ADVERTISEMENT

ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. നിരവധി ആനകളുടെ വാസസ്ഥലം കൂടിയാണ് മൂന്നാര്‍. കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവായിട്ടുണ്ട്. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ യാത്രയ്ക്കും ട്രെക്കിങ്ങിനും ഇവിടെ അപ്രതീക്ഷിതമായി ആനകളുടെ മുൻപിൽ എത്തിപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അങ്ങനെ അപ്രതീക്ഷിതമായി ആനയ്ക്കു മുൻപിൽ എത്തിപ്പെട്ടാല്‍ എങ്ങനെ പെരുമാറണമെന്നു വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെആര്‍ വഞ്ചീശ്വരന്‍ വിശദീകരിക്കുന്നു. 

ഹോണ്‍ വേണ്ട, എൻഞ്ചിൻ ഓഫാക്കരുത്

'കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ വന്യമൃഗങ്ങള്‍ക്ക് അവരുടേതായ സ്ഥലവും സാവകാശവും നല്‍കേണ്ടതുണ്ട്. 'ഉറക്കെ സംസാരിച്ചോ പാട്ടുകേട്ടോ കാട്ടിലൂടെ പോവരുത്. എപ്പോഴും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ചും എപ്പോഴും ആനകളെ കാണുന്ന പ്രദേശത്തുകൂടിയാണ് യാത്രയെങ്കില്‍ നല്ലതുപോലെ ശ്രദ്ധിക്കണം' വഞ്ചീശ്വരന്‍ പറയുന്നു. 

'റോഡുകളിലെ വേഗ പരിധി തിരിച്ചറിഞ്ഞു വേണം വാഹനം ഓടിക്കാന്‍. മൃഗങ്ങള്‍ റോഡ് മുറിച്ചു കടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ശ്രദ്ധിക്കണം. ദൂരെ മൃഗങ്ങളെ കാണുകയാണെങ്കില്‍ 100 മീറ്റര്‍ അകലെയെങ്കിലും വാഹനം നിര്‍ത്തുന്നതാണു സുരക്ഷിതം. വാഹനങ്ങള്‍ കുറവാണെങ്കില്‍ വാഹനം തിരിച്ച് എതിര്‍ ദിശയില്‍ പോവുന്നതും സുരക്ഷ ഉറപ്പിക്കും. ഹോണടിക്കരുത്, ഇത് മൃഗങ്ങളെ കൂടുതല്‍ പ്രകോപിപ്പിക്കും. അതുപോലെ വാഹനത്തിന്റെ എന്‍ജിന്‍ ഓഫാക്കാനും പാടില്ല' വഞ്ചീശ്വരന്‍ ഓര്‍മിപ്പിക്കുന്നു. 

Padayappa charges at two vehicles at Nallathanni Kallar. Photo: Screegrab/Manorama News
Padayappa charges at two vehicles at Nallathanni Kallar. Photo: Screegrab/Manorama News

ഹെഡ്‌ലൈറ്റ് 

കാടിന് അടുത്തുകൂടെയുള്ള യാത്രകളില്‍ പകലായാലും രാത്രിയായാലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ഓണാക്കി വയ്ക്കുന്നതാണ് ഉചിതം. അതേസമയം വാഹനത്തിനകത്തെ ഡോം ലൈറ്റുകള്‍ ഓഫാക്കി വയ്ക്കണം. വളരെ അടുത്താണെങ്കില്‍ വാഹനത്തില്‍ നിന്നുള്ള വെളിച്ചം ആനയെ അകറ്റാന്‍ ഇടയുണ്ട്. 

