ADVERTISEMENT

യാത്ര പോകുന്നത് ഹരമാണെങ്കിലും പുതിയ സ്ഥലങ്ങൾ കാണുന്നതു വളരെ ഇഷ്ടമാണെങ്കിലും മണിക്കൂറുകളോളം വാഹനങ്ങളിൽ യാത്രയുമായി തുടരുന്നത് അത്ര ഇഷ്ടമല്ലാത്തവരുണ്ട്. വിമാനത്തിൽ കയറിയാണ് പോകുന്നതെങ്കിൽ എത്രയും പെട്ടെന്നു സ്ഥലത്ത് ഒന്ന് എത്തിയാൽ മതിയെന്നു കൊതിക്കുന്നവരാണ് മിക്കവരും. എന്നാൽ, കുറഞ്ഞ യാത്രാസമയം കൊണ്ട് എത്തിച്ചേരാവുന്ന നിരവധി രാജ്യങ്ങളാണ് ഉള്ളത്. അഞ്ചു മണിക്കൂർ അല്ലെങ്കിൽ അതിൽ താഴെ സമയം പറന്നാൽ എത്തിച്ചേരാവുന്ന ചില രാജ്യങ്ങളിതാ.

malaysia
മലേഷ്യ

അഞ്ചു മണിക്കൂറിൽ മലേഷ്യയിലേക്ക്

സംസ്കാര സമ്പന്നമായ ക്വാലലംപുർ സന്ദർശിക്കാൻ ആണെങ്കിലും ചരിത്ര നഗരമായ മലാക്ക സന്ദർശിക്കാൻ ആണെങ്കിലും അഞ്ചു മണിക്കൂർ യാത്ര മതി. മലേഷ്യയിലേക്ക് എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത് മലയ, ചൈനീസ്, ഇന്ത്യൻ സ്വാധീനങ്ങളുടെ ഒരു സംഗമമാണ്. സംസ്കാരത്തിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിലായാലും വാസ്തുവിദ്യയുടെ കാര്യത്തിലായാലും ഇത് ദൃശ്യമാണ്. 2024 ഡിസംബർ 31 വരെ മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ള ഉദ്യോഗസ്ഥർക്ക് വീസ ഫ്രീ പ്രവേശനമാണ്. വീസ ഇല്ലാതെ രാജ്യത്ത് 30 ദിവസം വരെ താമസിക്കുകയും വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്യാം. മനോഹരമായ ദ്വീപുകളും ബീച്ചുകളും മനോഹരമായ പ്രകൃതിയും തുടങ്ങി മലേഷ്യയിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നത് നിരവധി ഘടകങ്ങളാണ്.

Image Credit : Enes Evren/istockphotos
Image Credit : Enes Evren/istockphotos

നാലു മണിക്കൂർ കൊണ്ട് അബുദാബിയിലേക്ക്

ഇസ്ലാമിക് വാസ്തുവിദ്യയുടെ മാസ്റ്റർ പീസ് ആയി അറിയപ്പെടുന്ന ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്ക് ആണ് അബുദാബിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രം. ഒപ്പം തന്നെ ഏറെ പ്രശസ്തമാണ് അബുദാബിയിലെ ലൂവ്രേ മ്യൂസിയം. എട്ടു വർഷം കൊണ്ടാണ് ലൂവ്രേ മ്യൂസിയം പണി കഴിപ്പിച്ചത്. അബുദാബി നഗരവും ഫ്രഞ്ച് സർക്കാരും തമ്മിൽ 30 വർഷത്തെ കരാറിനെ മുൻനിർത്തിയാണ് അബുദാബിയിലെ ലൂവ്രേ മ്യൂസിയം ആരംഭിച്ചത്. ഇത് മാത്രമല്ല ആദ്യത്തെ ഫെരാരി തീം പാർക്കും അബുദാബിയിലാണ്. ഇത്രയേറെ വ്യത്യസ്തമായ കാഴ്ചകളുള്ള അബുദാബിയിലേക്കു നാലു മണിക്കൂർ കൊണ്ട് എത്താം.

Singapore
സിംഗപ്പൂർ

നാലു മണിക്കൂർ യാത്ര മതി സിംഗപ്പൂരിലേക്ക് എത്താൻ

ലയൺ സിറ്റിയെന്നും ഗാർഡൻ സിറ്റിയെന്നും ഒക്കെ പേരുണ്ടെങ്കിലും ഇൻസ്റ്റന്റെ ഏഷ്യ എന്നൊരു പേരു കൂടിയുണ്ട് സിംഗപ്പൂരിന്. അതിന് ഒരു കാരണമുണ്ട്. സിംഗപ്പൂരിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏഷ്യയുടെ മൊത്തത്തിലുള്ള സംസ്കാരത്തിന്റെ കൂടിച്ചേരൽ കാണാം. കാരണം, ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്ന്  നിരവധി പേരാണ് സിംഗപ്പൂരിലേക്കു കുടിയേറിയിരിക്കുന്നത്. ചുരുക്കത്തിൽ പ്രകൃതി സൗന്ദര്യത്താലും വിവിധങ്ങളായ സംസ്കാരത്താലും സമ്പന്നമാണ് സിംഗപ്പൂർ.

