വന്ദേഭാരത് മാത്രല്ല, ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിനുകള്‍ ഇവയാണ്
Mail This Article
ഇന്ത്യയുടെ റെയില്‍വേ യാത്രാചരിത്രത്തിലെ പൊന്‍തൂവലുകളിലൊന്നാണ് വന്ദേഭാരത് എക്സ്പ്രസ്. രാജ്യമൊട്ടാകെ വേഗതയുടെ പുതിയ അധ്യായം കുറിച്ചുകൊണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂകിപ്പായുന്നു. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിനാണ് ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ്. മണിക്കൂറില്‍ 180-200 കിലോമീറ്റർ വരെ വേഗതയുള്ള വന്ദേഭാരത്, നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ്. എന്നാല്‍, വന്ദേഭാരതിന്‍റെ ഇരട്ടിയിലധികം വേഗതയുള്ള ട്രെയിനുകള്‍ വിവിധ രാജ്യങ്ങളിലുണ്ട്. സാങ്കേതികവിദ്യയുടെയും ആഡംബരത്തിന്‍റെയും പ്രതീകമായ ഇത്തരം ചില ട്രെയിനുകളെക്കുറിച്ചറിയാം.
ഷാങ്ഹായ് മഗ്‌ലേവ് : 460 കിമീ/മണിക്കൂർ (ചൈന)
ഷാങ്ഹായ് ട്രാൻസ്‌റാപ്പിഡ് എന്നറിയപ്പെടുന്ന ഷാങ്ഹായ് മഗ്‌ലേവ് ട്രെയിനിന്‍റെ വേഗത, മണിക്കൂറില്‍ 460 കിലോമീറ്ററാണ്. മണിക്കൂറിൽ 501 കിലോമീറ്റർ എന്ന റെക്കോർഡ് ഹൈ സ്പീഡും ഈ ട്രെയിനിനാണ്. ട്രാക്കിന് മുകളിലൂടെ വൈദ്യുതകാന്തിക ശക്തി ഉപയോഗിച്ച് ഓടുന്ന ഈ ട്രെയിന്‍, ഒട്ടും ഘര്‍ഷണമില്ലാതെ ഓടുന്നത് കൊണ്ടാണ് ഈ വേഗത.
സീമെൻസും ജർമൻ ബഹുരാഷ്ട്ര കമ്പനിയായ തൈസെൻക്രുപ്പും സംയുക്ത സംരംഭമായാണ് ട്രെയിൻ നിർമ്മിച്ചത്. ഷാങ്ഹായ് മാഗ്ലേവ് ട്രാൻസ്‌പോർട്ടേഷൻ ഡെവലപ്‌മെന്റ് കമ്പനിയാണ് ഈ ട്രെയിനിന്‍റെ ഉടമസ്ഥത. 2004 ഏപ്രിലിൽ ആരംഭിച്ച ട്രെയിന്‍, 30.5 കിലോമീറ്റർ നീളമുള്ള ഷാങ്ഹായ് മഗ്‌ലേവ് ലൈനിൽ ഓടുന്നു. ഷാങ്ഹായിലെ ലോങ്‌യാങ് റോഡ് സ്റ്റേഷനിൽ നിന്ന് ഷാങ്ഹായ് പുഡോംഗ് രാജ്യാന്തര വിമാനത്താവളം വരെ നീളുന്ന ഈ ട്രെയിനിന് ഏകദേശം 19 മൈൽ ദൂരം വെറും എട്ട് മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും.
സി ആര്‍ ഫക്സിംഗ് : 350 കിമീ/മണിക്കൂർ (ചൈന)
ചൈനീസ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഫക്സിംഗ് ട്രെയിനുകള്‍ മണിക്കൂറില്‍ 350 കിമീ വേഗതയിലാണ് ഓടുന്നത്. ചൈന റെയില്‍വേ കോര്‍പ്പറേഷന്‍ വികസിപ്പിച്ച ഈ മോഡല്‍ ട്രെയിനുകളാണ് ചൈനയില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഹൈസ്പീഡ് ട്രെയിന്‍. 209 മീറ്റർ നീളവും 3.36 മീറ്റർ വീതിയും 4.06 മീറ്റർ ഉയരവുമുള്ള 8-കാർ ഫക്സിംഗ് ട്രെയിനില്‍ ഒരേസമയം 500 ലധികം യാത്രക്കാർക്ക് സഞ്ചരിക്കാനാകും. അഞ്ചു മണിക്കൂറിനുള്ളിൽ രണ്ട് നഗരങ്ങൾക്കിടയിൽ യാത്രക്കാരെ എത്തിക്കുന്ന ബെയ്ജിംഗ്-ഷാങ്ഹായ് ഹൈ-സ്പീഡ് റെയിൽവേയില്‍ ഫക്സിംഗ് ട്രെയിന്‍ ആണ് ഓടുന്നത്. മാത്രമല്ല, ചൈനയിലെ മറ്റ് ഏഴ് ലൈനുകളിലും ഫക്സിംഗ് ട്രെയിനുകളുണ്ട്.
