ADVERTISEMENT

സഞ്ചാരികളുടെ വർഷമെന്ന് 2024 നെ വിശേഷിപ്പിച്ചാലും തെറ്റൊന്നുമില്ല. കാരണം, അത്രയധികം രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വീസ വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രകളെ പ്രണയിക്കുന്നവർക്ക് ഈ വർഷം കുറച്ചധികം യാത്രകൾ ചെയ്യാവുന്നതാണ്. കാരണം പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുമ്പോൾ വീസ ചാർജ് ലാഭിക്കാൻ കഴിയുമെന്നത് തന്നെ.  വൈവിധ്യമാർന്ന സംസ്കാരങ്ങളും പ്രകൃതിദൃശ്യങ്ങളും ചരിത്രാദ്ഭുതങ്ങളും കാണാൻ ഒന്നല്ല, പത്തല്ല 62 രാജ്യങ്ങളാണ് ഇന്ത്യൻ സഞ്ചാരികളെ മാടി വിളിക്കുന്നത്. വീസ നടപടിക്രമങ്ങളും അതിന്റെ നൂലാമാലകളും ഇല്ലാതെ ഇത്രയധികം രാജ്യങ്ങൾ മാടി വിളിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള യാത്രാപ്രിയർക്ക് എങ്ങനെ വേണ്ടെന്നു പറയാൻ കഴിയും.

വീസ ഇല്ലാതെ ഇന്ത്യൻ സഞ്ചാരികൾക്കു കടന്നു ചെല്ലാവുന്ന രാജ്യങ്ങളിൽ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യക്കാർക്കിടയിൽ യാത്രാപ്രിയം വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങൾ വീസയിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് മനോഹരമായ ബീച്ചുകളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമാണ്.

സഞ്ചാരികൾക്ക് വീസ ഇല്ലാതെ കയറി ചെല്ലാവുന്നത് 62 രാജ്യങ്ങളിലേക്ക്

ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള സഞ്ചാരികൾക്കു വീസ ഇല്ലാതെ കയറി ചെല്ലാവുന്നത് 62 രാജ്യങ്ങളിലേക്കാണ്. ഹെൻലി പാസ്പോർട്ട് സൂചികയിൽ ആഗോള റാങ്കിങ്ങിൽ എൺപതാം സ്ഥാനത്താണ് ഇന്ത്യൻ പാസ്പോർട്ട്. ഹെൻലി പാസ്പോർട്ട് റാങ്കിങ്ങിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ മാറ്റമില്ലെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വീസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 57–ൽ നിന്ന് 62 ആയി ഉയർന്നിട്ടുണ്ട്.  

എന്താണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ?

ലോകമെമ്പാടുമുള്ള പാസ്പോർട്ടുകളെ തരം തിരിക്കുന്നതിനും റാങ്ക് ചെയ്യുന്നതിനുമുള്ള അംഗീകരിക്കപ്പെട്ട ഒരു ഓൺലൈൻ സംവിധാനമാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ്. രാജ്യാന്തര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകുന്ന വിവരം അനുസരിച്ച് ആയിരിക്കും പാസ്പോർട്ടുകൾ റാങ്ക് ചെയ്യുന്നത്.  മുൻകൂർ വീസ ആവശ്യമില്ലാതെ ഒരു പ്രത്യേക രാജ്യത്തിന്റെ സാധാരണ പാസ്‌പോർട്ട് ഉപയോഗിച്ച് എത്തിച്ചേരാവുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ചാണ് ഹെൻലി പാസ്‌പോർട്ട് സൂചിക പാസ്‌പോർട്ടുകളെ റാങ്ക് ചെയ്യുന്നത്.

ഏറ്റവും പവർഫുൾ പാസ്പോർട്ട് ഈ ആറു രാജ്യങ്ങൾക്ക്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് കൈവശമുള്ളത് ആറു രാജ്യങ്ങൾക്കാണ്. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ ഉടമകൾ. ഈ ആറു രാജ്യങ്ങളിലെ പൗരൻമാർക്ക് വീസ ഇല്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഈ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ആണ് ഏറ്റവും താഴ്ന്ന സ്ഥാനത്തുള്ളത്. അഫ്ഗാൻ പൗരൻമാർക്ക് 28 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാവുന്നതാണ്. സിറിയ, ഇറാഖ് എന്നീ രാജ്യങ്ങൾക്കു യഥാക്രമം വീസ ഇല്ലാതെ 29,31 രാജ്യങ്ങളിൽ പ്രവേശനം ലഭിക്കും. പാകിസ്ഥാൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് വീസ ഇല്ലാതെ 34 രാജ്യങ്ങളിൽ വരെ പ്രവേശിക്കാൻ കഴിയും.

ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളവർക്ക് വീസ ഇല്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങൾ താഴെ പറയുന്നവയാണ്. 

അംഗോള

ബാർബഡോസ്

ഭൂട്ടാൻ

ബൊളീവിയ

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ

ബുറുണ്ടി

കംബോഡിയ

കേപ് വെർഡെ ദ്വീപുകൾ

കൊമോറോ ദ്വീപുകൾ

കുക്ക് ദ്വീപുകൾ

ജിബൂട്ടി

ഡൊമിനിക്ക

എൽ സാൽവഡോർ

എത്യോപ്യ

ഫിജി

ഗാബോൺ

ഗ്രനേഡ

ഗിനിയ-ബിസാവു

ഹെയ്തി

ഇന്തൊനേഷ്യ

ഇറാൻ

ജമൈക്ക

ജോർദാൻ

കസാക്കിസ്ഥാൻ

കെനിയ

കിരിബതി

ലാവോസ്

മക്കാവോ (SAR ചൈന)

മഡഗാസ്കർ

മലേഷ്യ

മാലദ്വീപ്

മാർഷൽ ദ്വീപുകൾ

മൗറിറ്റാനിയ

മൗറീഷ്യസ്

മൈക്രോനേഷ്യ

മോണ്ട്സെറാറ്റ്

മൊസാംബിക്ക്

മ്യാൻമർ

നേപ്പാൾ

നിയു

ഒമാൻ

പലാവു ദ്വീപുകൾ

ഖത്തർ

റുവാണ്ട

സമോവ

സെനഗൽ

സീഷെൽസ്

സിയറ ലിയോൺ

സൊമാലിയ

ശ്രീലങ്ക

സെന്റ് കിറ്റ്സ് ആൻഡ് നെവിസ്

സെന്റ് ലൂസിയ

സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്

ടാൻസാനിയ

തായ്​ലൻഡ്

തിമോർ-ലെസ്റ്റെ

ടോഗോ

ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ടുണീഷ്യ

തുവാലു

വനവാട്ടു

സിംബാബ്‌വെ

English Summary:

Indians can now visit 62 countries visa-free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com