വാഹനങ്ങള്‍ക്കു കടന്നു ചെല്ലാനാകില്ല; ശുദ്ധവായു നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

Mail This Article
തിരക്കും ബഹളവും നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു യാത്ര പോയി മടുത്തോ? എങ്കിലിനി അല്‍പ്പം ശുദ്ധവായു ശ്വസിക്കാനുള്ള യാത്രയായാലോ? മോട്ടോര്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത, ശുദ്ധമായ ഓക്സിജന്‍ കിട്ടുന്ന ഭൂമിയിലെ സ്വച്ഛന്ദസുന്ദരമായ ചില ഇടങ്ങള്‍ പരിചയപ്പെടാം...
മതേരന്‍, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ശാന്തമായ ഒരു ഹിൽ സ്റ്റേഷനാണ് മതേരൻ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പിനും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ട മതേരന്‍, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 800 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിൽസ്റ്റേഷനിൽ മോട്ടോർ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുന്ന സിറോ വെഹിക്കുലർ എമിഷൻ പോളിസിയാണ് മതേരന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. സന്ദർശകർ അവരുടെ വാഹനങ്ങൾ എന്‍ട്രി പോയിന്‍റില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇവിടെ നിന്നും കാടിനുള്ളിലേക്കു ട്രെക്ക് ചെയ്തോ കുതിരപ്പുറത്തോ പോകാം. ഈ നയം ദുർബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും വായുവിന്റെ ഗുണനിലവാരം നിലനിർത്താനും പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കാനും മാത്രമല്ല, പ്രാദേശിക ഉപജീവനമാർഗങ്ങള്‍ക്കു പിന്തുണയേകുകയും ചെയ്യുന്നു.

വെനീസ്, ഇറ്റലി
എണ്ണിയാല്‍ ഒടുങ്ങാത്തത്ര കനാലുകളും ജലാശയങ്ങളും നിറഞ്ഞ വെനീസ്, ജലത്തിനു മുകളില്‍ പടുത്തുയര്‍ത്തിയ ഒരു മനോഹരനഗരമാണ്. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താനായി കൂടുതലും ജലഗതാഗതത്തെയാണ് ഇവിടെ ആശ്രയിക്കുന്നത്. വാഹനങ്ങള്‍ക്ക് ഇവിടെ നിരോധനമുണ്ട്.

മക്കിനാക് ദ്വീപ്, യുഎസ്എ
മിഷിഗണിലെ മക്കിനാക്ക് കടലിടുക്കിന്റെ കിഴക്കേ അറ്റത്ത്, ഹ്യൂറോൺ തടാകത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കാലാതീതമായ ചാരുതയും മോട്ടോര്‍ വാഹനരഹിതവും ശുദ്ധവുമായ അന്തരീക്ഷവും കൊണ്ട് ഈ ദ്വീപ് സന്ദർശകരെ ആകർഷിക്കുന്നു. ആംബുലൻസ്, പൊലീസ് കാറുകൾ, ഫയർ ട്രക്കുകള്‍, നഗര സേവന വാഹനങ്ങൾ, മഞ്ഞുകാലത്ത് സ്നോമൊബൈലുകൾ എന്നിവ ഒഴികെയുള്ള മിക്കവാറും എല്ലാ മോട്ടോർ വാഹനങ്ങൾക്കും ഇവിടെ നിരോധനമുണ്ട്. സൈക്കിളുകളും കുതിര വണ്ടികളുമാണ് ഇവിടുത്തെ തെരുവുകളില്‍ സഞ്ചാരികളെ വഹിച്ചു കൊണ്ടുപോകുന്നത്.

ഗീതോർൺ, നെതർലാൻഡ്‌സ്
നെതർലാൻഡിൽ സ്ഥിതി ചെയ്യുന്ന ഗീതോര്‍ണില്‍ ആകർഷകമായ ജലപാതകളും കാർ രഹിത തെരുവുകളും ഉണ്ട്. കാറുകള്‍ക്ക് സഞ്ചരിക്കാനുള്ള റോഡുകളില്ലാത്തതിനാൽ ഇവിടെ ഗതാഗതം പൂർണമായും ബോട്ടുകളെയാണ് ആശ്രയിക്കുന്നത്. ജനപ്രിയ വിനോദസഞ്ചാരകേന്ദ്രമായതിനാല്‍ ഇതിനെ "നെതർലാൻഡ്‌സിന്റെ വെനീസ്" എന്നു വിളിക്കുന്നു. മനോഹരമായ ഒട്ടേറെ പാലങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രത്യേകതയാണ്.

ഹൈഡ്ര, ഗ്രീസ്
ഈജിയൻ കടലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രീക്ക് ദ്വീപാണ് ഹൈഡ്ര. ഒട്ടേറെ നീരുറവകള്‍ ഉള്ളതിനാലാണ് ഈ ദ്വീപിനു ഹൈഡ്ര എന്ന പേരുവന്നത്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ഒരു തുറമുഖത്തിനു ചുറ്റുമായി റസ്റ്ററന്റുകൾ, ഷോപ്പുകൾ, മാർക്കറ്റുകൾ, ഗാലറികൾ എന്നിവ ഇവിടെ കാണാം. കാറുകൾ, മോട്ടോർ സൈക്കിളുകൾ, സ്കൂട്ടറുകൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങള്‍ ഇവിടെ അനുവദനീയമല്ല. കോവർകഴുതകളും കഴുതകളും ഇവിടെ പ്രധാന ഗതാഗത മാർഗ്ഗമായി പ്രവർത്തിക്കുന്നു.