ADVERTISEMENT

കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ഭൂട്ടാന്റെ നടപടി. അപകട- അസുഖ ചെലവുകൾ കവര്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് 2022 ലെ ഭൂട്ടാന്‍ ടൂറിസം നിയമപ്രകാരമാണ് നിര്‍ബന്ധിതമാക്കിയത്. ഈ നിബന്ധനയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 23ന് ഭൂട്ടാന്‍ പിന്‍വലിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്നാണ് ആശുപത്രി ചെലവുകള്‍ കൂടി ഉള്‍പ്പെടുന്ന ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ ഭൂട്ടാന്‍ നിര്‍ബന്ധിതമാക്കിയിരുന്നത്. കോവിഡിനെ തുടര്‍ന്നു സംഭവിക്കാനിടയുള്ള അപ്രതീക്ഷിത മെഡിക്കല്‍ ചെലവുകളെ നേരിടാന്‍ വേണ്ടിയായിരുന്നു ഇത്. കൂടുതല്‍ എളുപ്പത്തില്‍ സഞ്ചാരികള്‍ക്കു ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ സഹായിക്കുന്നതാണു നിലവില്‍ വന്ന ഇളവുകള്‍. നിര്‍ബന്ധമല്ലെങ്കിലും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതു നല്ലതാണെന്ന നിര്‍ദേശവും സഞ്ചാരികള്‍ക്ക് ഭൂട്ടാന്‍ അധികൃതര്‍ നല്‍കുന്നുണ്ട്. 

ഇന്ത്യക്കാരുടെ പ്രിയ ഭൂട്ടാന്‍

ഇന്ത്യക്കും ചൈനക്കും ഇടയിലെ ഹിമാലയന്‍ താഴ്‌വരയിലുള്ള ഭൂട്ടാന്‍ ഭൂപ്രകൃതി കൊണ്ടു സംസ്‌ക്കാരം കൊണ്ടും തികച്ചും വ്യത്യസ്തമായ നാടാണ്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഭൂട്ടാനിലേക്കെത്തുന്ന സഞ്ചാരികളില്‍ എറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരുമാണ്. പ്രകൃതി മനോഹാരിതയും തനതു സംസ്‌ക്കാരവും എത്തിപ്പെടാനുള്ള എളുപ്പവുമെല്ലാം ഇന്ത്യക്കാരെ ഭൂട്ടാനിലേക്ക് ആകര്‍ഷിക്കുന്നു. വ്യോമ മാര്‍ഗവും റോഡ് മാര്‍ഗവും ഭൂട്ടാനിലേക്ക് ഇന്ത്യക്കാര്‍ക്ക് എത്താനാവും. ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്കു വീസ ആവശ്യമില്ലെങ്കിലും പ്രവേശന അനുമതി അഥവാ എന്‍ട്രി പെര്‍മിറ്റ് ആവശ്യമാണ്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടും ഭൂട്ടാനിലേക്കു പോകാന്‍ നിര്‍ബന്ധമാണ്. 

ഭൂട്ടാനിലെ കറന്‍സി ഗുല്‍ട്രം ആണ്. ഇന്ത്യന്‍ രൂപക്ക് തുല്യമായ മൂല്യമുള്ള കറന്‍സിയാണ് ഭൂട്ടാന്റേത്. ഇന്ത്യന്‍ രൂപക്ക് വ്യാപക സ്വീകാര്യതയുള്ളതിനാല്‍ കയ്യില്‍ ഗുല്‍ട്രം ഇല്ലെങ്കിലും നഗരങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാവാറില്ല. എങ്കിലും ഉള്‍നാടുകളിലേക്കു പോവുമ്പോള്‍ ഗുല്‍ട്രം ആവശ്യത്തിന് കയ്യിലുണ്ടെന്ന് ഉറപ്പിക്കണം. 

സഞ്ചാരികളുടെ തിരിച്ചുവരവ്

ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ തന്നെ തിരിച്ചുവരവിന്റെ പാതയിലാണ് ഭൂട്ടാനിലെ വിനോദ സഞ്ചാരം. 2024 ആദ്യ പാദത്തില്‍ 25,003 വിനോദ സഞ്ചാരികളാണ് ഭൂട്ടാനിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12,696 സഞ്ചാരികളായിരുന്നു ഭൂട്ടാനിലെത്തിയതെന്നു വിനോദ സഞ്ചാര വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. സഞ്ചാരികളുടെ എണ്ണത്തില്‍ 97 ശതമാനത്തിന്റെ വര്‍ധന. ഇതില്‍ തന്നെ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 15,000 ത്തിലേറെ സഞ്ചാരികള്‍ ഭൂട്ടാന്‍ സന്ദര്‍ശിച്ചു. 

എക്കാലത്തേയും പോലെ ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഭൂട്ടാനിലേക്കെത്തുന്ന സഞ്ചാരികളുടെ ഏകദേശം 60 ശതമാനം ഇന്ത്യയില്‍ നിന്നുള്ളവരാണ്. അമേരിക്ക, ചൈന, ബ്രിട്ടന്‍, ജര്‍മനി, സിംഗപ്പൂര്‍, ഫ്രാന്‍സ്, ഇറ്റലി, മലേഷ്യ, വിയറ്റ്‌നാം, ഓസ്‌ട്രേലിയ, കാനഡ എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഭൂട്ടാനിലേക്കെത്തി. കോവിഡിനു പിന്നാലെ ശക്തമായ നിയന്ത്രണങ്ങള്‍ ഭൂട്ടാന്‍ ഏര്‍പ്പെടുത്തിയിരുന്നു. വിനോദ സഞ്ചാരികള്‍ക്കുള്ള പ്രതിദിന ഫീസ് മൂന്നിരട്ടിയിലേറെ വര്‍ധിപ്പിച്ച ഭൂട്ടാന്‍ ഇപ്പോള്‍ ഫീസ് 200 ഡോളറില്‍ നിന്നും 100 ഡോളറാക്കി കുറച്ചതും സഞ്ചാരികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പ്രതിദിന സുസ്ഥിര ഫീ 1,200 രൂപയാണ്.

English Summary:

Mandatory Travel Insurance No Longer Required To Visit Bhutan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com