ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ നെറ്റ് വർക് ആകാൻ ഇന്ത്യൻ റെയിൽവേ

Mail This Article
ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ് ഗേജ് ശ്യംഖല വരുന്ന കുറച്ചു മാസങ്ങൾക്കുള്ളിൽ പൂർണമായും വൈദ്യുതീകരിക്കപ്പെടും. നിലവിലുള്ള വൈദ്യുതീകരണ പദ്ധതികൾക്കായി ഇടക്കാല ബജറ്റിൽ 6,500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇതിനകം തന്നെ സമ്പൂർണ വൈദ്യുതീകരണം കൈവരിച്ചതിനാൽ ഇന്ത്യൻ റെയിൽവേ ലോകത്തിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റെയിൽവേ സംവിധാനമായി മാറും.
2025 സാമ്പത്തിക വർഷത്തിൽ ലഭ്യമായ 6,500 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കാൻ ഇന്ത്യ സജ്ജമാണെന്നു മാധ്യമങ്ങളോട് സംസാരിക്കവെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. 2014 മുതൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി 46, 425 കോടി രൂപ റെയിൽവേ നിക്ഷേപിച്ചു കഴിഞ്ഞു. ഡീസൽ ലോക്കോമോട്ടീവുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കി പകരം ഇലക്ട്രിക് എഞ്ചിനുകൾ സ്ഥാപിക്കാൻ സമയമെടുക്കും. അതിൽ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മാറ്റം ഡീസൽ എഞ്ചിനുകളേക്കാൾ കൂടുതൽ ഇലക്ട്രിക് എഞ്ചിനുകളാണ് നിലവിലുള്ളത്. ഡിസംബർ 2023 ൽ റെയിൽവേയ്ക്ക് 10, 238 ഇലക്ട്രിക് എഞ്ചിനുകളും 4543 ഡീസൽ ലോകോമോട്ടീവുകളുമാണ് ഉള്ളത്.
2023 - 24 സാമ്പത്തിക വർഷത്തിൽ 7, 188 കിലോമീറ്റർ റെയിൽ നെറ്റ് വർക് ആണ് റെയിൽവേ വൈദ്യുതീകരിച്ചത്. ഇതിൽ അഹ്മദാബാദ്- രാജ്കോട് - ഓഖ റൂട്ടും (499 കിലോമീറ്റർ), ബംഗളൂരു - താൽഗുപ്പ റൂട്ടും (371 കിലോമീറ്റർ), ബതിന്ധ - ഫിറോസ്പുർ - ജലന്ധർ റൂട്ടും (301 കിലോമീറ്റർ) ഉൾപ്പെടുന്നു. വൈദ്യുതീകരണത്തിലേക്കു മാറുന്നതോടെ കാർബൺ ഉദ്വമനം 2027 - 28 വർഷത്തോടെ 24 ശതമാനം കുറയുമെന്നാണു കണക്കാക്കുന്നത്. 2014 - 15 കാലയളവ് മുതൽ റെയിൽവേ ബ്രോഡ് ഗേജ് നെറ്റ് വർകിൽ 40,000 കിലോമീറ്റർ റൂട്ട് ആണ് വൈദ്യുതീകരിച്ചത്. 2014 നെ അപേക്ഷിച്ച് വളരെ ഗണ്യമായ വർദ്ധനവ് ആണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. 2014 - 15 കാലയളവിൽ ദിവസം 1.42 കിലോമീറ്റർ ആയിരുന്നു റെയിൽ വൈദ്യുതീകരണം നടന്നിരുന്നതെങ്കിൽ 2023 - 24 ആയപ്പോഴേക്കും അത് ദിവസം 19.6 കിലോമീറ്റർ എന്നതിലേക്ക് എത്തി.
യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ റെയിൽ വൈദ്യുതീകരണത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച് 95ശതമാനം ഇന്ത്യൻ റെയിൽവേയും വൈദ്യുതീകരിച്ച് കഴിഞ്ഞു. യൂറോപ്യൻ യൂണിയനിൽ ഇത് 56 ശതമാനവും യുകെയിൽ 38 ശതമാനവും യു എസിൽ ഒരു ശതമാനവുമാണ്. അതേസമയം, സ്വിറ്റ്സർലണ്ടിൽ 99 ശതമാനവും വൈദ്യുതീകരണം പൂർത്തിയായി കഴിഞ്ഞു.
അതേസമയം, റെയിൽ വൈദ്യുതീകരണം പൂർത്തിയാകുന്നത് വലിയ നേട്ടമാകുമെന്ന് തന്നെയാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. നിർമാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വൈദ്യുതീകരണം മൂലം ചെലവ് കുറവ് ഉണ്ടാകുമെന്നാണു കണക്കു കൂട്ടുന്നത്. എന്നാൽ, വൈദ്യുതി എങ്ങനെ കണ്ടെത്തുമെന്നതിൽ ആശങ്കയുണ്ട്. എന്തൊക്കെയായാലും 2030 ൽ ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ റെയിൽവേ ആയി മാറാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.