ADVERTISEMENT

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. യാത്രയേക്കാൾ പ്രധാനമാണ് യാത്ര പോകാനായി തിരഞ്ഞെടുക്കുന്ന സ്ഥലം. കാരണം, ജീവിതം തന്നെ ചില യാത്രകൾ മാറ്റിമറിച്ചേക്കാം. വ്യത്യസ്തമായ അനുഭവങ്ങളാണ് ഓരോ യാത്രയും നൽകുന്ന സമ്പത്ത്. അത് ആഫ്രിക്കൻ സഫാരി മുതൽ ഒരു ക്ലാസിക് റോഡ് ട്രിപ്പ് വരെയാകാം. പല തരത്തിലാണ് നമ്മൾ യാത്രകൾ പ്ലാൻ ചെയ്യുന്നത്. ചിലപ്പോൾ പോകേണ്ട സ്ഥലത്തിന്റെ ആകർഷണം, മറ്റ് ചിലപ്പോൾ അവിടുത്തെ ഭക്ഷണം, പ്രകൃതിഭംഗി, റിസോർട്ടുകൾ അങ്ങനെ പല പല കാരണങ്ങൾ കൊണ്ടാകാം യാത്രയ്ക്കായി ഒരു ഇടം തിരഞ്ഞെടുക്കുന്നത്. യാത്രയെ ഒരു അവിസ്മരണീയമായ അനുഭവമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ, ലോകത്തുള്ള ഈ 21 ഇടങ്ങളിൽ നിങ്ങൾ നിർബന്ധമായും പോയിരിക്കണം. ഈ യാത്രകൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ജീവിതവീക്ഷണം തന്നെ മാറ്റിമറിച്ചേക്കാം. ആ യാത്രകൾ സാഹസികത നിറഞ്ഞതും ജീവിതത്തിൽ പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതും ആയിരിക്കും. നാനാത്വത്തിൽ ഏകത്വം വിളങ്ങുന്ന വ്യത്യസ്തമായ സംസ്കാരങ്ങളുടെ സമ്പന്നഭൂമിയായ ഇന്ത്യ ഉൾപ്പെടെയുള്ള ആ 21 സ്ഥലങ്ങൾ ഏതാണെന്ന് നോക്കാം.

Beautiful coastal town Scilla. Image Credit : Freeartist/istockphoto
Beautiful coastal town Scilla. Image Credit : Freeartist/istockphoto

വെനീസും റോമും മാടി വിളിക്കുന്ന ഇറ്റലി

വെനീസ് ഒരിക്കലെങ്കിലും കാണണമെന്നു കൊതിക്കുന്നവരാണ് മിക്ക സഞ്ചാരികളും. എന്നാൽ, വെനീസ് മാത്രമല്ല ഇറ്റലിയിലെ മറ്റ് പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ റോമും നേപ്പിൾസും ഫ്ലോറൻസും എല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കണം. ഇറ്റലി എന്ന രാജ്യം മുഴുവനായി കാണേണ്ടത് തന്നെയാണെന്ന് ചുരുക്കം. കൊളോസിയം ആണ് ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. എന്നാൽ , സെന്റ് പീറ്റേഴ്സ് ബസിലിക്ക ഉൾപ്പെടെയുള്ള ആരാധനാലയങ്ങളും കടൽത്തീരങ്ങളും ചരിത്രസ്മാരകങ്ങളും കണ്ടിരിക്കേണ്ടതാണ്.

സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി കാണാൻ ന്യൂയോർക്കിലേക്ക്

നിരവധി വിസ്മയകരമായ കാഴ്ചകളാണ് ന്യൂയോർക്കിൽ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്. സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കാൻ കൊതിക്കുന്നവരായിരിക്കും ഏറെയും. എന്നാൽ, എംപയർ സ്റ്റേറ്റ് ബിൽഡിങിന്റെ മുകളിൽ കയറി നിൽക്കുന്നതും ബ്രൂക്ക് ലിൻ പാലത്തിലൂടെ നടക്കാൻ കഴിയുന്നതും ന്യൂയോർക്കിൽ മാത്രമാണ്. ഇത് ന്യൂയോർക്ക് സിറ്റിയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ മാത്രം. ഇത് മാത്രമല്ല ടൈം സ്ക്വയറും മ്യൂസിയങ്ങളും വേൾഡ് ട്രേഡ് സെന്ററും പാർക്കുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു.