Image Credit : Oleh_Slobodeniuk/istockphotos
Image Credit : Oleh_Slobodeniuk/istockphotos

ബാങ്കോക്കും ഫുക്കെറ്റും ആസ്വദിക്കാൻ നാലരമണിക്കൂർ യാത്ര

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ ഏറ്റവും അധികമായി എത്തുന്ന ഒരു സ്ഥലമാണ് തായ്​ലൻഡ്. ബാങ്കോക്കിലെ ക്ഷേത്രങ്ങളും സ്ട്രീറ്റ് ഫുഡും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. തായ്​ലൻഡിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് ഫുക്കെറ്റ്. ഇവിടുത്തെ അതിമനോഹര ബീച്ചുകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. താങ്ങാവുന്ന ബജറ്റിൽ തായ്​ലൻഡിലേക്കു പോയി വരാമെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ സഞ്ചാരിക്കും തായ്​ലൻഡ് മനോഹരമായ യാത്രാനുഭവമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിൽ നിന്നു നാലര മണിക്കൂറാണ് തായ്​ലൻഡിലേക്കുള്ള യാത്ര.

Nakhal Fort, Oman. Image Credit : Heide Pinkall/shutterstock
Nakhal Fort, Oman. Image Credit : Heide Pinkall/shutterstock

വെറും നാലു മണിക്കൂർ കൊണ്ട് ഒമാനിലേക്ക്

ഒമാനിലെ ഏതൊരു സഞ്ചാരിയെയും കാത്തിരിക്കുന്നത് ചരിത്ര നഗരമായ മസ്കറ്റ് ആണ്. ജബൽ അക്തർ മലനിരകളും ജബ്രീൻ കാസിലും സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്നു. ചരിത്രത്തിന്റെയും സാഹസികതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ഒരു സംഗമഭൂമി കൂടിയാണ് ഒമാൻ.

Image Credit : Stefan Tomic /istockphoto.com
Image Credit : Stefan Tomic /istockphoto.com

ബുർജ് ഖലീഫയും ദുബായിയും കാണാൻ വെറും മൂന്നു മണിക്കൂർ

മൂന്നു മണിക്കൂർ വിമാനയാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഏറ്റവും മനോഹരമായ മഹാനഗരങ്ങളിൽ ഒന്നാണ് ദുബായ്. ബുർജ് ഖലീഫ ഉൾപ്പെടെ നിരവധി അദ്ഭുതങ്ങളാണ് ദുബായിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ദുബായ് മാൾ, അറ്റ്ലാന്റിസ് അഡ്വൈഞ്ചർ വാട്ടർ പാർക്ക്, ഓറ സ്കൈപൂൾ, ബുർജ് അൽ അറബ്, ദുബായ് അക്വേറിയം, മിറാക്കിൾ ഗാർഡൻ, ദുബായ് ക്രീക്ക്, മാൾ ഓഫ് ദ എമിറേറ്റ്സ്, സ്കി ദുബായി അങ്ങനെ നിരവധി കാഴ്ചകളാണ് ദുബായിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Image Credit : Solovyova / istockphoto
Image Credit : Solovyova / istockphoto

കുറഞ്ഞ സമയം കൊണ്ട് എത്താവുന്ന ശ്രീലങ്കയും നേപ്പാളും ഭൂട്ടാനും

ഇന്ത്യയുടെ അയൽരാജ്യവും ദ്വീപ് രാജ്യവുമായ ശ്രീലങ്കയിലേക്കു വെറും രണ്ടര മണിക്കൂർ യാത്ര കൊണ്ട് എത്തിച്ചേരാം. മനോഹരമായ ബീച്ചുകളും സ്മാരകങ്ങളും ചരിത്ര ശേഷിപ്പുകളുമാണ് ശ്രീലങ്കയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ബെന്റോറ്റ ബീച്ച്, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ സിഗിരിയ, കാൻഡി തുടങ്ങി നിരവധി സ്ഥലങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Nagarkot Nepal. Image Credit : HaraldK/shutterstock
Nagarkot Nepal. Image Credit : HaraldK/shutterstock

രണ്ടര മണിക്കൂർ കൊണ്ട് എത്താവുന്ന മറ്റൊരു അയൽരാജ്യമാണ് നേപ്പാൾ. മൗണ്ട് എവറസ്റ്റിനോടു ചേർന്നു കിടക്കുന്ന നാട് എന്നതു തന്നെയാണ് നേപ്പാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രവും ത്രിശുലി നദിയിലെ റാഫ്റ്റിംഗും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.  അയൽ രാജ്യമായ ഭൂട്ടിനിലേക്കു വെറും രണ്ടു മണിക്കൂർ യാത്ര മതി. ഹിമാലയൻ മലനിരകളാണ് ഭൂട്ടാന്റെ ആകർഷണം. കൂടാതെ സമ്പന്നമായ ബുദ്ധ സംസ്കാരവും ഈ നാടിന്റെ പ്രത്യേകതയാണ്.

English Summary:

Discover the World Within Hours: 8 Countries You Can Reach in 5 Hours or Less!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com