ADVERTISEMENT

തിരക്കിനേയും പരാതികളേയും തുടര്‍ന്നു നിര്‍ത്തിവച്ച ചാര്‍ ഥാം യാത്രയ്ക്കുള്ള ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചാര്‍ ഥാം യാത്രയ്ക്കായി ഓഫ് ലൈനായി റജിസ്‌ട്രേഷന്‍ നടത്താം. റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലെന്നു വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു ദിവസങ്ങള്‍ക്കു മുൻപാണ് ചാര്‍ ഥാം ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കിയത്. 

ഓഫ് ലൈന്‍ റജിസ്‌ട്രേഷനായി ശനി, ഞായര്‍ ദിവസങ്ങളില്‍ വലിയ തിരക്കാണ് ഹരിദ്വാറിലും ഋഷികേശിലും അനുഭവപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും വിശ്വാസികളും റജിസ്‌ട്രേഷനായി ഈ നഗരങ്ങളിലെത്തിയിരുന്നു. ഇത് ദേശീയ പാതയിലും നഗരങ്ങളിലുമെല്ലാം വലിയ ഗതാഗതക്കുരുക്കിനും കാരണമായി. 20,000 വാഹനങ്ങള്‍ക്കു വരെ പാര്‍ക്കു ചെയ്യാന്‍ സൗകര്യമുള്ള ഹരിദ്വാറില്‍ 38,000 ത്തിലേറെ വാഹനങ്ങളാണ് എത്തിയത്. 

വമ്പിച്ച ജനതിരക്കിനൊപ്പം ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യങ്ങളില്ലെന്നതും വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കും ഇടയാക്കിയിരുന്നു. ആവശ്യത്തിനു സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നിരിക്കുന്നതെന്നാണ് ഗര്‍വാല്‍ കമ്മീഷണര്‍ വിനയ് ശങ്കര്‍ പാണ്ഡേ അറിയിക്കുന്നത്. 

ഇതുവരെ ചാര്‍ 14.3 ലക്ഷം തീര്‍ഥാടകര്‍ ചാര്‍ ഥാം യാത്ര പൂര്‍ത്തിയാക്കി. ഹരിദ്വാര്‍, ഋഷികേശ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 25,000 ത്തിലേറെ പേര്‍ ഇനിയും യാത്ര ചെയ്യാനുണ്ട്. ഉയരുന്ന ആവശ്യം കണക്കിലെടുത്ത് ഈ രണ്ടു കേന്ദ്രങ്ങള്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിനയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു. 

നേരത്തെ ഹരിദ്വാറില്‍ ജില്ലാ ടൂറിസം ഓഫീസിലാണ് ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടുത്തെ സൗകര്യങ്ങള്‍ പരിമിതമാണെന്നു തിരിച്ചറിഞ്ഞു കൂടുതല്‍ സൗകര്യങ്ങളുള്ള ഋഷികുല്‍ ഗ്രൗണ്ടിലേക്കു ഹരിദ്വാറിലെ ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ മാറ്റിയിട്ടുണ്ട്. ഇത് ഓഫ് ലൈന്‍ റജിസ്‌ട്രേഷനെത്തുന്നവര്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവാന്‍ സഹായിക്കും. 

ചാര്‍ ഥാം യാത്രയ്ക്കെത്തുന്ന സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും വേണ്ട സൗകര്യങ്ങളൊരുക്കുമെന്നു ഹരിദ്വാര്‍ ജില്ലാ കളക്ടര്‍ ധീരജ് സിങ് ഗര്‍ബ്യാല്‍ അറിയിച്ചിട്ടുണ്ട്. ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സംഘങ്ങളേയും ആംബുലന്‍സുകളേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ചാര്‍ ഥാം യാത്ര തുടങ്ങുന്നതിനു മുൻപ് യാത്രികര്‍ക്കു വേണ്ട വൈദ്യ സഹായവും പരിശോധനകളും ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തും. റജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്നു 650 തീര്‍ഥാടകരെ ബദരീനാഥിലേക്കു പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ചാര്‍ ഥാം യാത്ര

ഹൈന്ദവ വിശ്വാസ പ്രകാരം ഏറ്റവും പുണ്യമെന്നു കരുതുന്ന നാലു തീര്‍ഥാടക കേന്ദ്രങ്ങളുള്ള ബദരിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് ചാര്‍ ഥാം യാത്ര. ഈ തീര്‍ഥാടക കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഉത്തരാഖണ്ഡില്‍ അളകനന്ദാ നദിയുടെ തീരത്താണ് ബദരിനാഥ് ക്ഷേത്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടെ കേരളത്തില്‍ നിന്നുള്ള നമ്പൂതിരിമാരാണ് ഇപ്പോഴും പൂജ ചെയ്യുന്നത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയാണ് ഈ ക്ഷേത്രം തുറക്കുക. 

തമിഴ്‌നാട്ടിലെ രാമേശ്വരവും ചാര്‍ ഥാമില്‍ ഉള്‍പ്പെടുന്നു. 12 ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളിലൊന്നായ രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം ഇവിടെയാണ്. കൃഷ്ണന്റെ വാസസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന ഗുജറാത്തിലെ ദ്വാരകയാണ് അടുത്തത്. ദ്വാരകാധീഷ് ക്ഷേത്രവും രുഗ്മിണി ക്ഷേത്രവും ഇവിടെയാണ്. ഒഡീഷയിലെ പുരിയാണ് ചാര്‍ഥാമിലെ അവസാനത്തെ ക്ഷേത്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള പുരി ജഗന്നാഥ ക്ഷേത്രത്തിലെ മൂന്നു വിഗ്രഹങ്ങളും വിഷ്ണു നിര്‍മിച്ചതാണെന്നാണു വിശ്വാസം.

English Summary:

Smooth Yatra Ahead: Haridwar and Rishikesh Ready for Offline Char Tham Yatra Registration with Upgraded Services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com