New york cityscape. Image Credit:Tzido/istockphoto
New york cityscape. Image Credit:Tzido/istockphoto

പഴമയും പുതുമയും ഒരുപോലെ ഒത്തു ചേരുന്ന ജപ്പാൻ

യാത്രാപ്രിയർ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലമാണ് ജപ്പാൻ. തലസ്ഥാനമായ ടോക്കിയോ പഴമയെയും പുതുമയെയും ഒരുപോലെ ചേർത്ത് നിർത്തി മുന്നോട്ട് പോകുന്ന ഒരു നഗരമാണ്. ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തിരക്കേറിയ ഷോപ്പിങ് ഇടങ്ങളും രുചികരമായ ഭക്ഷണവും ഒക്കെ ജപ്പാനിലേക്കു സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തീം പാർക്കുകൾ ഉൾപ്പെടെ നിരവധി കാഴ്ചകളാണ് ജപ്പാനിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Biei, Japan. Photo : thanyarat07/istockphoto
Biei, Japan. Photo : thanyarat07/istockphoto

ലോകപ്രസിദ്ധമായ കലാസൃഷ്ടികൾ കാണാൻ പാരിസിലേക്ക്

ഫ്രാൻസ് എന്ന പേരു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് പാരിസ് ആയിരിക്കും. പാരിസിലെ പ്രധാന ആകർഷണം ഈഫൽ ടവർ തന്നെയാണ്. ലോകപ്രസിദ്ധമായ മ്യൂസിയങ്ങളിൽ പ്രശസ്തമായ കലാസൃഷ്ടികൾ കാണാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പാരിസ്. ഫ്രഞ്ച് പേസ്ട്രീസ് പോലെയുള്ള രുചികരമായ ഭക്ഷണങ്ങളും നുണയാം. മോണ്ട് സെയിന്റ് മൈക്കേൽ, കാൻ ഫെസ്റ്റിവൽ ഉൾപ്പെടെ നടക്കുന്ന ഫ്രഞ്ച് റിവിയേറ എന്നിവയും ഫ്രാൻസിലെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്.

ഈഫൽ ടവറിന്‍റെ ദൃശ്യം Imagecredit: alxpin/istockphoto.com
ഈഫൽ ടവറിന്‍റെ ദൃശ്യം Imagecredit: alxpin/istockphoto.com

അറ്റ്ലസ് മലനിരകളും മരുഭൂമിയിലെ മരുപ്പച്ചയും ആസ്വദിക്കാൻ മൊറോക്കോ

അറ്റ്ലാന്റിക് സമുദ്രമായും മെഡിറ്ററേനിയൻ കടലുമായും അതിർത്തി പങ്കിടുന്ന ഒരു ഉത്തര ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. അൾജീരിയയും സഹാറ മരുഭൂമിയുമാണ് മൊറോക്കോയുടെ മറ്റ് അതിർത്തികൾ. തിരക്കേറിയ സൂക്കുകളും ആനന്ദദായകമായ ബീച്ചുകളും വിശാലമായ മരുഭൂമികളും മഞ്ഞുമൂടിയ മലനിരകളും വാസ്തുവിദ്യയും ഉൾപ്പെടെ ഓരോ സഞ്ചാരിയെയും വല്ലാതെ ആകർഷിക്കുന്ന നിരവധി കാര്യങ്ങളുണ്ട് മൊറോക്കോയിൽ. മൊറോക്കോയുടെ ഭക്ഷണരീതി ഒരിക്കലെങ്കിലും അനുഭവിക്കേണ്ടതാണ്. വൈവിധ്യമാർന്ന അനുഭവങ്ങളും കാഴ്ചകളും സമ്മാനിക്കാൻ കഴിയും എന്നതാണ് മൊറോക്കോയെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.

