മഞ്ഞക്കടല്‍ പോലെ പൂക്കളുടെ ഉത്സവം; വേനലില്‍ വസന്തഭൂമിയാകുന്ന മരണത്തിന്റെ താഴ്വര

Mail This Article
മരുഭൂമിയിലെ വസന്തം എന്നൊക്കെ കേട്ടിട്ടില്ലേ? വേനല്‍ക്കാലമാകുമ്പോള്‍ മാത്രം വസന്തം വിരുന്നെത്തുന്ന ഭൂമിയിലെ ചില മനോഹര ഇടങ്ങളുണ്ട്. അവയിലൊന്നാണ് അമേരിക്കയിലെ കലിഫോര്‍ണിയയിലുള്ള ഡെത്ത് വാലി പ്രദേശം. പൂർവ-മധ്യ കലിഫോർണിയയിലെ ഇന്യോ (Inyo) കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ആഴമേറിയ ഒരു താഴ്വരയാണു ഡെത്ത് വാലി. പാനാമിന്റ്-അമാർഗോസ മലനിരകൾക്കിടയിലുള്ള ഈ പ്രദേശം, 1933 ൽ നിലവിൽ വന്ന 'ഡെത്ത് വാലി നാഷണൽ മോണുമെന്റി'ന്റെ ഭാഗമാണ്.
വേനൽക്കാലത്ത് യുഎസിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നാണ് ഇവിടം. എന്നാല്‍ കടുത്ത ചൂട് വകവയ്ക്കാതെ ഈ സമയത്ത് ഒട്ടേറെ സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. ഈ സമയത്ത് താഴ്വരയില് വിരിയുന്ന കാട്ടുപൂക്കളുടെ മനോഹരമായ കാഴ്ചയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. നിറയെ മഞ്ഞയും പര്‍പ്പിളും ക്രീമും പിങ്കും നിറങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍, താഴ്വരയെ വസന്തത്തിന്റെ തലസ്ഥാനമാക്കുന്നു.

പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്ത് ഒരേസമയം പൂക്കള്‍ പൂക്കുന്നതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ഇങ്ങനെ ഒറ്റയടിക്ക് ഒരുപാട് പൂക്കള്‍ വിരിയുന്ന പ്രതിഭാസം " സൂപ്പർബ്ലൂം " എന്നാണ് അറിയപ്പെടുന്നത്.
മരണം പതിയിരിക്കുന്ന താഴ്വര
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, താഴ്വരയിലെ പ്രതികൂല പരിസ്ഥിതിയെ അതിജീവിച്ച ഒരു സംഘം സാഹസികരാണ് ഈ പ്രദേശത്തെ ഡെത്ത് വാലി എന്ന് വിശേഷിപ്പിച്ചത്. 1849 ലെ സ്വർണ വേട്ടയുടെ സമയത്ത് കലിഫോണിയയിലേക്കുള്ള എളുപ്പമാർഗം അന്വേഷിച്ചു വന്നവരായിരുന്നു ഇവർ. നിരവധി പേരുടെ മരണത്തിനും ഏറെനാള്‍ നീണ്ടുനിന്ന യാതനകൾക്കും ഒടുവിലാണ് പടിഞ്ഞാറേക്കുള്ള യാത്രയിൽ ഇവർ വിജയം കണ്ടെത്തിയത്. 1850 ജനുവരിയിൽ, പാനാമിന്റ് നിരയുടെ കുത്തനെയുള്ള ചരിവുകൾ വഴി ഈ പ്രദേശം മുറിച്ചു കടന്നു. തങ്ങൾ അനുഭവിച്ച യാതനകളുടെ സ്മരണാർഥമാണ് ഈ പ്രദേശത്തിനു ഡെത്ത് വാലി എന്ന പേര് നൽകിയത്.
കാലാവസ്ഥയും വിനോദസഞ്ചാരവും
പൊതുവേ ചൂടേറിയതും വരണ്ടതുമായ ഈ പ്രദേശത്ത്, നവംബർ മുതല്‍ മേയ് വരെയുള്ള കാലയളവിൽ ഭേദപ്പെട്ട കാലാവസ്ഥയനുഭവപ്പെടുന്നു. ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദര്‍ശിക്കാം.
മഞ്ഞുകാലത്തെ നേരിയ സൂര്യപ്രകാശവും ഈ പ്രദേശത്തെ കലിഫോർണിയയിലെ ഒരു പ്രധാന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പാനാമിന്റ് നിരകളിലെ 3365 മീറ്റർ ഉയരമുള്ള ടെലസ്കോപ് കൊടുമുടിയാണ് ഇവിടത്തെ പ്രധാന ആകർഷണകേന്ദ്രം. ടെലസ്കോപ് കൊടുമുടിയിൽ നിന്നും ഡെത്ത് വാലി പ്രദേശം മുഴുവൻ ദൃശ്യമാണ്. കലിഫോർണിയയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായ വിറ്റ്നി പർവതം വാലിയിൽ നിന്ന് ഉദ്ദേശം 130 കി.മീ. അകലെ സ്ഥിതിചെയ്യുന്നു.
ഡെത്ത് വാലിയുടെ ഇരുവശങ്ങളിലും കാണപ്പെടുന്ന ചെങ്കുത്തായ ഭൂഭാഗങ്ങൾ നയനമനോഹരമാണ്. താഴ്വരയുടെ വടക്കേയറ്റത്ത് 'യൂബെഹിബ് (Ubehebe) ക്രേറ്റർ' എന്ന അഗ്നിപർവ്വതമുഖം സ്ഥിതിചെയ്യുന്നു. ഹിമനദികളുടെ ഒഴുക്കിലൂടെ മിനുസപ്പെട്ട ചെങ്കുത്തായ ശിലകൾ, വർഷങ്ങളോളം മ്യൂൾ സംഘങ്ങൾ ബോറാക്സ് ചുമന്നു കൊണ്ടുപോയിരുന്ന വളഞ്ഞുപുളഞ്ഞ പാതകൾ എന്നിവയും ഇവിടുത്തെ വിസ്മയകരമായ കാഴ്ചകളില്‍പ്പെടുന്നു.