ADVERTISEMENT

കുറഞ്ഞ തോതിലുള്ള  കുറ്റകൃത്യങ്ങളുള്ള ഡെൻമാർക്ക് സാമൂഹിക ക്ഷേമത്തിന്റെയും പൗരന്മാരുടെ സംതൃപ്തിയുടെയും കാര്യങ്ങളിൽ ഒരു പടി മുന്നിലാണ്. പ്രകൃതിദുരന്തങ്ങളുടെ ഭീതി ഡെൻമാർക്കിൽ തീരെ ഇല്ല, ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരാണ് ഇവിടെയുള്ളവർ. കാൽനടയാത്രക്കാരും റോഡ് നിയമങ്ങൾ ജാഗ്രതയോടെ പാലിക്കുന്നു. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയല്ലെങ്കിലും, പ്രാദേശിക ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിന് സംഭാഷണ വൈദഗ്ദ്ധ്യം ഉള്ളതിനാൽ ഡെൻമാർക്കിൽ യാത്ര ചെയ്യാനും സുഖമാണ്. ഇതിനൊപ്പം ഡെൻമാർക്ക് എന്ന രാജ്യം സൂപ്പർ എക്സ്പെൻസീവാണ്. ഭക്ഷണമായാലും, രാജ്യത്തിനകത്തുള്ള പൊതുഗതാഗതമായാലും താമസമായാലും എല്ലാം കൊണ്ടും ചെലവേറിയ ഒരു സുന്ദരനാട്. കാര്യം ഇതൊക്കെയാണെങ്കിലും ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് അതൊന്നും ഒരു തടസമല്ല. വർഷം തോറും ഡെൻമാർക്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് തന്നെ അതിന് തെളിവാണ്. കടല്‍ത്തീരങ്ങളും പാടങ്ങളും തടാകങ്ങളും മുഖ്യകാഴ്ചയായ ഡെന്മാര്‍ക്ക് നാ‌ടിന്‍റെ പ്രത്യേകത കൊണ്ടു സഞ്ചാരികളെ അദ്ഭുതപ്പെടുന്നുന്ന രാജ്യമാണ്. എന്നാൽ നികുതിയടക്കം പലതും ഉയർന്ന തോതിലാണിവിടെയുള്ളത്. അന്തരീക്ഷ മലിനീകരണം കാരണം കാറുകൾക്കു കനത്ത നികുതി ഏർപ്പെടുത്തിയിരിക്കുന്നതിനാൽ സൈക്കിളുകളിലാണ് ഇവിടെയുള്ള ഭൂരിഭാഗം പേരും സഞ്ചരിക്കുന്നത്. പരിസ്ഥിതി മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കെല്ലാം പ്രാധാന്യം കൽപ്പിക്കുന്നവരാണ് ഡെൻമാർക്കുകാർ. പല ദിക്കുകളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ ഇരുകയ്യും നീട്ടിയാണ് ഡെൻമാർക്ക് സ്വീകരിക്കുന്നത്.

അദ്ഭുതപ്പെടുത്തുന്ന ബാൾട്ടിക് കടൽ

ഡെന്മാർക്ക് ഒരു മനോഹരമായ ഭൂമിയാണ്, അവിടെ പ്രകൃതി നമുക്ക് അവിശ്വസനീയമായ പലതും ഒരുക്കി വച്ചിട്ടുണ്ട്.എന്നാൽ ജുട്ട്‌ലാൻഡിലെ സ്‌കാഗന്റെ വടക്കുള്ള ഉപദ്വീപായ ഗ്രെനന്റെ അറ്റത്ത്, അദ്ഭുതപ്പെടുത്തുന്ന ഒന്നുണ്ട്. ഇവിടെയാണ് ബാൾട്ടിക് കടൽ എതിർദിശയിൽ നിന്ന് വരുന്ന വടക്കൻ കടലുമായി സംഗമിക്കുന്നത്. വ്യത്യസ്‌ത സാന്ദ്രതയുള്ള രണ്ട് കടലുകൾ കൂടിച്ചേരുന്നയിടമാണിത്. പക്ഷേ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ രണ്ടു കടലുകളും ഒരിക്കലും കൂടിച്ചേരുന്നില്ല എന്നതാണ്. അതുപോലെ ഏറ്റുമുട്ടുന്ന രണ്ട് കടലുകൾക്കിടയിൽ ആളുകൾക്ക് നിൽക്കാൻ കഴിയുന്ന വളരെ കുറച്ച് സ്ഥലങ്ങളേ ലോകമെമ്പാടുമുള്ളൂ. ഗ്രെനെൻ അതിലൊന്നാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി കൂട്ടിയിടിച്ച്, സ്കഗെറാക്ക്, കട്ടേഗട്ട് കടലുകൾ ഒരു നീണ്ട മണൽപ്പാടം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്, അതായത് രണ്ട് കടലുകൾ സംഗമിക്കുന്ന ആ ഭൂമിയിൽ നമുക്ക് നിർഭയത്തോടെ നിൽക്കാം. 