അപ്രതീക്ഷിത ആക്രമണങ്ങള്‍

കുട്ടികള്‍ ഒപ്പമുണ്ടെങ്കില്‍ പ്രകോപനമില്ലാതെ ആനകള്‍ ആക്രമിക്കാന്‍ ഇടയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുള്ള ആനകളില്‍ നിന്നും പരമാവധി അകലം പാലിക്കുന്നതാണ് ഉചിതം. ഇനി ഇരുചക്രവാഹനത്തിലാണ് നിങ്ങളെങ്കില്‍ ആന വളരെ അടുത്തെത്തിയാല്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുക. നിങ്ങളുടെ മണം പിടിക്കാന്‍ ആനയെ അനുവദിക്കരുത്. ഇത്തരം സാഹചര്യത്തില്‍ ഭീഷണിയാണെന്നു കരുതി ആനകള്‍ ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ചൂളം വിളിച്ചോ ശബ്ദമുണ്ടാക്കിയോ ആനയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്കിടയാക്കും. 

മുന്‍ അനുഭവങ്ങളും ആനകളെ പ്രകോപിപ്പിക്കാറുണ്ട്. കര്‍ണാടക ഭാഗത്തുള്ള ആനകള്‍ പൊതുവെ മനുഷ്യരുമായി ഇണക്കമുള്ളവയാണ്. എന്നാല്‍ കേരളത്തിന്റെ ഭാഗത്തുള്ള ആനകള്‍ക്ക് ആക്രമണ സ്വഭാവം കൂടുതലാണ്. മനുഷ്യരില്‍ നിന്നും മനുഷ്യത്വപരമായ ഇടപെടലുകള്‍ കുറവാണെന്നതും കാരണമാകാമെന്നും വഞ്ചീശ്വരന്‍ പറയുന്നു. 

വനം വകുപ്പിന്റെ പോസ്റ്റര്‍

മനുഷ്യരും ആനകളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ വനം വകുപ്പ് മാര്‍ച്ചില്‍ ആനകളുടെ പൊതു സ്വഭാവങ്ങളെ വിശദീകരിക്കുന്ന ഒരു പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. വനം വകുപ്പിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ഈ പോസ്റ്റര്‍ പ്രചരിപ്പിച്ചിരുന്നു. മദം പൊട്ടിയ നിലയിലോ, ഹോണ്‍ അടിക്കുമ്പോഴോ എന്‍ജിന്‍ ഓഫ് ചെയ്യുമ്പോഴോ ഒക്കെയാണ് ആനകള്‍ പൊതുവേ പ്രകോപിതരാവാറെന്നും എപ്പോഴും സുരക്ഷിതമായ അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും പോസ്റ്റര്‍ നിര്‍ദേശിക്കുന്നു. വന്യമൃഗ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ശ്രദ്ധിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാവുകയും വിദഗ്ധരായവരുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. 

ആനയുടെ ശരീരഭാഷ ശ്രദ്ധിച്ചും പല കാര്യങ്ങളും നമുക്ക് തിരിച്ചറിയാം

1. ചെവികള്‍ സാവധാനത്തില്‍ ആട്ടിക്കൊണ്ടാണ് ആന നില്‍ക്കുന്നതെങ്കില്‍ ശാന്തമായ അവസ്ഥയിലാണെന്നു മനസ്സിലാക്കാം. 

2. തുമ്പിക്കൈ വായുവില്‍ ഉയര്‍ത്തി നോക്കുന്നുണ്ടെങ്കില്‍ അത് പരിസരം നിരീക്ഷിക്കുകയാണ്. 

3. ആന ചെവികള്‍ നിശ്ചലമാക്കി അനങ്ങാതെ നില്‍ക്കുകയാണെങ്കില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ആന കരുതുന്നു എന്നു മനസ്സിലാക്കണം. 

4. മുന്നിലേക്കോ പിന്നിലേക്കോ വാല്‍ പൊക്കിയോ താഴ്ത്തിയോ നില്‍ക്കുന്നുണ്ടെങ്കില്‍ ആന സംഘര്‍ഷത്തിലാണ്. 

5. തുമ്പിക്കൈ ചുരുട്ടി മുകളിലേക്കു പിടിച്ചിട്ടുണ്ടെങ്കില്‍ ആന ദേഷ്യത്തില്‍ ആക്രമിക്കാനൊരുങ്ങുകയാണ്. 

English Summary:

Padayappa, Kattakomban, Hose Komban... What should Munnar tourists do if they encounter elephants?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com