Photo Credit :  STEPANOV ILYA
Photo Credit : STEPANOV ILYA

തത്വചിന്തകൻമാരുടെ ജന്മഭൂമിയായ ഗ്രീസ്

ലോകത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന ഒപ്പം  സുരക്ഷിതമായ രാജ്യവുമാണ് ഗ്രീസ്, പതിനെട്ട് യുനെസ്കോ ലോക പൈതൃക ഇടങ്ങളാണ് ഗ്രീസിലുള്ളത്. തത്വചിന്തകൻമാരായ പ്ലേറ്റോ, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ ജന്മദേശം കൂടിയാണ് ഇവിടം. കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന തീരപ്രദേശവും മലനിരകളും ആർക്കിയോളജിക്കൽ മ്യൂസിയങ്ങളും ഗ്രീസിനെ ഏതൊരു സഞ്ചാരിക്കും പ്രിയങ്കരമാക്കും.  ഗ്രീസിലേക്കു യാത്ര പോകുന്നവർ ഏഥൻസിൽ കുറച്ചുദിവസം നിർബന്ധമായും ചെലവഴിക്കേണ്ടതാണ്.

Meteora--Greece
Image Credit : WitR/shutterstock

പെറുവിലെ മാച്ചു പിച്ചു

ദക്ഷിണ അമേരിക്കയിലെ രാജ്യമായ പെറുവിലെ ഏറ്റവും പ്രശസ്തവും ആകർഷകവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാച്ചു പിച്ചു. കടൽനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിൽ ആൻഡസ് പർവത നിരയിലാണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 1983 ൽ ഇടം പിടിച്ച മാച്ചു പിച്ചു 2007 ൽ പുതിയ ഏഴ് ലോകോത്ഭുതങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. ഇൻകാൻ സാമ്രാജ്യത്തിന്റെ ചരിത്രപരമായ അവശിഷ്ടങ്ങളാണ് മാച്ചു പിച്ചുവിനെ കൂടുതൽ ആകർഷകമാക്കുന്നത്. സഞ്ചാരികളിൽ ചിലർ ട്രെയിനിൽ മാച്ചു പിച്ചുവിലേക്ക് എത്തുമ്പോൾ മറ്റ് ചിലർ ഒന്നിലധികം ദിവസം നീണ്ടു നിൽക്കുന്ന ട്രക്കിങ് നടത്തിയാണ് ഇവിടേക്ക് എത്തുന്നത്.

Machu Picchu world heritage site. Photo : canakat /istockphoto
Machu Picchu world heritage site. Photo : canakat /istockphoto

സിംഹത്തെയും ആനയെയും കണ്ടൊരു ആഫ്രിക്കൻ സഫാരി

ആനയും സിംഹവും കാണ്ടാമൃഗവും തുടങ്ങിയ വന്യമൃഗങ്ങളെ കാട്ടിൽ കാണാൻ ആഗ്രഹിക്കുന്നർ  ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ആഫ്രിക്കൻ സഫാരി നടത്തേണ്ടതാണ്. ദക്ഷിണാഫ്രിക്ക, ടാൻസാനിയ, റ്വാണ്ട, കെനിയ എന്നിവയാണ് ഏറ്റവും പ്രസിദ്ധമായ ആഫ്രിക്കൻ സഫാരികൾ. ഇവിടങ്ങളിലെല്ലാം വളരെ വ്യക്തമായ നിർദ്ദേശം നൽകാൻ കഴിയുന്ന ഗൈഡുമാരെയും ടൂർ ഓപ്പറേറ്റർമാരെയും കണ്ടെത്താൻ കഴിയും.

egypth-trip1
Image Credit : givaga/shutterstock

പിരമിഡുകൾ കാണാൻ ഈജിപ്തിലേക്ക്

നൈൽ നദിയിലൂടെ ഒന്ന് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗിസയിലെ പിരമിഡ് കാണാൻ ആഗ്രഹിക്കുന്നവർക്കും ഈജിപ്തിലേക്ക് ഒരു യാത്ര പോകാം.  പക്ഷേ, ഈജിപ്തിലേക്കുള്ള യാത്ര തീരുമാനിക്കുന്നതിന് മുമ്പ് അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹ്യസാഹചര്യങ്ങളും പരിശോധിക്കണം. ലക്സറിന് സമീപമുള്ള രാജാക്കൻമാരുടെ താഴ് വരയും ഒരു പ്രധാന ആകർഷണമാണ്.