ഒരിക്കലും കൂടിക്കലരാത്ത രണ്ട് കടലുകൾ, അതിനിടയിൽ ഒരു തുണ്ട് ഭൂമി

ഡെൻമാർക്കിലെ ജുട്ട്‌ലാൻഡിന്റെ വടക്കേ അറ്റത്താണ് ഭൂമിയിലെ ഈ അസാധാരണ പ്രതിഭാസം.സ്കഗൻ ഒരു ചെറിയ മത്സ്യബന്ധന ഗ്രാമമാണ്, അവിടെ എല്ലാ വർഷവും ചിത്രകാരന്മാരും ഫൊട്ടോഗ്രാഫർമാരും ഒഴുകി എത്താറുണ്ട്, കാരണം രണ്ട് കടലുകളുടെ ഏറ്റവും മികച്ച കാഴ്ചകൾ അവിടെയാണ് ആസ്വദിക്കാനാവുക. അവിടെ ബാൾട്ടിക് കടലും വടക്കൻ കടലും ഒരു ഘട്ടത്തിൽ കൂടിച്ചേരുകയും വെള്ളത്തിന്റെ ഉപരിതലത്തിൽ വെളുത്ത നുരകളുടെ ഒരു വര പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

അതിമനോഹരവും അതിനേക്കാൾ ഉപരി അദ്ഭുതപ്പെടുത്തുന്നതുമായ ഒരു കാഴ്ചയാണത്. രണ്ട് കടലുകളുടെയും സാന്ദ്രതയിലും ലവണാംശത്തിലും ഉള്ള വ്യത്യാസം മൂലമുണ്ടാകുന്ന അവിശ്വസനീയമായ പ്രകൃതി പ്രതിഭാസമാണിത്. രണ്ട് കടലുകളുടെയും പ്രവാഹങ്ങൾ വിപരീത ദിശകളിൽ നിന്നാണ് വന്നത്. അവയുടെ പ്രവാഹങ്ങൾ ഒഴുകുന്നിടത്തോളം, അവയെ പരസ്പരം വേർതിരിക്കുന്ന മനോഹരമായ രേഖ എപ്പോഴും ഉപരിതലത്തിൽ കുമിളകളായി നിലകൊള്ളും.

കടലുകൾ തീരം തൊടുമ്പോൾ

രണ്ടു കടലുകളും ഒന്നിക്കുമ്പോൾ രൂപപ്പെടുന്ന വ്യത്യസ്ത രൂപമാറ്റം മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ഈ രണ്ടു കടലുകൾ കൂടിച്ചേരുന്ന ഒരു തീരം കൂടിയുണ്ട് അതാണ് ഗ്രെനൻ. നീണ്ടതും ഇടുങ്ങിയതുമായ രൂപവും മരക്കൊമ്പിനോട് സാമ്യവും ഭൂപ്രദേശത്തിന് പുറത്തേക്ക് നീണ്ടുകിടക്കുന്ന രീതിയും കാരണമാണ് 'ശാഖ' എന്നു വിവർത്തനം ചെയ്യുന്ന ഗ്രെനൻ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്. സ്കഗന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന നാല് കിലോമീറ്റർ നീളമുള്ള വളഞ്ഞ മണൽത്തിട്ടയുടെ കൊടുമുടി അക്ഷരാർത്ഥത്തിൽ ഡെന്മാർക്കിന്റെ അങ്ങേയറ്റം ആണെന്നു പറയാം. 

സ്‌കാഗെറാക്കും (വടക്കൻ കടൽ), കട്ടേഗട്ടും (ബാൾട്ടിക് കടൽ ) ഒരുമിച്ച് സംഗമിക്കുന്ന മണൽത്തീരമാണത്. അവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ ഒരു കാൽ വടക്കൻ കടലിലും മറ്റേത് ബാൾട്ടിക് കടലിലും ആയിരിക്കും. രണ്ടു കടലുകളും ഒരേസമയം അനുഭവിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. ഈ സ്ഥലം വിനോദസഞ്ചാരികൾക്കിടയിൽ എൻഡ് ഓഫ് ദ വേൾഡ് അഥവാ ലോകാവസാനം എന്നും അറിയപ്പെടുന്നുണ്ട്. അതിന്റെ പ്രധാനകാരണം ഈ രണ്ടു കടലുകളുടെ സംഗമം തന്നെയാണ്.

English Summary:

Stand at the World's End: Experience the Unique Confluence of Baltic and North Seas in Skagen!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com