്ങി. ജോസ് ക്യാമറയുമായി ഞങ്ങൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറന്നു നടക്കുന്നുണ്ടായിരുന്നു. അതിനിടെ, ഇന്ത്യൻ ഓയിലിന്റെ റിഫൈനറിയിൽനിന്നു പെട്രോൾ കന്നാസിൽ കൊണ്ടുപോയി വിൽക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ വരെ ഞങ്ങൾ നടത്തുന്നുണ്ടായിരുന്നു.

വിശപ്പിന്റെ വിളി കേൾക്കാൻ തുടങ്ങിയതു കൊണ്ടു വൈപ്പിൻ ഹാർബർ ജംക്‌ഷനിലെ ഒരു ചെറിയ കടയിൽ കയറി മസാലദോശയും പൊറോട്ടയും ഒക്കെ ആയി വയറു നിറച്ചു. ബീച്ചിന് അടുത്ത് എത്തിയപ്പോൾ, മണൽപരപ്പിൽ എത്തണമെങ്കിൽ വെള്ളക്കെട്ടു കടക്കണം. പിന്നെ ഒന്നും നോക്കില്ല, സൈക്കിളും തോളിൽ കയറ്റി വെള്ളക്കെട്ടിലൂടെ കടൽത്തീരത്തേക്കു നടന്നു. അവിടെ ഉണ്ടായിരുന്നവർ, ഇവന്മാർ സൈക്കിൾ ചവിട്ടാനാണോ ചുമക്കാനാണോ വന്നതെന്ന മട്ടിൽ നോക്കി നിൽപുണ്ടായിരുന്നു. അങ്ങനെ അപ്പുറത്തെത്തി പൈൻ മരങ്ങൾക്കിടയിലൂടെയും കടൽതീരത്തും ഫോട്ടോയും വിഡിയോയും ഒക്കെ ആയി കുറച്ചുനേരം കറങ്ങി നടന്നു. അവിടെനിന്നു തണുത്ത നാരങ്ങാ വെള്ളം കുടിച്ചു മടക്കയാത്ര തുടങ്ങി. തിരിച്ചു പോരുമ്പോൾ അടുത്ത റൈഡ് എങ്ങോട്ടാണ് എന്നുള്ള ചർച്ചയായിരുന്നു. 30 കിലോമീറ്റർ റൈഡ്, ബീച്ചും കായലും ക്യുൻസ് വോക്ക് വേയും കണ്ടു തിരിച്ചെത്തുമ്പോൾ മനസ്സിൽ സന്തോഷവും അടുത്ത റൈഡിനുള്ള സ്വപ്നങ്ങളുമായിരുന്നു.