ഇന്ത്യൻ റെയിൽവേയുടെ ശ്രീലങ്കൻ വിമാനയാത്ര പാക്കേജ് ; കൊച്ചി ടു കൊളംബോ

Mail This Article
ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് (IRCTC) യുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 14 മുതൽ 20 വരെ ശ്രീലങ്കയിലേക്ക് ഒരു വിമാനയാത്ര പാക്കേജ് സംഘടിപ്പിച്ചിക്കുന്നു. രാമായണ യാത്ര പാക്കേജിനൊപ്പം ശ്രീലങ്കയിലെ പുണ്യസ്ഥലങ്ങളിൽ കൂടിയുള്ള ഒരു യാത്ര കൂടിയാണ്. കൊളംബോ നഗരം മുതൽ മഞ്ഞു പുതച്ചു നിൽക്കുന്ന നുവാര എലിയ മലനിരകൾ വരെ നീളുന്നതായിരിക്കും യാത്ര.
ഏഴു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ ഒന്നാമത്തെ ദിവസം കൊച്ചിയിൽ നിന്നു രാവിലെ 10.20ന് പുറപ്പെട്ട് 11.30ന് ശ്രീലങ്കയിൽ എത്തിച്ചേരും. അന്നേദിവസം രാത്രി ദാംബുള്ളയിലാണ് താമസം. ദാംബുള്ളയിലേക്കു പോകുന്ന വഴിക്ക് മണവാരി മുനീശ്വരം ക്ഷേത്രം സന്ദർശിക്കും. രണ്ടാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം നേരെ സിഗിരിയ കോട്ട സന്ദർശിക്കും. ദാംബുള്ള ഗുഹാ ക്ഷേത്രവും കാണും. അതിനു ശേഷം തിരു കൊണേശ്വരം ക്ഷേത്രവും ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രവും സന്ദർശിക്കും.
മൂന്നാമത്തെ ദിവസം പ്രധാനമായും കാൻഡിയാണ് സന്ദർശിക്കുന്നത്. പ്രഭാതഭക്ഷണത്തിനു ശേഷം നേരെ കാൻഡിയിലേക്കു പോകും. അവിടെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, പെരഡെനിയ എന്നിവ സന്ദർശിക്കും. വൈകുന്നേരം കാൻഡി സാംസ്കാരിക പ്രദർശനം ആസ്വദിക്കും. അതിനുശേഷം സേക്രട് ടൂത്ത് റെലിക് ക്ഷേത്രം സന്ദർശിക്കും. നാലാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ബഹിരാവ കണ്ഡ ബുദ്ധ പ്രതിമ സന്ദർശിക്കും. ഉച്ചഭക്ഷണത്തിനു ശേഷം റാംപോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം സന്ദർശിക്കും. അതിനു ശേഷം നുവാര എലിയയിൽ എത്തി തേയില ഫാക്ടറി സന്ദർശിക്കും.
അഞ്ചാമത്തെ ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ഗായത്രി പീഠം, സിത അമ്മൻ ക്ഷേത്രം, ഗ്രിഗറി തടാകം എന്നിവ സന്ദർശിക്കും. അതിനു ശേഷം ദിവുരുംപോല ക്ഷേത്രം സന്ദർശിക്കും. ആറാമത്തെ ദിവസം, പിന്നവാല എലിഫെന്റ് ഓർഫനേജ് സന്ദർശിക്കാൻ പോകും. അതിനു ശേഷം കൊളംബോയിലേക്കു യാത്ര ആരംഭിക്കും. പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രം, കെലനിയ ബുദ്ധ ക്ഷേത്രം എന്നിവ സന്ദർശിക്കും. അതിനു ശേഷം കൊളംബോ സിറ്റി ടൂറിന്റെ ഭാഗമായി ക്ലോക് ടവർ ലൈറ്റ് ഹൗസ്, ഗാലി ഫെയ്സ്, കൊളംബോ ഹാർബർ, ബെയിറ തടാകം, ഇൻഡിപെൻഡൻസ് സ്ക്വയർ, നാഷണൽ മ്യൂസിയം, നെലും പോകുന തിയറ്റർ ആൻഡ് ടൗൺ ഹാൾ എന്നിവ സന്ദർശിക്കും. അടുത്ത ദിവസം രാവിലെ മടക്കയാത്ര ആരംഭിക്കും.
ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിലൂടെ ശ്രീലങ്കയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന ആത്മീയ സ്ഥലങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സന്ദർശിക്കാവുന്നതാണ്.
കൊച്ചിയിൽ നിന്നും കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകൾ, മൂന്നു നേരവും ഭക്ഷണം, ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസം, യാത്രകൾക്കു എസി വാഹനം, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകൾ, വീസ ചെലവുകൾ, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂർ ഗൈഡിന്റെ സേവനം, യാത്രാ ഇൻഷുറൻസ്, നികുതികൾ തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുന്നു. ടിക്കറ്റ് നിരക്ക് 66,400 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : ഐആർസിടിസി – 8287932082