ADVERTISEMENT

ആൾക്കൂട്ടത്തിൽ തനിയെ യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ നിങ്ങൾക്കായി ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത് സ്വപ്ന സമാനമായ അവസരമാണ്. കഴിഞ്ഞദിവസം മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽനിന്ന് ആരംഭിച്ച ഭാരത് ഗൗരവ് ട്രെയിൻ ആണ് സഞ്ചാരപ്രിയർക്കു പുതിയ കൂട്ടായി എത്തുന്നത്. ‘നമ്മുടെ നാട് കാണൂ, ഒരു ഭാരതം ശ്രേഷ്ഠഭാരതം’ എന്ന മുദ്രാവാചകത്തോടെയാണ് ഭാരത് ഗൗരവ് ട്രെയിൻ എത്തുന്നത്. ആഭ്യന്തര സഞ്ചാരികൾക്കു മാത്രമല്ല, ഇന്ത്യ കാണാനും അറിയാനും എത്തുന്ന വിദേശ സഞ്ചാരികൾക്കും ഇത് ഒരു അസുലഭ അവസരമാണ്. 

The Parasnath Jain Temple at Telegaon near Pune India. Image Credit : Dinesh Hukmani/istockphoto
The Parasnath Jain Temple at Telegaon near Pune India. Image Credit : Dinesh Hukmani/istockphoto

നമ്മുടെ നാടിന്റെ സമ്പന്നമായ പൈതൃകവും സംസ്കാരവും സഞ്ചാരികൾക്കു മുന്നിൽ തുറന്നു കാട്ടുക എന്ന ലക്ഷ്യത്തിലാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. നവംബർ 17ന് യാത്രയാരംഭിച്ച ട്രെയിൻ യാത്ര വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി നവംബർ 25 ന് മുംബൈയിൽ തിരിച്ചെത്തും. യാത്രക്കാർക്ക് സൗകര്യമുള്ള സ്റ്റേഷനിൽനിന്നു കയറാം.

ഇക്കോണമി മുതൽ ഡീലക്സ് വരെയുള്ള യാത്രാനിരക്കുകൾ

യാത്രക്കാർക്ക് സാമ്പത്തികനിലയനുസരിച്ച് യാത്രാസൗകര്യം തിരഞ്ഞെടുക്കാം. ഇക്കോണമി, കംഫർട്ട്, ഡീലക്സ് ട്രെയിൻ എന്നിങ്ങനെയാണ് പാക്കേജ് തരം തിരിച്ചിരിക്കുന്നത്. യാത്രാനിരക്ക്, ഭക്ഷണം, താമസം, ഒരു സ്ഥലത്ത് എത്തിയാൽ അവിടെ ചുറ്റിക്കാണുന്നതിനുള്ള ഗതാഗതച്ചെലവ് എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്.

എന്താണ് ഭാരത് ഗൗരവ് ട്രെയിൻ?

ഒരു പ്രത്യേക തീം അടിസ്ഥാനമാക്കിയുള്ള സർക്യൂട്ടുകളിൽ ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുക എന്ന ആശയമാണ് ഇന്ത്യൻ റെയിൽവേ ഭാരത് ഗൗരവ് ട്രെയിൻ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ ട്രെയിനിലെ യാത്രയും ഭക്ഷണവും ഹോട്ടലുകളിലെ താമസവും ടൂർ ഗൈഡുകളുടെ സേവനവും യാത്രാ ഇൻഷുറൻസും ബസ് യാത്ര ആവശ്യമായി വരുന്നുണ്ടെങ്കിൽ അതും ഉൾപ്പെടുന്നു. സ്ലീപ്പർ കോച്ചുകളും എസി ത്രീടയർ, എസി ടു ടയർ കോച്ചുകളും ലഭ്യമാണ്.

ഓരോ കോച്ചും ‘സംസ്കാരസമ്പന്നം’

കളർഫുൾ ആണ് ഭാരത് ഗൗരവ് ട്രെയിനിന്റെ ഓരോ കോച്ചും. കാരണം, ഓരോ കോച്ചിന്റെയും പുറംഭാഗം പെയിന്റ് ചെയ്തിരിക്കുന്നത് ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന വിധത്തിലാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്മാരകങ്ങളുടെയും ശിൽപങ്ങളുടെയും സ്ഥലങ്ങളുടെയും ചിത്രങ്ങളാണ് ഓരോ കോച്ചിനും ഭംഗി കൂട്ടുന്നത്. 600 മുതൽ 700 വരെ സീറ്റുകളാണ് ഒരു ട്രെയിനിൽ ഉള്ളത്. യാത്രക്കാരെ രസിപ്പിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പു വരുത്താൻ സിസിടിവി ക്യാമറയും ഭക്ഷണം പാചകം ചെയ്യുന്നതിനായി പാൻട്രി കാറും ട്രെയിനിലുണ്ട്.

കർണാടക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനും ജയിൻ യാത്രയും

ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് കർണാടക സർക്കാർ നടത്തുന്ന ടൂറിസ്റ്റ് ട്രെയിൻ യാത്രയാണ് കർണാടക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര. കാശി, പ്രയാഗ്, അയോധ്യ, ഗയ എന്നിവിടങ്ങളിലേക്കാണ് ഈ ട്രെയിൻ സഞ്ചാരികളുമായി യാത്ര നടത്തുന്നത്. സ്ലീപ്പർ കോച്ചുകൾ ഈ ട്രെയിനിൽ ഇല്ല. പൂർണമായും എസി ത്രീ ടയർ കോച്ചുകളാണ് ഇതിൽ ഉണ്ടാകുക. 11 കോച്ചുകളിലായി ഏകദേശം 700 സ‍ഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയും. ഈ ട്രെയിനിന്റെ പുറംഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത് കർണാടകയിലെ പ്രമുഖ ക്ഷേത്രങ്ങളും പൈതൃകസ്ഥലങ്ങളുമാണ്. അതേസമയം, തീർത്ഥാടകർക്ക് കർണാടക സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

jain-temple-bathery
വയനാട്ടിലെ ജൈന ക്ഷേത്രം. ചിത്രം : അരുൺ വർഗീസ്

ജൈനമതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം അറിയാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി ഇന്ത്യൻ റെയിൽവേ അദാനി ഗ്രൂപ്പ് പരിവാറുമായി ചേർന്നുള്ള യാത്രയാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ജയിൻ യാത്ര. ഒൻപതുദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ജൈന തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാം. ഈ യാത്രയുടെ പ്രത്യേകത യാത്രയിലുടനീളം ജൈന രീതിയിലുള്ള ഭക്ഷണം ലഭിക്കുമെന്നുള്ളതാണ്.

English Summary:

Bharat Gaurav train, a unique and comprehensive travel experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT