ADVERTISEMENT

ഒരു യാത്രയ്ക്കിടെ പലതരത്തിലുള്ള മനുഷ്യരെ നമ്മള്‍ കണ്ടു മുട്ടാറുണ്ട്. ഇതില്‍ സഹായിക്കാനെത്തുന്നവര്‍ മാത്രമല്ല തട്ടിപ്പുകാരുമുണ്ടാവാറുണ്ട്. ഇരകളായതിനു ശേഷം മാത്രമാണ് പലപ്പോഴും തട്ടിപ്പായിരുന്നുവെന്നു നമ്മള്‍ തിരിച്ചറിയുക. യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ തന്നെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഏകദേശ ധാരണകളുണ്ടായിരിക്കുന്നതു തട്ടിപ്പുകാരെ കയ്യകലത്തില്‍ നിര്‍ത്താന്‍ സഹായിക്കും. യാത്രികര്‍ നേരിടേണ്ടി വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പ്രധാനപ്പെട്ടവയെക്കുറിച്ചു നോക്കാം. 

Image Credit : kudla/shutterstock
Image Credit : kudla/shutterstock

സോഷ്യല്‍ മീഡിയയിലോ മറ്റോ കാണുന്ന ഒരു യാത്രയുടേയോ സ്ഥലത്തിന്റേയോ ചിത്രങ്ങളോ കുറിപ്പുകളോ വിഡിയോകളോ ഒക്കെയാണ് ഇന്ന് പലരുടേയും യാത്രകളുടെ ആദ്യ പ്രചോദനമാവുന്നത്. ഓണ്‍ലൈനില്‍ തുടങ്ങുന്ന അന്വേഷണങ്ങള്‍ ചിലപ്പോഴെങ്കിലും വലവിരിച്ചിരിക്കുന്ന തട്ടിപ്പുസംഘങ്ങളില്‍ അവസാനിക്കാറുണ്ട്. 

Representative Image. Credit:Soft_Light/istockphoto
Representative Image. Credit:Soft_Light/istockphoto

സോഷ്യല്‍മീഡിയയും യാഥാര്‍ഥ്യവും

സോഷ്യല്‍മീഡിയയാണ് പല യാത്രാ തട്ടിപ്പുകാരുടേയും കേന്ദ്രം. യാത്രികരെ ആകര്‍ഷിക്കാനായി പലതും ഇവര്‍ പരീക്ഷിക്കാറുണ്ട്. ട്രാവല്‍ സര്‍വീസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഏറ്റവും കുറഞ്ഞ പാക്കേജല്ല മറിച്ച് സര്‍വീസ് നല്‍കുന്ന കമ്പനികളുടേയും മറ്റും വിശ്വാസ്യതയാണ് ഉറപ്പിക്കേണ്ടത്. ഇല്ലാത്ത സര്‍വീസും താമസ സൗകര്യവുമൊക്കെ കാണിച്ചു പണം തട്ടുന്നവരുണ്ട്. 

Image Credit: Arisara_Tongdonnoi/istockphoto
Image Credit: Arisara_Tongdonnoi/istockphoto

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴി ട്രാവല്‍ വിശദാംശങ്ങളും മറ്റും നോക്കുമ്പോള്‍ അക്കൗണ്ട് വെരിഫൈഡ് ആണോ? എത്ര ഫോളോവേഴ്‌സ് ഉണ്ട്? എത്ര കാലമായി പേജ്/അക്കൗണ്ട് തുടങ്ങിയിട്ട്? കമന്റുകള്‍ എന്തൊക്കെയാണ് പറയുന്നത്? എന്നതൊക്കെ ശ്രദ്ധിക്കാം. പൊതുവില്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സ് കുറവായിരിക്കും. ഒരിക്കല്‍ തട്ടിപ്പ് വിജയകരമായി നടത്തിയാല്‍ പിടിയിലാവാതിരിക്കാന്‍ പുതിയ അക്കൗണ്ടുമായിട്ടായിരിക്കും തട്ടിപ്പുകാരുടെ വരവ്. 

ടിക്കറ്റ് തട്ടിപ്പ്

നിങ്ങള്‍ പോവേണ്ട സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങളുടേയും മറ്റും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്നും വിശ്വാസ്യത ഉറപ്പിച്ച ശേഷം ടിക്കറ്റുകള്‍ക്ക് പണം നല്‍കുക. സോഷ്യൽ മീഡിയ പരസ്യം വഴിയോ അജ്ഞാത ഇമെയില്‍ സന്ദേശം വഴിയോ ഒന്നും ഒരിക്കലും ടിക്കറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കരുത്. നിങ്ങള്‍ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളുടെ റിവ്യു നോക്കുന്നത് നല്ലതാണ്. എങ്കിലും ഓണ്‍ലൈനായി വ്യാജ റിവ്യു ഇടുന്നതും അപൂര്‍വമല്ലെന്ന് മറക്കരുത്. 

വ്യാജ വെബ് സൈറ്റുകള്‍

ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ എല്ലായിടത്തുമുണ്ട്. ഹോട്ടലുകളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടേയും എയര്‍ലൈനുകളുടേയുമെല്ലാം വെബ്‌സൈറ്റുകള്‍ക്ക് ഇത്തരത്തിലുള്ള വ്യാജന്മാരുണ്ട്. നിങ്ങളുടെ ക്രഡിറ്റ്കാര്‍ഡ് വിവരങ്ങളായിരിക്കും ഇത്തരം വെബ് സൈറ്റുകളുടെ പ്രധാന ലക്ഷ്യം. മറ്റെവിടെയും കാണാത്ത ഓഫറുകളായിരിക്കും ഇതു ലഭിക്കാനായി അവര്‍ നല്‍കുക. ഒരിക്കലും ലഭിക്കാത്ത ഇത്തരം ഓഫറുകള്‍ ഇരകളെ പിടിക്കാനുള്ള തന്ത്രമാണെന്ന് തിരിച്ചറിയണം. പൊതുവില്‍ വിശ്വസിക്കാവുന്ന വെബ്‌സൈറ്റുകളുടെ വിലാസം https:// എന്നാണ് തുടങ്ങുക. ഇതില്‍ 'S' സെക്യുര്‍ എന്നതിന്റെ ചുരുക്കമാണ്. 

വീസ, പാസ്‌പോര്‍ട്ട് തട്ടിപ്പുകള്‍ 

വിദേശയാത്രകളില്‍ വീസ സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടാവുകയോ പാസ്‌പോര്‍ട്ട് നഷ്ടമാവുകയോ ചെയ്താല്‍ ഒരിക്കലും സ്വകാര്യ വ്യക്തികളെ ആശ്രയിക്കരുത്. അതുമായി ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക. എല്ലാം ശരിയാക്കിതരാമെന്നു പറഞ്ഞ് വരുന്നവര്‍ തട്ടിപ്പുകാരാണെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടുകയുമില്ല പോക്കറ്റ് കാലിയാവുകയും ചെയ്യും. സര്‍ക്കാര്‍ അംഗീകൃത ഔദ്യോഗിക സംവിധാനങ്ങള്‍ വഴി മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. 

പൊതു വൈ ഫൈ

സൈബര്‍ ക്രിമിനലുകളുടെ ഇഷ്ട കേന്ദ്രങ്ങളാണ് സൗജന്യ പൊതു വൈ ഫൈ സംവിധാനങ്ങള്‍. വിമാനത്താവളം, ഹോട്ടല്‍, കഫേ, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിലെ വൈ ഫൈ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ഒരിക്കലും ലോഗിന്‍ വിവരങ്ങളും ഫിനാന്‍ഷ്യല്‍ വിവരങ്ങളും പങ്കുവയ്ക്കരുത്. ചില തട്ടിപ്പുകാര്‍ വ്യാജ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ പോലും സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരുക്കാറുണ്ട്. പരിചയമില്ലാത്ത സ്ഥലങ്ങളില്‍ വച്ച് ഇത്തരം തട്ടിപ്പുകളില്‍ വീണുപോയാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവും. 

തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍ ചില ടിപ്പുകള്‍

1. ഒരു കാരണവശാലും പരിചയമില്ലാത്ത വിലാസങ്ങളില്‍ നിന്നുള്ള ഇമെയിലുകളിലോ ടെക്‌സ്റ്റ് മെസേജുകളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുത്. എന്തെങ്കിലും സംശയം തോന്നിയാല്‍ ഇമെയിലില്‍ പറഞ്ഞിരിക്കുന്ന കമ്പനിയുടെ വിലാസം മറ്റൊരു ടാബില്‍ സെര്‍ച്ച് ചെയ്ത് വിശ്വാസ്യത പരിശോധിക്കാം. 

2. ശരാശരി നിരക്കുകളില്‍ നിന്നും വളരെയധികം കുറഞ്ഞ ഓഫറുകള്‍ കണ്ടാല്‍ വളരെയധികം ശ്രദ്ധിക്കണം. അത് നിങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രമായി ഒരുക്കിയ കുരുക്കായിരിക്കാം. ഇല്ലാത്ത ഓഫറിനു പിന്നാലെ പോയാല്‍ ഉള്ള പണം കൂടി പോകുമെന്നതു മാത്രമായിരിക്കും ഫലം. എപ്പോഴും ഓഫറുകള്‍ മറ്റു വിശ്വാസ്യതയുള്ള കമ്പനികളുടെ ഓഫറുകളുമായി താരതമ്യം ചെയ്തു നോക്കണം. 

3. സന്ദേശങ്ങളിലെ വാക്കുകളുടെ സ്‌പെല്ലിങും വ്യാകരണവുമെല്ലാം ശ്രദ്ധിക്കണം. സ്‌പെല്ലിങിലെ തെറ്റുകള്‍ തട്ടിപ്പെന്നതിന്റെ സൂചനയാണ്. പൊതുവില്‍ വ്യാകരണ പിശകുള്ള സന്ദേശങ്ങള്‍ തട്ടിപ്പാവാനാണ് സാധ്യത. അതുകൊണ്ട് ഓഫറുകളുടെ സന്ദേശങ്ങള്‍ വിശദമായി വായിച്ചു നോക്കണം. 

4 എത്ര അനുകരിക്കാന്‍ ശ്രമിച്ചാലും സൂക്ഷിച്ചു നോക്കിയാല്‍ ഇമെയില്‍ വിലാസങ്ങളും യുആര്‍എല്ലുകളുമെല്ലാം തട്ടിപ്പിന്റെ സൂചനകള്‍ നല്‍കും. പ്രമുഖ എയര്‍ലൈനുകളും ഹോട്ടലുകളുമെല്ലാം ഇമെയില്‍ വിലാസങ്ങള്‍ക്കും വെബ്‌സൈറ്റ് വിലാസങ്ങള്‍ക്കുമെല്ലാം പൊതു മാനദണ്ഡങ്ങള്‍ പിന്തുടരാറുണ്ട്. ഉദാഹരണത്തിന് @ ചിഹ്നത്തിനു ശേഷമായിരിക്കും ബ്രാന്‍ഡിന്റെ പേര് ഇമെയില്‍ വിലാസത്തിലും മറ്റും വരുക. പരമാവധി സൂഷ്മതയോടെ വായിച്ചുനോക്കുന്നതും ആവര്‍ത്തിച്ചു പരിശോധിക്കുന്നതും തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com