സന്തോഷത്തിന്റെ നാട്ടില്‍; വെക്കേഷന് ആഘോഷിച്ച് വിനീത് ശ്രീനിവാസനും കുടുംബവും
Mail This Article
ക്രിസ്മസ് ആഘോഷിക്കാന്‍ സാന്താക്ലോസിന്‍റെ നാടായ ഫിന്‍ലന്‍ഡിലേക്ക് യാത്ര ചെയ്ത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും കുടുംബവും. വിനീതും ഭാര്യ ദിവ്യയും യാത്രാ ചിത്രങ്ങള്‍ സോഷ്യൽ മീഡിയായിൽ പങ്കുവച്ചു.
ദിവ്യയുടെ ചിത്രത്തില്‍, കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന വിനീതിനെ കാണാം. ഫിന്‍ലന്‍ഡിലെ ജാർവെൻപേ പട്ടണത്തില്‍ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.
ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്ത് സഞ്ചാരികളെക്കൊണ്ട് നിറയുന്ന സ്ഥലമാണ് ഫിന്‍ലന്‍ഡ്. സാന്താക്ലോസിന്‍റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന സ്ഥലമാണ് ഫിന്‍ലന്‍ഡിലെ ലാപ്ലാന്‍ഡിലുള്ള റൊവാനിമി ഗ്രാമം. ഇവിടെ സാന്തയ്ക്ക് സ്വന്തമായി ഒരു ഓഫീസുണ്ട്. ലോകമെങ്ങുമുള്ള കുട്ടികള്‍ സാന്തയ്ക്ക് എഴുതുന്ന കത്തുകള്‍ മുഴുവനും എത്തുന്നത് ഇവിടെയുള്ള പോസ്റ്റോഫീസിലാണ്. റൊവാനിമിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ സാന്താ പാര്‍ക്കിനുള്ളിലാണ് സാന്തയുടെ ഓഫീസും പോസ്റ്റോഫീസുമെല്ലാം ഉള്ളത്. എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് ഇവിടെ വിപുലമായ ആഘോഷപരിപാടികള്‍ നടക്കുന്നു. കുട്ടികള്‍ക്കു സാന്താക്ലോസിന്‍റെ ഓഫീസില്‍ പോയി അദ്ദേഹത്തെ കാണാനും ഒപ്പം നിന്ന് സൗജന്യമായി ചിത്രങ്ങൾ എടുക്കാനും കഴിയും. ഇവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്നു പോസ്റ്റ്കാർഡുകൾ അയയ്ക്കാനും സാധിക്കും.
കൂടാതെ ആര്‍ട്ടിക് സര്‍ക്കിള്‍ കടന്നുപോകുന്നത് അടയാളപ്പെടുത്തിയ രേഖയും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
മഞ്ഞുകാലത്ത് നോർത്തേൺ ലൈറ്റ്സ് ടൂറുകൾ, ഹസ്കി ടൂറുകൾ, സ്നോമൊബൈൽ ടൂറുകൾ, റെയിൻഡിയർ ടൂറുകൾ, കുതിര ടൂറുകൾ, ഐസ് ഫിഷിങ് ടൂറുകൾ, വിന്റർ ഫാറ്റ്ബൈക്കിങ് സ്നോഷൂയിങ്ങും തുടങ്ങി ഒട്ടേറെ വിനോദങ്ങളും ഫിന്‍ലന്‍ഡിന്‍റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷവാന്മാരായ ആളുകള്‍ വസിക്കുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. യുഎൻ സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യമെന്ന സ്ഥാനം ഫിന്‍ലന്‍ഡ് നിലനിർത്തി.