Photo : W Maldives/x.com
Photo : W Maldives/x.com

അൽപം ആഡംബരമാകാൻ മാലദ്വീപിലേക്ക്

ചരിത്രസ്മാരകങ്ങളോ പാരമ്പര്യമോ ഒന്നുമല്ല മാലദ്വീപിന്റെ ആകർഷണം. അൽപം ആഡംബരമായി ഒന്ന് വിശ്രമിക്കാനും പ്രണയിക്കാനും പറ്റിയ ഒരു ഇടമാണ് മാലദ്വീപ്. വെള്ളത്തിനു മുകളിലെ ബംഗ്ലാവിലെ താമസമാണ് മാലദ്വീപ് യാത്രയുടെ പ്രധാന സവിശേഷത. അൽപം കാശു മുടക്കിയാലും ഒരു അടിപൊളി യാത്രയ്ക്ക് പറ്റിയ ഇടമാണ് മാലദ്വീപ്.

വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളെ കാണാൻ ഗാലപാഗോസ് ദ്വീപിലേക്ക്

ഡേ ഡ്രീമർ (എർകൻസി കസ്) എന്ന ടിവി സീരീസ് കണ്ടവരുടെ മനസിൽ കുടിയേറിയ ഒരു വാക്കാണ് ഗാലപാഗോസ്. സീരീസിലെ നായികയായ സനെമിന് ഗാലപാഗോസ് ദ്വീപിലെത്തി ആൽബട്രോസസിനെ കാണണമെന്നത് വലിയ ആഗ്രഹമാണ്. കാരണം, ലോകത്തിൽ ഏറ്റവും കുറവ് വിവാഹമോചനനിരക്കുള്ള ഒരു കൂട്ടരാണ് ആൽബട്രോസസ് പക്ഷികൾ. ഇത് മാത്രമല്ല, ഇത്തരത്തിൽ ഒരുപാട് വൈവിധ്യമാർന്ന സസ്യങ്ങളും ജന്തുജാലങ്ങളും ഉള്ള ഒരു സ്ഥലമാണ് ഗാലപാഗോസ് ദ്വീപുകൾ. ക്രൂയിസ് യാത്രയാണ് ഗാലപാഗോസ് ദ്വീപ് കാണാനുള്ള ഏറ്റവും മികച്ച മാർഗം.

road-to-himalaya

ഇന്ത്യയും ഹിമാലയൻ മലനിരകളും  പിന്നെ നോർത്തേൺ ലൈറ്റ്സും

ചരിത്രവും സംസ്കാരവും പൈതൃകവും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ് നമ്മുടെ ഇന്ത്യ. എന്നിരുന്നാൽ തന്നെയും ഇന്ത്യയിലെ ഏറ്റവും പ്രധാന ആകർഷണം എന്നു പറയുന്നത് താജ് മഹലാണ്. കൂടാതെ, പൗരാണികവും ചരിത്രപരവുമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് രാജ്യത്തുടനീളമുള്ളത്. പ്രകൃതിഭംഗി ആസ്വദിക്കാനും ആത്മീയ ഉണർവിനും സഞ്ചാരികൾ ഇന്ത്യയിലേക്ക് എത്താറുണ്ട്. കൂടാതെ, ഹിമാലയൻ മലനിരകളും ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എവറസ്റ്റ് കൊടുമുടി കയറാനുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്. അതുപോലെ തന്നെ, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് നോർത്തേൺ ലൈറ്റ്സ്. അലാസ്ക, ഐസ്‌ലാൻഡ്, കാനഡ, ഗ്രീൻലാൻഡ്, ഫിൻലാൻഡ്, സ്വീഡൻ, നോർവേ എന്നിവയുൾപ്പെടെ ആർട്ടിക് സർക്കിളിന് സമീപമുള്ള നിരവധി സ്ഥലങ്ങളിൽ നിന്ന് നോർത്തേൺ ലൈറ്റ്സ് കാണാൻ സാധിക്കും.

English Summary:

Unusual locations for an unforgettable adventure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com