ഡിബി ഐസിഇ : 350 കിമീ/മണിക്കൂർ (ജർമനി)
അതിവേഗ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനുകളില്‍പ്പെടുന്നതാണ് ഐസിഇ 3 അഥവാ ഇന്‍റര്‍സിറ്റി എക്സ്പ്രസ് 3. സീമെൻസും ബൊംബാർഡിയറും ചേര്‍ന്നു നിർമ്മിച്ച ഈ ട്രെയിനുകള്‍, പ്രധാനമായും ഡ്യൂഷെ ബാൻ (DB), ഡച്ച് റെയിൽവേ എന്നിവരാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ട്രെയിനുകൾ ജർമനിയിൽ പരമാവധി വേഗതയായ 320 കിമീ/മണിക്കൂറില്‍ പ്രവര്‍ത്തിക്കുന്നു. ജർമനി, ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലാൻഡ്‌സ്, സ്പെയിൻ, ചൈന, റഷ്യ, തുർക്കി എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സീമെൻസിന്‍റെ വെലാരോ ട്രെയിൻസെറ്റുകൾക്ക് പ്രചോദനമായത് ICE 3M/F ആയിരുന്നു.
എസ് സി എന്‍ സി എഫ് ടിജിവി : 320 കിമീ/മണിക്കൂർ (ഫ്രാൻസ്)
യൂറോപ്പിലെ ആദ്യത്തെ അതിവേഗ റെയിൽപ്പാതയിൽ ഓടുന്ന ട്രെയിൻ എ ഗ്രാൻഡെ വിറ്റെസ്സെ അഥവാ ടിജിവി ഫ്രാന്‍സിന്‍റെ മുഖമുദ്രയാണ്. തുടക്കം മുതല്‍ക്കേ തന്നെ വേഗതയുടെ റെക്കോഡുകള്‍ ആവര്‍ത്തിച്ച് തകര്‍ത്ത ട്രെയിന്‍, അൽസ്റ്റോം ആണ് നിർമ്മിച്ചത്. ടിജിവി ഡ്യുപ്ലെക്സ്, റെസ്യു, പോസ്, യൂറോഡ്യുപ്ലെക്സ് എന്നിങ്ങനെ ഇതിനു വിവിധ മോഡലുകള്‍ ഉണ്ട്. ഫ്രാന്‍സിന് പുറത്ത്, ഇറ്റലി, സ്പെയിൻ, ബെൽജിയം, ലക്സംബർഗ്, ജർമനി എന്നിവയുമായി ഈ ട്രെയിന്‍ നെറ്റ്‌വർക്ക് നേരിട്ട് ബന്ധിപ്പിക്കുന്നു. ടിജിവി ലിറിയ സ്വിറ്റ്‌സർലൻഡിലേക്കും താലിസ്/യൂറോസ്റ്റാർ യുകെ, നെതർലാൻഡ്‌സ്, ജർമനി, ബെൽജിയം എന്നിവിടങ്ങളിലേക്കും ഓടുന്നു. കൂടാതെ യുഎസ്, സ്പെയിൻ, ഇറ്റലി, മൊറോക്കോ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കും ടിജിവി ട്രെയിനുകളുണ്ട്.
ജെ ആര്‍ ഷിൻകാൻസെൻ: 320 കിമീ/മണിക്കൂർ (ജപ്പാൻ)
ലോകമെമ്പാടും ബുള്ളറ്റ് ട്രെയിൻ എന്നറിയപ്പെടുന്ന ഷിൻകാൻസെൻ പണ്ടുമുതല്‍ക്കേ പ്രശസ്തമാണ്. ഒരു സമർപ്പിത അതിവേഗ റെയിൽവേ ശൃംഖല വികസിപ്പിച്ച ആദ്യത്തെ രാജ്യമാണ് ജപ്പാൻ, വിദൂര ജാപ്പനീസ് പ്രദേശങ്ങളെ തലസ്ഥാനമായ ടോക്കിയോയുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ആദ്യത്തെ ലക്ഷ്യം. 1964 ൽ 515 കിലോമീറ്റർ നീളത്തില്‍, ടോക്കിയോ-നഗോയ-ഒസാക്ക ടോകൈഡോ ഷിൻകാൻസെൻ ലൈനായി ആരംഭിച്ച നെറ്റ്‌വർക്ക് നിലവിൽ ഏകദേശം 3,000 കിലോമീറ്റർ ട്രാക്കിൽ വ്യാപിച്ചുകിടക്കുന്നു. ആദ്യത്തെ ഷിൻകാൻസെൻ ട്രെയിനുകളുടെ പരമാവധി പ്രവർത്തന വേഗത മണിക്കൂറിൽ 220 കിലോമീറ്ററായിരുന്നു. ഹിറ്റാച്ചി റെയിൽ, കവാസാക്കി ഹെവി ഇൻഡസ്ട്രീസ് എന്നിവ ചേർന്ന് നിർമ്മിച്ച നിലവിലെ E5, H5 സീരീസ്, മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്നു.