ADVERTISEMENT

വീടിനുള്ളിൽ ഇരിക്കാനും പുറത്തേക്ക് ഇറങ്ങാനും കഴിയാത്ത വിധത്തിലുള്ള ചൂടുകാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ പലയിടങ്ങളിലും ചൂട് അതിന്റെ ആധിക്യത്തിൽ എത്തിയിരിക്കുകയാണ്. ഫിലിപ്പീൻസിൽ 300 വർഷം പഴക്കമുള്ള ഒരു പട്ടണത്തിന്റെ അവശിഷ്ടങ്ങളാണ് ചൂട് കൂടിയതു മൂലം ഉയർന്നു വന്നത്. ഈ പ്രദേശത്തെ കനത്ത ചൂടിനെ തുടർന്ന് ഇവിടെയുള്ള ഒരു പ്രധാന അണക്കെട്ട് ഭാഗികമായി വരണ്ടു പോയിരുന്നു. ഇതിനെ തുടർന്നാണ് 300 വർഷം പഴക്കമുണ്ടായിരുന്ന ഒരു പട്ടണം ഉയർന്നു വന്നത്.

Philippines
ഫിലിപ്പീൻസ്

ഒരു റിസർവോയർ പണിയുന്നതിന്റെ ഭാഗമായിട്ടാണ് 1970ൽ പന്തബംഗൻ പട്ടണം നാമാവശേഷമായത്. പട്ടണം മുഴുവനായും വെള്ളത്തിന് അടിയിൽ ആകുകയായിരുന്നു. എന്നാൽ, കാലാവസ്ഥ സാഹചര്യം മാറിയതോടെ. ചൂട് കൂടുകയും റിസർവോയറിലെ വെള്ളം വറ്റുകയും ഒപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടണം തെളിഞ്ഞു വരികയുമായിരുന്നു. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കനത്ത വരൾച്ചയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. അതേസമം, അണക്കെട്ട് പണികഴിപ്പിച്ചതിനു ശേഷം ഇത് ആദ്യമായാണ് വെള്ളത്തിനു മുകളിൽ പട്ടണം തെളിഞ്ഞു വരുന്നതു കാണുന്നതെന്നു രാജ്യത്തെ അണക്കെട്ടുകളുടെ കാര്യം നോക്കുന്ന ഏജൻസി എൻജിനിയർ മർലോൺ പലാഡിൻ പറഞ്ഞു. 

philippines
ഫിലിപ്പീൻസ്

കനത്ത ചൂട് സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തെയും ബാധിച്ചെന്നാണു റിപ്പോർട്ടുകൾ. ചൂടിനെ തുടർന്ന് സ്കൂളുകൾ അടച്ചിരിക്കുകയാണ്. മിക്ക ഓഫീസ് ജോലിക്കാരും വീട്ടിൽ ഇരുന്നുകൊണ്ടാണ് തങ്ങളുടെ ജോലി ചെയ്യുന്നത്. വരാനിരിക്കുന്ന ദിവസങ്ങൾ കൂടുതൽ ചൂട് നിറഞ്ഞത് ആയിരിക്കുമെന്നാണ് രാജ്യത്തെ കാലാവസ്ഥ ബ്യൂറോ ആയ പഗാസ നൽകുന്ന റിപ്പോർട്ട്. ഫിലിപ്പീൻസിൽ മുഴുവനായും ചൂട് കൂടിയ കാലാവസ്ഥയാണ് ഇപ്പോൾ.

എൽ  നിനോ പ്രതിഭാസത്തെ തുടർന്ന് പസിഫിക് സമുദ്രത്തിലെ ഉപരിതലം ജലം അസാധാരണമായി ചൂടു കൂടിയ നിലയിലാണ്. ഇതാണ് രാജ്യത്തെ കടുത്ത ചൂടിന് കാരണമായിരിക്കുന്നത്. ഒരു ദ്വീപ് സമൂഹമായതിനാൽ തന്നെ ഫിലിപ്പീൻസിന്റെ കിഴക്കൻ തീരം ഈ പ്രതിഭാസങ്ങൾക്കു തികച്ചും വിധേയമാണ്. കാലാവസ്ഥ വ്യതിയാനം ഏറ്റവും എളുപ്പത്തിൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഫിലിപ്പീൻസ്. 2013ൽ സൂപ്പർ ടൈഫൂൺ ഹയാൻ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളുള്ള കാലാവസ്ഥ വ്യതിയാനങ്ങളെ രാജ്യം അഭിമുഖീകരിക്കേണ്ടി വന്നു. ഹയാൻ വലിയ നാശനഷ്ടങ്ങൾ ആയിരുന്നു ഫിലിപ്പീൻസിൽ ഉണ്ടാക്കിയത്.

പന്തബംഗനിലും മറ്റ് മേഖലകളിലും അണക്കെട്ടിന്റെ ജലനിരപ്പിൽ കാര്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ജലനിരപ്പ് അവയുടെ സാധാരണ ഉയർന്ന മാർക്കായ 221 മീറ്ററിൽ നിന്ന് 50 മീറ്ററിലേക്കാണ് താഴ്ന്നിരിക്കുന്നത്. മാർച്ചിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടണത്തിന്റെ അവശിഷ്ടങ്ങൾ തെളിഞ്ഞു വന്നു തുടങ്ങിയത്. ചെറിയ തോതിലുള്ള മഴ ലഭിച്ചതിനെ തുടർന്ന് തലസ്ഥാനമായ മനിലയിൽ നിന്ന് 202 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പട്ടണത്തിലേക്ക് സഞ്ചാരികൾ എത്തുന്നുണ്ട്. ഫിലിപ്പീൻസിൽ മാത്രമല്ല അയൽ രാജ്യങ്ങളായ ബംഗ്ലാദേശ്, തായ്​ലൻഡ്, മ്യാൻമറിന്റെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ ഇതിനകം തന്നെ താപനില 45 ഡിഗ്രിയിലും കൂടുതലായി കഴിഞ്ഞു. ഉയരുന്ന ചൂട് സാധാരണക്കാർക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

English Summary:

300 Year old underwater town resurfaces due to extreme heat in Philippines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com