ശ്രീനഗറിൽ വീണ്ടും ട്യൂലിപ് വസന്തം; ഏഷ്യയിലെ ഏറ്റവും വലിയ പൂന്തോട്ടം ഒരുങ്ങി
Mail This Article
ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ 23 മുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഈ വര്‍ഷത്തെ ട്യൂലിപ് ഫെസ്റ്റിവലില്‍ 1.7 ദശലക്ഷം ട്യൂലിപ് പൂക്കൾ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് സബർവാൻ പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ട്യൂലിപ് ഗാര്‍ഡനിലെ വസന്തക്കാഴ്ച കാണാന്‍ എത്തുന്നത്.
ഈ സീസണിൽ 1.7 ദശലക്ഷം ട്യൂലിപ് പുഷ്പങ്ങള്‍ പൂക്കുമെന്നും അതിനുള്ള അടിസ്ഥാനജോലികള്‍ പൂര്‍ത്തിയായെന്നും ഫ്ലോറികൾച്ചർ കമ്മീഷണർ സെക്രട്ടറി ഷെയ്ഖ് ഫയാസ് അഹമ്മദ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കാന്‍, മറ്റൊരു അര ഏക്കർ സ്ഥലം പാര്‍ക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം 73 ഇനത്തില്‍പ്പെട്ട ട്യൂലിപ് പുഷ്പങ്ങള്‍ പൂന്തോട്ടത്തിലുണ്ടാകും. അഞ്ചിനങ്ങള്‍ കൂടി ഇക്കുറി ചേര്‍ത്ത ശേഷമാണിത്. ട്യൂലിപ് പുഷ്പങ്ങള്‍ മാത്രമല്ല, ഡാഫോഡിൽസും ഹയാസിന്തുകളുമെല്ലാം ഉണ്ടാകും. താപനിലയിലെ വ്യതിയാനങ്ങൾ കാരണം താഴ്‌വരയിൽ ട്യൂലിപ് പൂവിടുന്നത് 15-20 ദിവസം മാത്രമേ നീണ്ടുനിൽക്കൂ. അതിനാൽ, ട്യൂലിപ് ഗാർഡൻ എല്ലാ വർഷവും ഏകദേശം ഒരു മാസത്തോളം മാത്രമേ തുറക്കാറുള്ളൂ.
ഏകദേശം 30 ഹെക്ടർ (74 ഏക്കർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ, മുമ്പ് മോഡൽ ഫ്ലോറികൾചർ സെന്റർ എന്നാണ് അറിയപ്പെട്ടിരുന്നത്. 'സിറാജ് ബാഗ്' എന്നും ഇതിനു പേരുണ്ട്.
കശ്മീർ താഴ്‌വരയിൽ പുഷ്പ കൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഗാര്‍ഡന്‍ ആദ്യമായി സന്ദർശകർക്കായി തുറന്നുകൊടുത്തത് 2008 ലാണ്. പല നിറങ്ങളിലുള്ള ഏകദേശം 1.7 ദശലക്ഷം തുലിപ് ബൾബുകൾ ആംസ്റ്റർഡാമിലെ ക്യൂകെൻഹോഫ് തുലിപ് ഗാർഡൻസിൽ കൊണ്ടുവന്നു. ട്യൂലിപ്സ് കൂടാതെ, ഹോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയുൾപ്പെടെ 46 ഇനം പൂക്കൾ ഇവിടെയുണ്ട്. ടൂറിസം വികസനത്തിന്‍റെ ഭാഗമായി ജമ്മു കശ്മീർ ഗവൺമെന്റ് നടത്തുന്ന വാർഷിക വസന്തോത്സവമാണ് ട്യൂലിപ് ഫെസ്റ്റിവൽ.
കഴിഞ്ഞ വര്‍ഷം ഗാര്‍ഡന്‍ കാണാന്‍ റെക്കോർഡ് സന്ദർശകരെത്തിയിരുന്നു. 2023 മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഒരു മാസത്തിനിടെ 3,000 വിദേശികൾ ഉൾപ്പെടെ, 365,000 വിനോദസഞ്ചാരികൾ ഉദ്യാനം സന്ദർശിച്ചു. മുതിർന്നവർക്ക് 75 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ഗാർഡനിലേക്കുള്ള പ്രവേശന ഫീസ്. ദിവസവും രാവിലെ 9 മണിക്ക് ഗാര്‍ഡന്‍ തുറക്കും. വൈകീട്ട് എഴുമണി വരെ ഇവിടം തുറന്നിരിക്കും.