ADVERTISEMENT

മലയടിവാരത്തുള്ള റൺവേ , അപകടകരമായ കുന്നിൻ ചെരുവിലെ എയർ സ്ട്രിപ്പ്, അപകടം പതിയിരിക്കുന്ന വിമാനത്താവളങ്ങൾ ഇതേക്കുറിച്ച് ഒക്കെ നമ്മൾ കേട്ടിട്ടും അറിഞ്ഞിട്ടുമുള്ളതാണ്. ചെറിയ റൺവേകളും കുണ്ടും കുഴിയും നിറഞ്ഞ റൺവേകളും ക്രോസ്‌വിൻഡുകളാൽ കുപ്രസിദ്ധമായ റൺവേകളും അങ്ങനെ ലോകത്തെമ്പാടും പലതരത്തിലുള്ള റൺവേകളും വിമാനത്താവളങ്ങളുമുണ്ട്. എന്നാൽ പൂർണ്ണമായും മഞ്ഞുകൊണ്ട് നിർമിച്ച ഒരു എയർ സ്ട്രിപ്പ് ഉണ്ടെന്ന് നിങ്ങളിൽ എത്രപേർക്കറിയാം. അതെ ശരിക്കുമൊരു ഐസ് റൺവേ.

നോർസ് അറ്റ്‌ലാന്റിക് എയർവേയ്‌സ് ഈ കഴിഞ്ഞ ദിവസം പതിവിലും വ്യത്യസ്തമായ ഒരു ബോയിംഗ് 787 ഡ്രീംലൈനർ ഇറക്കി. ലക്ഷ്യസ്ഥാനം: അന്റാർട്ടിക്ക. ലാൻഡിങ് സ്ട്രിപ്പ്: 3,000 മീറ്റർ (9840 അടി) നീളവും 60 മീറ്റർ (100 അടി) വീതിയുമുള്ള ഒരു "ബ്ലൂ ഐസ് റൺവേ", അതായത് മഞ്ഞുകൊണ്ട് നിർമ്മിച്ച റൺവേ.

ഇതാദ്യമായാണ് ഒരു ഡ്രീംലൈനർ ഒരു വലിയ വൈഡ് ബോഡി വിമാനം ആറാമത്തെ ഭൂഖണ്ഡമായ അന്റാർട്ടിക്കയിലെ ഐസ് റൺവേയിൽ ഇറക്കുന്നത്. ഇതുവരെ ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രം എത്തിയിരുന്ന ആ മഞ്ഞു റൺവേയിലേക്കു ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിൽ ഒന്നു പറന്നിറങ്ങി. ഏകദേശം 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന നോർസ് അറ്റ്ലാന്റിക് എയർവേയ്‌സ് വിമാനമാണ് എയർഫീൽഡിൽ സുരക്ഷിതമായി ഇറങ്ങിയത്. ഇത് പക്ഷേ വിനോദസഞ്ചാരത്തിനു വേണ്ടി അല്ലായിരുന്നു. വിമാനത്തിലെ 45 യാത്രക്കാരിൽ അധികവും നോർവീജിയൻ പോളാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ആയിരുന്നു. അവരെയും 12 ടൺ ഉപകരണങ്ങളും അന്റാർട്ടിക്കയിലെ ക്യൂൻ മൗഡ് ലാൻഡിലുള്ള ട്രോൾ റിസർച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി വിമാനം കരാറെടുത്തിരുന്നു.

എന്നാൽ വർഷംതോറും അന്റാർട്ടിക്കയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിച്ചുവരുന്നതായിട്ടാണ് ഇപ്പോഴത്തെ കണക്ക്. കടുത്ത മഞ്ഞിനെയും അതിജീവിച്ച് സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും റിസർച്ച് നടത്താനും അന്റാർട്ടിക്കയിൽ എത്തുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ കവിയും ഓരോ വർഷവും.കപ്പൽ മാർഗ്ഗമാണ് ഇതുവരെ അന്റാർട്ടിക്കയിലെ റിസർച്ച് സെൻററുകളിലേക്കുള്ള വലിയ ഉപകരണങ്ങളും മറ്റും എത്തിച്ചിരുന്നത്. എന്നാൽ ബോയിങ് വിമാനം ഐസ് റൺവേയിൽ ഇറക്കാൻ സാധിച്ചതോടെ ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ സുഗമമാകുമെന്നാണ് പ്രതീക്ഷ.

Image Credit : Colin Harnish/shutterstock
Image Credit : Colin Harnish/shutterstock

ഭൂഖണ്ഡത്തിൽ പരമ്പരാഗത നടപ്പാതയുള്ള എയർസ്ട്രിപ്പുകൾ ഇല്ല, അതിനാൽ വിമാനങ്ങൾ "ബ്ലൂ ഐസ്"എന്നറിയപ്പെടുന്ന ഈ മഞ്ഞു റൺവേകളിൽ ഇറങ്ങണം. എയർലൈൻ പങ്കിട്ട വിഡിയോകളിൽ ബോയിങ് 787 ഡ്രീംലൈനർ സുഗമമായി എത്തിച്ചേരുന്നതും പുറപ്പെടുന്നതും കാണാം. തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ അന്റാർട്ടിക്കയിൽ ഇപ്പോൾ വേനൽക്കാലമാണ് അനുഭവപ്പെടുന്നത്.

English Summary:

Ice runways are a vital part of transportation in Antarctica, as the continent lacks traditional paved airstrips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com