യുദ്ധത്തെ പേടിക്കേണ്ട, വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇസ്രയേൽ

Mail This Article
യുദ്ധവും പ്രതിസന്ധിയും തുടരുന്നതിനിടയിലും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഇസ്രയേൽ. ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായിട്ടാണ് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രസ്താവന ഇറക്കിയത്. വ്യാവസായിക ആവശ്യങ്ങൾക്കും സുരക്ഷിതമായ ടൂറിസത്തിനുമായി രാജ്യം തുറന്നിരിക്കുകയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു തുടങ്ങിയതോടെ മിക്ക എയർലൈനുകളും ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാനം പുനരാരംഭിച്ചു. ഇസ്രയേൽ - പലസ്തീൻ സംഘർഷത്തെ തുടർന്ന് മിക്ക വിമാനങ്ങളും നിർത്തി വച്ചിരുന്നു.

മേയ് 16 മുതൽ എയർ ഇന്ത്യയും ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കും. ആഴ്ചയിൽ അഞ്ചു സർവീസ് ആയിരിക്കും ഉണ്ടാകുക. ഡൽഹിയിൽ നിന്ന് ടെൽ അവിവിലേക്ക് ആയിരിക്കും വിമാനം ഉണ്ടായിരിക്കുക. ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് 2023 ഒക്ടോബർ ഏഴിന് ആയിരുന്നു ടെൽ അവിവിലേക്ക് നേരിട്ടുള്ള വിമാനം നിർത്തി വച്ചത്. മാർച്ച് മൂന്നിന് വീണ്ടും സർവീസ് ആരംഭിച്ചെങ്കിലും ഇറാൻ - ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വീണ്ടും നിർത്തി വയ്ക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെൻ ഗുരിയോൺ വിമാനത്താവളം പൂർണ സജ്ജമാക്കി കഴിഞ്ഞതായി ഇസ്രയേൽ വ്യക്തമാക്കി. കൂടാതെ ടെൽ അവിവ്, ജെറുസലേം, ഗലീലി, ചാവുകടൽ എന്നീ പ്രദേശങ്ങൾ രാവും കടലും പൂർണമായും പ്രവർത്തനസജ്ജമാണ്. അതേസമയം, ഗാസയിലെ ബോംബ് ആക്രമണവും പ്രദേശത്തെ മറ്റ് സംഘർഷങ്ങളും കണക്കിലെടുത്ത് കനേഡിയൻ സർക്കാർ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ പ്രവചിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ആയതിനാൽ തന്നെ ഇസ്രയേലിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കാനഡ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസും പൗരൻമാരോട് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇത്തരത്തിലുള്ള യാതൊരുവിധ മുന്നറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും ഇന്ത്യ പൗരൻമാർക്കു നൽകിയിട്ടില്ല. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കാണുന്നതിനായി നിരവധി പേരാണ് ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കു യാത്ര പോകുന്നത്. വിശുദ്ധ നാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുമായി ഒയാസിസ് ടൂർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഇസ്രയേലിലേക്കു യാത്ര നടത്തിയിരുന്നു. ഈ യാത്രയുടെ സമയത്ത് ഇസ്രയേലിൽ യാതൊരു വിധത്തിലുള്ള സുരക്ഷാപ്രശ്നങ്ങളും അഭിമുഖീകരിച്ചില്ലെന്നു ഒയാസിസ് പ്രതിനിധി ടിബിൻ തോമസ് ഓൺമനോരമയോട് പറഞ്ഞു.
നിരവധി ടൂർ ഓപ്പറേറ്റർമാർ ഇസ്രയേലിലേക്കുള്ള ടൂറുകൾ ജനുവരിയിൽ തന്നെ തുടങ്ങിയതായും ടിബിൻ വ്യക്തമാക്കി. ഒയാസിസ് ഗ്രൂപ്പ് ഏപ്രിലിൽ ആണ് ഇസ്രയേലിലേക്കുള്ള ടൂർ വീണ്ടും ആരംഭിച്ചതെന്നും ഇതുവരെ അഞ്ച് ഗ്രൂപ്പുകൾ പോയതായും ഈ ഒരു യാത്രയിലും യാതൊരു വിധത്തിലുള്ള സുരക്ഷാപ്രശ്നങ്ങളും ഇസ്രയേലിൽ എവിടെയും ഉണ്ടായിട്ടില്ലെന്നും ടിബിൻ പറഞ്ഞു. നിലവിൽ 95 അംഗ സംഘവുമായി ഇസ്രയേലിൽ സന്ദർശനത്തിലാണ് ടിബിൻ. കഴിഞ്ഞ മാസം ഇറാൻ - ഇസ്രയേൽ സംഘർഷം ഉണ്ടായപ്പോഴും ഒരു ടീം ഇസ്രയേലിൽ ടൂർ നടത്തുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ബന്ധുക്കൾ വിളിച്ചപ്പോഴാണ് ഇത്തരത്തിലൊരു പ്രശ്നം നടക്കുന്നതായി സംഘാംഗങ്ങൾ അറിഞ്ഞത്. തങ്ങളുടെ അനുഭവത്തിൽ ഈ സംഘർഷങ്ങളൊന്നും വിനോദസഞ്ചാര കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്നും ടിബിൻ വ്യക്തമാക്കി.
എന്നാൽ, സംഘർഷം വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സഞ്ചാരികൾ വളരെ കുറവായതിനാൽ തന്നെ നേരത്തെ അനുഭവപ്പെട്ടിരുന്ന തിരക്ക് ഇപ്പോൾ ഇല്ല. അതുകൊണ്ട് യാത്ര വളരെ എളുപ്പമാണ്. സുരക്ഷ സംബന്ധമായ നിയമാനുസൃത പരിശോധനകൾ എല്ലാം വേഗത്തിൽ കഴിയുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ പ്രത്യേക പരിശോധനകൾ ഒന്നും തന്നെയില്ലെന്നും ടിബിൻ വ്യക്തമാക്കി. സന്ദർശകർ കുറവായതു കൊണ്ടു തന്നെ പ്രദേശത്തെ ദേവാലയങ്ങൾ നേരത്തെ അടയ്ക്കുകയും ചെയ്യും.